Kerala

വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി; പരിശോധന ലോക്കറുകളിലേക്കും, ഡയറിലെ മറ്റ് പേരുകളില്‍ പരിശോധന പിന്നീട്

വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ശേഖരിച്ചത്.

Madism Desk

സി.എം.ആര്‍.എല്‍-എക്‌സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്യും. ടി വീണയുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയന്റെ വസതിയില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് ഇ ഡിയുടെ നീക്കം.

വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ശേഖരിച്ചത്. പിടിച്ചെടുത്ത ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ വിശകലനംചെയ്ത ശേഷവുമായിരിക്കും സമന്‍സ് നല്‍കുക. ഇതുമായി ബന്ധപ്പെട്ട തുടര്‍വിവരങ്ങള്‍ ശേഖരിക്കാനാണ് ഇ ഡി നീക്കം.

സിഎംആര്‍എല്. കമ്പനി എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, സി.എം.ആര്‍.എലിന്റെ സാമ്പത്തിക, ഐ.ടി. ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയും ചോദ്യംചെയ്യും. 200ലധികം രേഖകളാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്.

കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ നിരോധന നിയമ പ്രകാരം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പണമിടപാട് സംബന്ധിച്ച സൂചനകളുള്ള ഡയറിയിലെ മറ്റു പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയ ബാങ്ക് വിവരങ്ങളില്‍ വിശദ പരിശോധന തുടങ്ങിയിട്ടുണ്ട്. വീണയുടെ പിടിച്ചെടുത്ത ഫോണും കര്‍ത്തയുടെ ലാപ് ടോപ്പും വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചുവെന്ന് ഇ.ഡി വൃത്തങ്ങള്‍ പറയുന്നു.

പരിശോധനയ്ക്ക് പിന്നാലെ വീണാ വിജയന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും വിവരങ്ങളുണ്ട്. വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപങ്ങളില്‍ ഏറെയും സിഎംആര്‍എല്‍. കമ്പനിയുമായി ബന്ധപ്പെട്ടതാണ്. ശശിധരന്‍ കര്‍ത്തയുടേതും കുടുംബത്തിന്റേതും കമ്പനി ഉന്നത ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളാണ് ഇതിലേറെയും.

English Summary: The Enforcement Directorate (ED) is set to question T. Veena, daughter of former Chief Minister and current Opposition Leader Pinarayi Vijayan, in connection with the CMRL–Exalogic financial transactions case. The move comes shortly after the ED conducted searches at multiple locations linked to the case, including the residence of Pinarayi Vijayan. The investigation focuses on alleged financial dealings involving T. Veena and her company, Exalogic, as part of the agency's ongoing probe into the matter.