മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. രണ്ടുതവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഇ.എൻ. മോഹൻദാസ് ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
1957 സെപ്റ്റംബർ 15ന് ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം സ്വദേശിയായ പരേതനായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായാണ് ജനനം. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായും ഏറനാട് താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റായും ഡി.വൈ.എഫ്.ഐയുടെ പ്രഥമ ജില്ലാ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
സിപിഐഎം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2018ൽ പെരിന്തൽമണ്ണയിൽ നടന്ന സമ്മേളനത്തിലാണ് ഇ.എൻ. മോഹൻദാസിനെ ആദ്യമായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2021 ഡിസംബറിൽ തിരൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2024ൽ താനൂരിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
English Summary: E. N. Mohandas, a member of the Communist Party of India (Marxist) state committee, passed away at the age of 74 while undergoing treatment after a stroke at EMS Hospital in Perinthalmanna. A former Malappuram district secretary of CPI(M), he had also served in several party and organisational roles during his long political career.