ഒരിടവേളക്ക് ശേഷം വയനാട് മേപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തില്‍ പുത്തുമല സ്വദേശി ജെസി മരണപ്പെട്ടു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭര്‍ത്താവിനും പരുക്കുണ്ട്. മേപ്പാടി മേഖലയെ സംബന്ധിച്ച് ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച്, വര്‍ഷങ്ങളായി തുടരുന്ന വന്യജീവി-മനുഷ്യ സംഘര്‍ഷത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജെസി.
മേപ്പാടി കള്ളാടിയില്‍ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭര്‍ത്താവ് ഷാജിക്കും പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് മനുഷ്യ-മൃഗ സംഘര്‍ഷം പതിവാകുകയാണെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ അട്ടമല, ഏറാട്ടുകുണ്ട്, എരുമക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാന ആക്രമണങ്ങള്‍ കാരണം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അട്ടമല ഏറാട്ടുകുണ്ട് ഊരിലെ ബാലകൃഷ്ണന്‍ (27), എരുമക്കൊല്ലി പൂളക്കുന്ന് ഊരിലെ അറുമുഖന്‍ (71) എന്നിവര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. തേയിലതോട്ടത്തിനുള്ളില്‍ വെച്ചാണ് രണ്ട് പേര്‍ക്ക് നേരെയും കാട്ടാന ആക്രമണമുണ്ടായത്.
2021ല്‍ മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുകയായിരുന്ന വിനോദസഞ്ചാരിയായ കണ്ണൂര്‍ സ്വദേശി ഷഹാന കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൂടാതെ, പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും ജോലിക്ക് പോകുന്ന തോട്ടം തൊഴിലാളികള്‍ ആനകളുടെ മുന്നില്‍പ്പെടുന്നത് ഈ മേഖലയില്‍ പതിവുസംഭവമാണ്. 2023 നവംബറില്‍ ചോലമല സ്വദേശിയും തോട്ടം തൊഴിലാളിയുമായ കുഞ്ഞവറാന്‍ (58) പുലര്‍ച്ചെ ജോലിക്ക് പോകുന്നതിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും ഈ മേഖലയുടെ അപകടാവസ്ഥ വ്യക്തമാക്കുന്നതാണ്.
2024 മാര്‍ച്ചില്‍ വയനാട്-മലപ്പുറം അതിര്‍ത്തിയായ മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പരപ്പന്‍പാറ ഗോത്ര ഊരിലെ മിനി വനത്തിനുള്ളില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഭര്‍ത്താവ് സുരേഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിന് പാതിരി റിസര്‍വ് വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ വിഷ്ണു (22) കൊല്ലപ്പെട്ടിരുന്നു. പുല്‍പള്ളി കൊല്ലിവയലിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വിഷ്ണു.
ഓരോ മരണമുണ്ടാകുമ്പോഴും പ്രതിഷേധങ്ങളും താല്‍ക്കാലിക ധനസഹായ പ്രഖ്യാപനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ശാശ്വതമായ പ്രതിരോധ സംവിധാനങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണ്. സോളാര്‍ ഫെന്‍സിംഗുകളും ആനക്കിടങ്ങുകളും പലയിടത്തും തകര്‍ന്നുകിടക്കുകയാണ്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ കാര്യക്ഷമമായ ഡ്രോണ്‍ നിരീക്ഷണവും മുന്‍കൂട്ടി ജാഗ്രതാ നിര്‍ദേശം നല്‍കാനുള്ള സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഭൂപ്രകൃതിയാണ് മേപ്പാടിയുടേത്. വനമേഖലകളിലെ അനധികൃത നിര്‍മ്മാണങ്ങളും ടൂറിസം കേന്ദ്രങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കെത്താന്‍ കാരണമാകുന്നുവെന് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
English Summary: After a brief lull, another wild elephant attack has claimed a life in Meppadi, Wayanad, raising renewed concerns over human-wildlife conflict in the region. Jessie, a resident of Puthumala, died after being attacked by a wild elephant while travelling to work on a scooter with her husband. The latest incident is not an isolated case but part of a recurring pattern of elephant attacks reported in Meppadi and nearby areas over the years.