Kerala

ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ മരിച്ചു; അപകടം മലപ്പുറം മങ്കടയിൽ

വ്യൂ പോയിന്റ് സന്ദര്‍ശിക്കാന്‍ എത്തിയ ഏഴ് വിദ്യാർത്ഥികൾക്കാണ് മിന്നലേറ്റത്

Madism Desk

മലപ്പുറം ജില്ലയിലെ മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു. മങ്കടയിലെ പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. കുരങ്ങന്‍ ചോലയിലെ വ്യൂപോയിന്റ് സന്ദര്‍ശിക്കാന്‍ എത്തിയ ഏഴ് വിദ്യാർത്ഥികൾക്കാണ് മിന്നലേറ്റത്. ​പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഫഹദ് (22), സിയാദ് (18) , റഹീസ് (20), ബഹാസ് (18) എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളെല്ലാം പ്രദേശവാസികളാണ്. മങ്കടയിലെ വെള്ളില ഭാഗത്ത് പന്തല്ലൂരിലെ വ്യൂ പോയിന്‍റിലാണ് അപകടമുണ്ടായത്. മരണപ്പെട്ട നാല് പേരും മിന്നലേറ്റതിനെതുടർന്ന് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തുന്നതിനുമുന്നെ രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു.

പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്. സംഘത്തിൽ ഏഴാമതൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന വിവരം പരുക്കേറ്റ കുട്ടികളിൽ ഒരാൾ ബോധംവന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാറയിടുക്കിൽ വീണുകിടക്കുന്ന നിലയിൽ ഏഴാമത്തെ കുട്ടിയെ കണ്ടെത്തിയത്.

English Summary: Four students died after being struck by lightning in Mankada in Malappuram district. The accident occurred at Panthallur Mala in Mankada. Seven students who had come to visit the Kurangan Chola viewpoint were struck by lightning.