Kerala

മാധ്യമങ്ങളുടെ നുണപ്രചാരണം; മത്സരിക്കുന്നത് സംബന്ധിച്ച വാർത്തകളിൽ പ്രതികരിച്ച് ജി സുധാകരൻ

സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി ദിവസങ്ങൾക്ക് മുൻപാണ് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്

Madism Desk

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഒരാളോടും പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. ഇക്കാര്യം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടിയുമായും ഇതുവരെയും സംസാരിച്ചിട്ടില്ലെന്നും ഇതുമായി ബന്ധിപ്പിച്ച് ഇപ്പോൾ നടക്കുന്നതെല്ലാം മാധ്യമങ്ങളുടെ വെറും നുണ പ്രചാരണങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറെക്കാലമായി സിപിഐഎം നേതൃത്വവുമായി അഭിപ്രായ ഭിന്നതകളുമായി തുടരുന്ന ജി. സുധാകരൻ വ്യാഴാഴ്ച രാവിലെ 11-ന് വാർത്താ സമ്മേളനം നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇത് തടയാൻ പാർട്ടി ജില്ലാ ഘടകം ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നതിനു ശേഷം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ആർ. നാസർ എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർ ഒഴികെയുള്ള സെക്രട്ടേറിയറ്റംഗങ്ങൾ ജി സുധാകരനെ നേരിട്ട് സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സുധാകരനെ ഫോണിൽ വിളിച്ചു സംസാരിച്ചതായും സൂചനകളുണ്ട്.

സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി ദിവസങ്ങൾക്ക് മുൻപാണ് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയ ശേഷം തന്നെ ഒരു തവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളിൽ തന്നെ അവഗണിച്ചു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാതി പറഞ്ഞിരുന്നു. എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചുവെന്നും, ആരും അത് തിരുത്താൻ തയ്യാറായില്ല എന്നും അദ്ദേഹം വിമർശിച്ചു.

English Summary: Senior CPIM leader G. Sudhakaran dismissed media reports claiming he would contest in the upcoming Kerala Assembly elections. He stated that he has not discussed contesting with any opposition party and called the reports false. The clarification comes amid his recent differences with the CPM leadership and his decision not to renew party membership.