Kerala

ജി. സുധാകരൻ പാർട്ടിയുടെ സ്വത്ത്; സ്ഥാനാർഥി പ്രഖ്യാപനം പുനപരിശോധിക്കുന്നതാണ് പാർട്ടിക്കും സുധാകരനും നല്ലതെന്ന് എം.എ. ബേബി

'കുലം കുത്തികളെ വർഗ വഞ്ചകനെന്ന് വിളിക്കും', 'വർഗ്ഗവഞ്ചകൻ' എന്നിങ്ങനെ എഴുതിയ തരത്തിലുള്ള പ്രതിഷേധ ബാനറുകളും, പോസ്റ്ററുകളും ജി സുധാകരന്റെ വീടിനു സമീപത്ത് പ്രത്യക്ഷപ്പെട്ടു

Madism Desk

തിരുവനന്തപുരം: സംഘടനയുമായുള്ള അതൃപ്തികളെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരന്റെ നിലപാട് തിരുത്തണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ജി. സുധാകരൻ സ്ഥാനാർഥിയായി സ്വയ പ്രഖ്യാപനം നടത്തിയത് പുനരാലോചിക്കുന്നതാണ് സുധാകരനും പാർട്ടിക്കും നല്ലതെന്നാണ് എം.എ. ബേബി പറ‍ഞ്ഞു. ഇത്തരത്തിലൊരു മത്സര പ്രഖ്യാപനമുണ്ടായത് തീർത്തും ദൗർഭാഗ്യകരമായ കാര്യമാണ്. പാർട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലായിരുന്നു ഇന്നലെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചതെന്നും എം.എ. ബേബി ചൂണ്ടിക്കാണിച്ചു.

പാർട്ടി അദ്ദേഹത്തെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല, സുധാകരൻ പാ‌ർട്ടിയുടെ സ്വത്തും വലിയൊരു ഭാഗവുമാണ്. ഒരുപക്ഷെ സുധാകരനെ അധിക്ഷേപിച്ചത് വ്യാജ അക്കൗണ്ടുകളാകാം. തീരുമാനത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായി ഫോണിലൂടെ സംസാരിച്ചിരുന്നു. പാർട്ടിയുമായി ആലോചിച്ച ശേഷം മറ്റു കാര്യങ്ങൾ പ്രതികരിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.

അതേസമയം 'കുലം കുത്തികളെ വർഗ വഞ്ചകനെന്ന് വിളിക്കും', 'വർഗ്ഗവഞ്ചകൻ' എന്നിങ്ങനെ എഴുതിയ തരത്തിലുള്ള പ്രതിഷേധ ബാനറുകളും, പോസ്റ്ററുകളും ജി സുധാകരന്റെ വീടിനു സമീപത്ത് പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ വീടും പരിസരവും പൊലീസ് സുരക്ഷയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം സ്വവസതിയിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു.

മറ്റു മുന്നണികളുടെ പിന്തുണ തേടിയിട്ടില്ലെന്നും, ആരെങ്കിലും പിന്തുണയുമായി രംഗത്തുവന്നാൽ തന്നെ വാഗ്ദാനത്തിന്റെ സ്വഭാവം നോക്കി സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ നിന്നും ചില നേതാക്കന്മാരിൽ നിന്നും നേരിട്ട അവഗണനയും, ബ്രാഞ്ചിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം തുടങ്ങിയ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English Summary: M. A. Baby urged senior G. Sudhakaran to reconsider his decision to contest the upcoming assembly election as an independent candidate from Ambalappuzha. Baby said Sudhakaran remains a valuable asset of the party and that his self-announcement as a candidate was unfortunate. Sudhakaran had earlier cited neglect within the party as the reason for his decision.