തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പിന്തുണ തേടിയത് 'ചെറ്റത്തരം' ആണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ. 'ചെറ്റ' എന്ന പ്രയോഗത്തിൽ അഭിമാനമാണ് തോന്നുന്നത്. കാരണം ചെറ്റപ്പുരയും ചെറ്റക്കുടിലുമെല്ലാം അടിസ്ഥാനവർഗത്തിന്റെ വീടുകളാണ്. വാസ്തവത്തിൽ 'ചെറ്റ' എന്ന പരാമർശത്തിലൂടെ ചെറ്റപ്പുരയെയാണ് മുഖ്യമന്ത്രി ആക്ഷേപിച്ചതെന്നും ജി സുധാകരൻ പ്രതികരിച്ചു.
പതിനെട്ടാം വയസ്സ് വരെ ചാണകത്തിണ്ണയുള്ള ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. മുഖ്യമന്ത്രിയ്ക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയാത്തതു കൊണ്ടും അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ലാത്തതു കൊണ്ടും അദ്ദേഹത്തെ വിമർശിക്കുക തന്നെ ചെയ്യും. പക്ഷെ അദ്ദേഹത്തെ പോലെ ചീത്ത പറയില്ല, കാരണം ഗുരുത്വമാണ്. ചെറ്റ എന്നല്ല മറിച്ച് വറ്റ മത്സ്യം എന്ന് വിളിച്ചാലും താൻ പ്രതികരിക്കുന്നത് തിരിച്ച് ചീത്ത പറഞ്ഞുകൊണ്ടായിരിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു. യുഡിഎഫിന്റെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തന്റേത് പാർലമെന്ററി മോഹമാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞതായി കേട്ടിരുന്നു. വിജയ സാധ്യതയുള്ള മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കും. മുഖ്യമന്ത്രി 9 തവണയാണ് മത്സരിച്ചിട്ടുള്ളത്, ആ മണ്ഡലത്തിൽ ഇതുവരെ ഇടതുപക്ഷം തോറ്റ ചരിത്രമില്ല. ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കായാലും വിജയിക്കാൻ സാധിക്കും. അതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂരിന്റെ സാധ്യതകൾ. അവിടെ ആര് നിന്നാലും ജയിക്കും. എകെജി മരണം വരെ പാർലമെന്ററി മെമ്പർ ആയിരുന്നുവെന്നും ജി സുധാകരൻ പറഞ്ഞു.
മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു 'ജി സുധാകരൻ എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചതെന്ന്' മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. 'ജി സുധാകരൻ എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത്. അതിന് മറ്റൊരു വാക്കില്ല. വഞ്ചനയ്ക്ക് ഇതിൽപ്പരം വിശേഷണമുണ്ടോ? എത്ര വലിയ വഞ്ചനയാണ് കാണിച്ചത്. അദ്ദേഹത്തിൽ പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ കളഞ്ഞുകുളിച്ച് മറ്റൊരു ഗൂഢാലോചനയിൽ ഏർപ്പെടുകയും അവരുടെ പിന്തുണയോടെ സ്ഥാനാർത്ഥിയായി മാറുകയും ചെയ്യുന്നത് എത്ര വലിയ പാതകമാണ്. അതിനെ വിശേഷിപ്പിക്കാൻ സാധാരണ ഗതിയിൽ നിഘണ്ടുവിൽ മറ്റൊരു വാക്കില്ലെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.
English Summary: G. Sudhakaran responded to criticism from Pinarayi Vijayan over his UDF move, defending the term “chetta” and saying the CM lacks understanding of Malayalam nuances. He stated he takes pride in the word and criticized the remark.