Kerala

ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം; കമ്യൂണിസ്റ്റ് ഭരണമില്ലാത്ത ഇന്ത്യ, 56 വര്‍ഷത്തിനിടെ ആദ്യം

പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ കേരളം ഭരിച്ചശേഷമാണ് 35 സീറ്റുകളില്‍ ഒതുങ്ങി എല്‍ ഡി എഫ് വന്‍തോല്‍വി ഏറ്റുവാങ്ങിയത്

Political Desk

രാജ്യത്ത് തന്നെ അവശേഷിച്ചിരുന്ന ഏക കമ്മ്യൂണിസ്റ്റ് ഭരണപ്രദേശമായ കേരളം ഇത്തവണ യു ഡി എഫിന്റെ കൈപിടിച്ചതോടെ 56 വര്‍ഷത്തിനിടെ ആദ്യമായി ഇടതുപക്ഷം ഭരണത്തില്‍ നിന്നും പുറത്തായി. പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ കേരളം ഭരിച്ചശേഷമാണ് 35 സീറ്റുകളില്‍ ഒതുങ്ങി എല്‍ ഡി എഫ് വന്‍തോല്‍വി ഏറ്റുവാങ്ങിയത്.

2021ല്‍ 99 സീറ്റുകള്‍ നേടിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടിയത്. മൂന്നാമതും ഭരണത്തില്‍ എത്താമെന്ന ആത്മവിശ്വാസം വാനോളം എല്‍ ഡി എഫിന് ഉണ്ടായിരുന്നു. എന്നാല്‍ 102 സീറ്റിൽ വിജയം നേടി യു ഡി എഫ് ആ ആത്മവിശ്വാസം അട്ടിമറിച്ചു. ചരിത്രപരമായി കേരളത്തിലെ ആദ്യ മുഖ്യമന്ത്രി തന്നെ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു-ഇ.എം.എസ് നമ്പൂതിരിപ്പാട്. 1957-ല്‍ കലാവധി തികയ്ക്കുന്നത് മുമ്പ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് 1967-ലാണ് സി പി എം വീണ്ടും കേരളത്തില്‍ ഭരണത്തില്‍ വന്നത്.

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം ഇടതുഭരണമുണ്ടായത് പശ്ചിമ ബംഗാളിലാണ്. 1977 മുതല്‍ 2011-ല്‍ ഭരണം നഷ്ടപ്പെടുന്നതുവരെ 34 വര്‍ഷം ഇവിടെ ഇടതുഭരണം തുടര്‍ന്നു. 1977ല്‍ 178 സീറ്റ് നേടിയാണ് സി പി എം ബംഗാളില്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നുള്ള നാല് നിയമസഭകളിലും വന്‍ വിജയം നേടി ജ്യോതി ബസു മുഖ്യമന്ത്രിയായി. 2001 മുതല്‍ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യയാണ് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നത്.

2011 ലെ തിരഞ്ഞെടുപ്പിലാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരം പിടിച്ചത്. അന്ന് 40 സീറ്റിലാണ് സി പി എം വിജയിച്ചത്. പിന്നീട് ബംഗാളില്‍ സി പി എമ്മിന് ഒരു തിരിച്ചുവരവുണ്ടായില്ല. 2016ല്‍ 26 സീറ്റിലേക്ക് ഒതുങ്ങിയ സി പി എമ്മിന്, കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച 2021ല്‍ ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ ഒരു സീറ്റിൽ സിപിഎം തിരിച്ചുവരവ് നടത്തി.

ബംഗാളിനുശേഷം, 2018-ല്‍ കാല്‍നൂറ്റാണ്ടായി ഭരിച്ച ത്രിപുരയും നഷ്ടമായി. ബി ജെ പി അധികാരത്തിലെത്തി. പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടി തകര്‍ന്നടിയുന്നതാണ് കണ്ടത്. ഇതോടെ രാജ്യത്ത് ഇടതുമുഖ്യമന്ത്രി കേരളത്തില്‍ മാത്രമായി ചുരുങ്ങി. കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ മറ്റൊന്നാണെന്നത് സി പി എമ്മിന് ആശ്വസിക്കാം. എപ്പോഴൊക്കെ ഭരണം നഷ്ടപ്പെട്ടുവോ, അന്നൊക്കെ അഞ്ചുവര്‍ഷത്തിനപ്പുറം തിരിച്ചെത്താന്‍ സി പി എമ്മിന് സാധിച്ചിരുന്നു.

സി പിഎമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയുണ്ടായത് 2001-ലാണ്. അന്ന് കേവലം 23 സീറ്റുകളിലാണ് സി പി എം വിജയിച്ചത്. 10 വര്‍ഷത്തിനുശേഷം കടുത്ത ഭരണവിരുദ്ധവികാരത്തിനിടയിലും അന്നത്തെ നിലയിലേക്ക് വീണിട്ടില്ലെന്നത് സി പി എമ്മിന് ആശ്വാസമാണ്.

English Summary: The political landscape of India has seen a historic shift as the LDF lost its final remaining bastion in the 2026 Kerala Assembly Election. With this defeat, the Left has been voted out of power in India for the first time in 56 years.