പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം താളംതെറ്റി. ബിലാസ്പുർ– തിരുനൽവേലി എക്സ്പ്രസാണ് പാളം തെറ്റിയത്. മൺകൂനയിലേക്ക് ഇടിച്ചു കയറിയ ട്രെയിൻ കുറച്ച് ദൂരം മണ്ണുമായി ട്രാക്കിലൂടെ ഇഴഞ്ഞുനീങ്ങിയ ശേഷം പാളം തെറ്റുകയായിരുന്നു. മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. തുടർന്ന് ഇതുവഴി കടന്നുപോകവെ ട്രെയിന്‍ എന്ജിന് പാളം തെറ്റുകയായിരുന്നു. പാറശാല റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മണ്ണിടിച്ചിൽ.
മണ്ണിടിച്ചിലിനെത്തുടർന്ന് ആറ് പാസഞ്ചർ ട്രെയിനുകളാണ് ദക്ഷിണ റെയിൽവെ പൂർണമായും റദ്ദാക്കിയത്. രാവിലെ 6.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ, വൈകിട്ട് 6.20ന് പുറപ്പെടേണ്ടിയിരുന്ന നാഗർകോവിൽ ജങ്ഷൻ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ രാവിലെ 6.25ന് പുറപ്പെടേണ്ടിയിരുന്ന നാഗർകോവിൽ ജങ്ഷൻ-കൊല്ലം ജങ്ഷൻ പാസഞ്ചർ, വൈകിട്ട് 3.35ന് പുറപ്പെടേണ്ടിയിരുന്ന കൊല്ലം ജങ്ഷൻ-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ എന്നിവ റദ്ദാക്കി.
ഇതിന് പുറമെ രാവിലെ 7.55നുള്ള നാഗർകോവിൽ ജങ്ഷൻ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, ഉച്ചയ്ക്ക് 1.25നുള്ള തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ എന്നിവയും യാത്ര നടത്തില്ലെന്ന് റെയിൽവെ അറിയിച്ചു. തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ, നാഗർകോവിൽ-കൊല്ലം പാസഞ്ചറുകൾ വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇവ പൂർണമായും റദ്ദാക്കിയതായി പുതിയ അറിയിപ്പിൽ വ്യക്തമാക്കുകയായിരുന്നു.
അഞ്ച് ട്രെയിനുകളാണ് വൈകിയോടുന്നത്. പുലർച്ചെ 3.45ന് പുറപ്പെടേണ്ടിയിരുന്ന കന്യാകുമാരി-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് മൂന്ന് മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ ഏഴ് മണിക്ക് പുറപ്പെട്ടു. രാവിലെ 9.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന പുനലൂർ-കന്യാകുമാരി പാസഞ്ചർ, രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെൻട്രൽ-താംബരം എക്സ്പ്രസ് എന്നിവ വൈകും. ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ്, പൂനെ-കന്യാകുമാരി എക്സ്പ്രസ് എന്നിവയും വൈകിയോടുമെന്നാണ് അറിയിപ്പ്.
മൂന്ന് ട്രെയിനുകൾ വഴിമധ്യേ പിടിച്ചിട്ടിരിക്കുകയാണ്. താംബരം-തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് നാംഗുനേരി സ്റ്റേഷനിലും മധുര-പുനലൂർ എക്സ്പ്രസ് നോർത്ത് പനക്കുടി സ്റ്റേഷനിലും താംബരം-തിരുവനന്തപുരം സെൻട്രൽ സ്പെഷൽ ഇറണിയൽ സ്റ്റേഷനിലുമാണ് പിടിച്ചിട്ടിരിക്കുന്നത്.
ട്രെയിൻ വേഗത കുറച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരും പൂർണമായും സുരക്ഷിതരാണെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ യാത്ര അവസാനിപ്പിച്ചു
ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. യാത്രക്കാർ റെയിൽവെയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സ്റ്റേഷനുകളിൽ എത്തുന്നതിന് മുൻപ് ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Train services were disrupted after a landslide deposited soil on the railway tracks at Parassala. The Bilaspur–Tirunelveli Express derailed after crashing into the mound of earth. The train dragged the soil along the tracks for some distance before derailing. Efforts to clear the debris are ongoing. No one was injured in the accident.