ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈനിലൂടെ പണം തട്ടിയെന്ന് പരാതി. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ആളുകളിൽ നിന്ന് പണം വാങ്ങിയത്. വിവിധ ജില്ലകളിൽ നിന്നായി ആറന്മുള ക്ഷേത്രത്തിലെത്തിയപ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായതായി പരാതിക്കാർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
5,000 രൂപ മുതൽ പതിനായിരം രൂപ വരെയാണ് പലരിൽ നിന്നായി പ്രതികൾ തട്ടിയെടുത്തതെന്നാണ് പരാതി. കൊല്ലം സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് ഇന്ന് ആറന്മുള ക്ഷേത്രത്തിലെത്തിയപ്പോൾ തട്ടിപ്പിനിരയായത് തിരിച്ചറിഞ്ഞത്. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ വിപിൻ ദാസ് എന്നയാളാണ് സമൂഹമാധ്യമങ്ങളിലൂടെ വള്ളസദ്യയുടെ പേരിൽ പരസ്യം നൽകിയിരുന്നത്. താൽപര്യം പ്രകടിപ്പിക്കുന്നവരുമായി ചാറ്റ് ചെയ്ത് വള്ളസദ്യയ്ക്കും താമസത്തിനും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ആറന്മുളയിൽ ഒരുക്കി നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു.
എന്നാൽ പണം കൈപ്പറ്റിയ ശേഷം ക്ഷേത്രത്തിലെത്തുന്ന സമയത്ത് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയില്ലെന്നാണ് പരാതിക്കാർ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ സമാന രീതിയിൽ തട്ടിപ്പിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഭിച്ച ആദ്യ പരാതികളിലൊന്നിലാണ് ആറന്മുള പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇതേ പ്രശ്നത്തിൽ കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. ആറന്മുള ക്ഷേത്രത്തിൽ മൂന്ന് രീതിയിലാണ് വള്ളസദ്യയിൽ പങ്കെടുക്കാൻ സൗകര്യമുള്ളത്. വഴിപാട് ബുക്ക് ചെയ്തവർക്ക് സദ്യ കഴിക്കാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെയും വള്ളസദ്യയിൽ പങ്കെടുക്കാം. കൂടാതെ പള്ളിയോട സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ് വഴിയും സദ്യ ലഭിക്കും. സീസൺ ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ സ്പെഷ്യൽ പാസുകൾ പൂർണമായും ബുക്ക് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വള്ളസദ്യ ഒരുക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയത്.
Police have registered a case and launched an investigation into an online fraud in which a person posing as a Devaswom Board employee allegedly collected money by promising to arrange Aranmula Vallasadya. A group including people from Kollam collected between ₹5,000 and ₹10,000 from several individuals. The complainants realised they had been duped only after reaching the temple. Police have received more complaints in connection with the fraud.