Suhail. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കഴിയുന്നത്ര പിന്തുണയ്ക്കുമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അവർ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നൂഹ സജീവ് പ്രതികരിച്ചത്.
സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന എത്രത്തോളം വലുതാണെന്ന് തനിക്ക് മനസ്സിലാകുമെന്ന് നൂഹ സജീവ് പറഞ്ഞു. മൂന്ന് കുഞ്ഞുങ്ങളുടെ ജീവനുകൾ നഷ്ടപ്പെട്ട സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മക്കളെ നഷ്ടപ്പെടുമ്പോൾ അച്ഛനമ്മമാർ അനുഭവിക്കുന്ന വേദന ചിന്തിക്കുന്നതിനും അപ്പുറമാണ്. തന്റെ വാക്കുകൾക്ക് അവരുടെ ദുഃഖം കുറയ്ക്കാൻ കഴിയില്ലെന്ന് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു.
അപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും അന്വേഷണത്തിൽ പൂർണമായ സത്യസന്ധത ഉറപ്പാക്കണമെന്നും നൂഹ സജീവ് ആവശ്യപ്പെട്ടു. സംഭവത്തിൽ യഥാർഥ വസ്തുതകൾ പുറത്തുവരണം. അസത്യമായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തുവരുമ്പോൾ സത്യസന്ധത ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാമെന്നും തങ്ങളോടുള്ള ദേഷ്യവും വിദ്വേഷവും പലർക്കുമുണ്ടാകാമെന്ന് മനസ്സിലാക്കുന്നുവെന്നും നൂഹ സജീവ് പറഞ്ഞു. എന്നാൽ, നിലവിലെ സാഹചര്യം തനിക്കും കുടുംബത്തിനും ഏറെ പ്രയാസകരമാണ്. അതിനാൽ ഈ ഘട്ടത്തിൽ തങ്ങൾക്കു കുറച്ചെങ്കിലും സ്വകാര്യത അനുവദിക്കണമെന്നും അവർ അഭ്യർഥിച്ചു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖം മനസ്സിലാക്കുന്നുവെന്നും അവരെ കഴിയുന്നത്ര പിന്തുണയ്ക്കാൻ ശ്രമിക്കുമെന്നും വ്യക്തമാക്കിയ നൂഹ സജീവ്, കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്ന നിലപാടും ആവർത്തിച്ചു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട നിയമനടപടികളും അന്വേഷണത്തിന്റെ പുരോഗതിയും കേസിലെ വസ്തുതകൾ വ്യക്തമാക്കുന്നതിൽ നിർണായകമാകും
പ്രതികളെ തഴഞ്ഞ് കോടതിയും
മിനി കൂപ്പർ കാർ അപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ റദ്ദാക്കി. അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. വെള്ളിയാഴ്ച ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ശനിയാഴ്ച ഉച്ചയോടെയാണ് വിധി പ്രസ്താവിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. അപകടത്തിൽ സ്കൂട്ടറിൽ മൂന്ന് പേർ യാത്ര ചെയ്തിരുന്നതും അപകടത്തിന്റെ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദങ്ങൾ. എഫ് ഐ ആറിൽ പരാമർശിച്ചിരിക്കുന്ന ദൃക്സാക്ഷിയുടെ മൊഴിയിൽ ദുരൂഹതയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് ചുമത്താൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും മാധ്യമശ്രദ്ധ നേടുന്നതിനായി പൊലീസ് ബോധപൂർവം ശ്രമിച്ചെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ, സ്കൂട്ടറിൽ മൂന്ന് പേർ യാത്ര ചെയ്തതുകൊണ്ടാണോ കാർ ഇടിച്ചുകയറ്റിയതെന്ന ചോദ്യം കോടതി ഉന്നയിച്ചു. അപകടത്തിൽ മരിച്ചവരുടെ ഭാഗത്തേക്ക് കുറ്റം ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടിൽ പ്രോസിക്യൂഷൻ ഉറച്ചുനിന്നു. പ്രതികൾ മദ്യപിച്ചിരുന്നതായി രക്ത, മൂത്ര പരിശോധനാ ഫലങ്ങളിൽ വ്യക്തമായിട്ടുണ്ടെന്നും ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ 19 വയസ്സുകാരൻ സുഹൈലിന് താൻ ചെയ്ത പ്രവൃത്തിയുടെ ഗൗരവവും അതിന്റെ പ്രത്യാഘാതങ്ങളും മനസ്സിലാക്കാനുള്ള പ്രായവും ബോധവുമുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അപകടത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാക്കുന്നതിനായി മിനി കൂപ്പർ കാറിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ പരിശോധന പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. അപകടസമയത്തെ വാഹനത്തിന്റെ പ്രവർത്തനവും സംഭവത്തിന്റെ ആഘാതവും സംബന്ധിച്ച നിർണായക വിവരങ്ങൾ പരിശോധനയിലൂടെ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. അന്വേഷണം നിർണായക ഘട്ടത്തിൽ തുടരുന്നതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്ന പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടക്കേസിൽ അന്വേഷണത്തിന്റെ തുടർനടപടികളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഇനി നിർണായകമാകും.
Suhail’s mother, Nooha Sajeev, expressed grief over the deaths of three children in the Mini Cooper car accident and said she would support the bereaved families. Calling for a fair investigation into the case, she also urged people to stop spreading false information and respect her family’s privacy.