Kerala

ഐഎഎസുകാരുടെ കൂട്ട സ്ഥലമാറ്റം സിവിൽ സർവീസ് ബോർഡ് ചേരാതെ; കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ

സിവിൽ സർവീസ് ബോർഡ് ചേർന്ന ശേഷം മാത്രമേ സ്ഥലംമാറ്റം നടത്താവൂവെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു.

Madism Desk

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിൽ കടുത്ത അതൃപ്തി. സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലംമാറ്റം നടത്തിയതെന്നതാണ് പ്രധാന വിമർശനം. ബോർഡിന്റെ ശുപാർശയില്ലാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ നേരത്തെ ബി. അശോക് കോടതിയെ സമീപിച്ചിരുന്നു. സിവിൽ സർവീസ് ബോർഡ് ചേർന്ന ശേഷം മാത്രമേ സ്ഥലംമാറ്റം നടത്താവൂവെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം ലംഘിച്ച് മണിക്കൂറുകൾക്കുള്ളിൽ കൂട്ടസ്ഥലംമാറ്റം നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയാണ് സർക്കാർ നടത്തിയത്. എം.ജി. രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി എൻ. പ്രശാന്തിനെ നിയമിച്ചു. ഷർമിള മേരി ജോസഫിന് പകരം മുഹമ്മദ് ഹനീഷ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി. കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്കും മിൻഹാജ് ആലമിനെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.

ഇന്നലെയാണ് സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വീണ്ടും വൻ അഴിച്ചുപണിയെന്ന വാർത്ത പുറത്തുവന്നത്. വിവിധ വകുപ്പുകളിലെ പ്രധാന തസ്തികകളിൽ മാറ്റം വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ മാറ്റി എൻ പ്രശാന്തിനെ പുതിയ ചെയർമാനായി നിയമിച്ചു. ഭരണതലത്തിലെ നിർണായകമായ മറ്റൊരു മാറ്റമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷർമിള മേരി ജോസഫിനെയും മാറ്റിയിട്ടുണ്ട്.

പകരം മുഹമ്മദ് ഹനീഷിനാണ് ആരോഗ്യവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്.കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയതും പുതിയ ഉത്തരവിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. അതേസമയം, മിൻഹാജ് ആലത്തെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. സംസ്ഥാന ഭരണസംവിധാനത്തിലെ സുപ്രധാന വകുപ്പുകളിലാണ് പുതിയ ഉത്തരവിലൂടെ മാറ്റങ്ങളുണ്ടായിരിക്കുന്നത്. കെഎസ്ഇബി, ആരോഗ്യം, ആഭ്യന്തരം, ധനകാര്യം തുടങ്ങിയ നിർണായക മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് പുനഃക്രമീകരണം.

രാജമാണിക്യത്തിന്റെ മാറ്റത്തിന് കാരണം ഡെൻഡർ ഇല്ലാതെ വൈ​ദ്യുതി വാങ്ങുന്നത് എതിർത്തത്

കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയതിന് പിന്നിൽ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന. ടെൻഡർ നടപടികളില്ലാതെ സ്വകാര്യ കമ്പനിയായ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ രാജമാണിക്യം എതിർത്തതാണ് ഭരണതലത്തിലെ അതൃപ്തിക്ക് കാരണമായതെന്നാണ് വിവരം. പകരം, ഹിമാചൽ പ്രദേശ് മുന്നോട്ടുവെച്ച വൈദ്യുതി വാങ്ങൽ നിർദേശമാണ് കെഎസ്ഇബി ചെയർമാൻ അനുകൂലിച്ചത്.

അഞ്ച് മാസത്തേക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദേശത്തിന് യൂണിറ്റിന് 8.63 രൂപയായിരുന്നു നിരക്ക്. ഇതനുസരിച്ച് ഏകദേശം 1,566 കോടി രൂപ ചെലവാകുമെന്നാണ് കെഎസ്ഇബിയുടെ കണക്ക്. എന്നാൽ, ഈ വൈദ്യുതി വാങ്ങിയാലും പീക്ക് സമയത്തെ അധിക ആവശ്യം പരിഹരിക്കാനാകില്ലെന്നും അതിനാൽ തത്സമയ വിപണിയിൽ നിന്ന് വീണ്ടും വൈദ്യുതി വാങ്ങേണ്ടിവരുമെന്നും ബോർഡ് വിലയിരുത്തി. ഒടിസി പ്ലാറ്റ്‌ഫോം വഴിയുള്ള ഹ്രസ്വകാല കരാറിന് നിയമസാധുതയുണ്ടോ, റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കുമോ തുടങ്ങിയ ആശങ്കകളും കെഎസ്ഇബി ഉന്നയിച്ചു.അതേസമയം, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നിർദേശത്തിനായിരുന്നു കെഎസ്ഇബിയുടെ പിന്തുണ.

നിരക്ക് കൂടുതലാണെങ്കിലും മാർച്ച് വരെ വൈദ്യുതി വാങ്ങുന്നതിന് ഏകദേശം 1,281 കോടി രൂപ മാത്രമേ ചെലവാകൂവെന്നാണ് കണക്ക്. പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നതും മേയ് വരെ ലഭ്യത ഉറപ്പാക്കാമെന്നതും ഈ നിർദേശത്തിന്റെ നേട്ടങ്ങളായി ചൂണ്ടിക്കാട്ടി. കെഎസ്ഇബിയുടെ നിലപാടിനെ വൈദ്യുതി മന്ത്രി സണ്ണി ജോസഫും പിന്തുണച്ചിരുന്നു. കരാർ വ്യവസ്ഥകൾ സംബന്ധിച്ച വ്യക്തതയില്ലായ്മയും വൈദ്യുതിയുടെ ഉറവിടം സംബന്ധിച്ച സംശയങ്ങളും മന്ത്രി ഫയലിൽ രേഖപ്പെടുത്തി.ഹിമാചൽ പ്രദേശിന്റെ വാഗ്ദാനം 22-ന് മുമ്പ് സ്വീകരിച്ചില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങൾ വൈദ്യുതി വാങ്ങുമെന്ന മുന്നറിയിപ്പോടെയാണ് അടിയന്തര തീരുമാനത്തിനായി ഒക്ടോബർ 19-ന് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാൽ, തുടർനടപടികളിൽ കാലതാമസമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. ഒക്ടോബർ 23-ന് ജിഎൻഎ എനർജിയുടെ കത്ത് കെഎസ്ഇബിക്ക് ലഭിച്ചു.ഇരു നിർദേശങ്ങളും താരതമ്യം ചെയ്ത് തീരുമാനമെടുക്കുന്നതിനായി ഒക്ടോബർ 24-ന് അനുബന്ധ ഫയലും തുറന്നു.

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി സർക്കാരിൽ സമ്മർദം ശക്തമായപ്പോഴും ഹിമാചൽ ഇടപാടാണ് കൂടുതൽ ഗുണകരമെന്ന നിലപാടിൽ രാജമാണിക്യം ഉറച്ചുനിന്നതായാണ് വിവരം.ഹിമാചലിൽ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 14.50 രൂപ നൽകാനാകില്ലെന്ന മറുവാദവും ഇതിനിടെ ഉയർന്നു. ഇരു നിർദേശങ്ങളിലൊന്ന് തിരഞ്ഞെടുക്കുന്നതിൽ സർക്കാരിനുള്ളിലെ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി എം ജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയത്.പകരം എൻ. പ്രശാന്തിനെ പുതിയ ചെയർമാനായി നിയമിച്ചു. പുനീത് കുമാറിനാണ് ഊർജവകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട നിലപാടുകളാണോ രാജമാണിക്യത്തിന്റെ സ്ഥാനമാറ്റത്തിലേക്ക് നയിച്ചതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, സ്ഥാനമാറ്റത്തിന് പിന്നിലെ ഔദ്യോഗിക കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല.

Strong criticism has emerged over the mass transfer of IAS officers without the recommendation of the Civil Services Board. The transfer of M. G. Rajamanickam is reportedly linked to a power procurement dispute. The government order also introduced major changes in the Health, Finance and Home departments.