Kerala

'നിർണായക സാക്ഷികളെ ഹാജരാക്കുന്നതിൽ പാർട്ടി‌ നേതൃത്വത്തിന് വീഴ്ച്ച പറ്റി'; ഷുക്കൂർ വധക്കേസില്‍ ലീ​ഗിൽ പുതിയ തര്‍ക്കം

വിചാരണയ്ക്കിടെ പ്രധാന സാക്ഷികൾ കോടതിയിലെത്താതിരുന്നതാണ് ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് തിരിച്ചടിയായതെന്നാണ് വിമർശനം

Madism Desk

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കേസിലെ നിർണായക സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന വിമർശനമാണ് ഒരു വിഭാഗം പ്രവർത്തകർ ഉയർത്തുന്നത്. വിചാരണയ്ക്കിടെ പ്രധാന സാക്ഷികൾ കോടതിയിലെത്താതിരുന്നതാണ് ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് തിരിച്ചടിയായതെന്നാണ് വിമർശനം. അതേസമയം, കേസിന്റെ നടത്തിപ്പിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി എൻ ഷംസുദ്ദീനും ആവശ്യപ്പെട്ടു.

എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും മുൻ എംഎൽഎ ടി.വി. രാജേഷിനും കേസിൽ നിന്ന് ഒഴിവാകാൻ വഴിയൊരുങ്ങിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽവെച്ച് ഇരുവരുടെയും നേതൃത്വത്തിൽ ഷുക്കൂറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.

കേസിൽ നിർണായകമായേക്കാവുന്ന മൊഴികൾ നൽകിയ രണ്ട് സാക്ഷികളാണ് വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതിരുന്നത്. മുഹമ്മദ് സാബിർ, പി.പി. അബൂബ് എന്നിവരായിരുന്നു ഈ സാക്ഷികൾ. ഷുക്കൂറിനെ കൈകാര്യം ചെയ്യണമെന്ന് നേതാക്കൾ നിർദേശം നൽകുന്നത് കേട്ടെന്നായിരുന്നു ഇരുവരും നേരത്തെ നൽകിയ മൊഴി. എന്നാൽ, സിബിഐ കോടതിയിലെ വിചാരണവേളയിൽ ഇവർ ഹാജരാകാതിരുന്നതോടെ ഗൂഢാലോചനാ ആരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടു. സാക്ഷികളെ കോടതിയിലെത്തിക്കാൻ കഴിയാതിരുന്നത് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആരോപണം.

വിധി പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലെ വിമർശനങ്ങൾ ശക്തമായത്. കേസിന്റെ നടത്തിപ്പിൽ വീഴ്ചയുണ്ടായെന്നും സിപിഎം നേതാക്കളുമായി ചിലർ ഒത്തുതീർപ്പിന് ശ്രമിച്ചെന്നുമുള്ള ആരോപണങ്ങളും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ, ഇത്തരം ആരോപണങ്ങൾക്കു പിന്നിലെ വസ്തുതകൾ പരിശോധിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. കേസിന്റെ വിചാരണ നടന്ന സമയത്ത് കേരളത്തിൽ സിപിഎം ഭരണമായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. സാക്ഷികളെ ഹാജരാക്കുന്നതിലോ കേസ് നടത്തിപ്പിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സാക്ഷികൾ കോടതിയിൽ ഹാജരാകാതിരുന്നത് പാർട്ടി നേതൃത്വത്തിന്റെ വീഴ്ചയല്ലെന്നാണ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. സിപിഎം ഭാഗത്തുനിന്നുള്ള ഭീഷണിയാണ് സാക്ഷികളുടെ പിന്മാറ്റത്തിന് കാരണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വാദം. കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കെതിരെ മേൽക്കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുമെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, കേസിലെ കോടതി വിധിയുടെ പേരിൽ പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ആരോപിച്ച് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചെലേരി പൊലീസിൽ പരാതി നൽകി. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നതായും ഷുക്കൂർ വധക്കേസ് വിധി ഉപയോഗിച്ച് പാർട്ടി പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ചിലരുടെ നീക്കമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ വിധിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾ മുസ്ലിം ലീഗിനുള്ളിൽ പുതിയ രാഷ്ട്രീയ വിവാദത്തിനും സംഘടനാപരമായ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

The dispute within the Indian Union Muslim League (IUML) is intensifying over alleged lapses in producing key witnesses in the Arayil Shukkur murder case. Party workers allege that the prosecution's failure to prove the conspiracy charge was due to shortcomings on the part of the party leadership. Minister N. Shamsuddin has called for an inquiry into whether there were any lapses in handling the case.