ഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞതിൽ രൂക്ഷ വിമർശനവുമായി എംപി ജോൺ ബ്രിട്ടാസ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണെന്നിതെന്നും ഡോളിനെതിരെ രൂപയുടെ മൂല്യമിടിയുന്നതിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഒരക്ഷരം പോലും ഉരിയാടിയില്ലെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു. കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും കേരളത്തിന് വേണ്ടി പ്രഖ്യാപിക്കാമായിരുന്നു. ഇ ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ഒന്നുമില്ലെന്നും ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷയെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തിനായിട്ട് ഒന്നുമില്ല. അതിവേഗ റെയിൽവേ പദ്ധതിയടക്കം ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ധാതു സമ്പത്ത് കടത്താനുള്ള പദ്ധതിയാണോ പ്രഖ്യാപിച്ചിരിക്കുന്നതെന്ന സംശയം നേരത്തെ മന്ത്രി പി രാജീവും ഉന്നയിച്ചിരുന്നു. കേരളം നേരത്തെ പ്രഖ്യാപിച്ച പദ്ധതിയാണ് ധാതുക്കളുടെ ഖനനമെന്നും ഇതിൽ കേന്ദ്ര താൽപ്പര്യങ്ങൾ സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിലെ ബിജെപി നേതൃത്വം ബജറ്റിന് പിന്നാലെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ നേരത്തെ മന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നു.
ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തിന്റെ നിർണായകമായ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ കേരളം ബോധിപ്പിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കെ എൻ ബാലഗോപാൽ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചത്. പ്രവാസി പാക്കേജുകളും കേരളത്തിന്റെ എയിംസെന്ന സ്വപ്നവും ശബരി റെയിലും ഉൾപ്പടെയുള്ള കാര്യങ്ങളാണ് കേരളത്തിന്റെ പട്ടികയിലുള്ളത്.
കൂടാതെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം കേരളത്തിന് നൽകാനുള്ള 21000 കോടി രൂപ പ്രത്യേക സാമ്പത്തിക പാക്കേജായി അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിബി ജി റാം ജിയിൽ കേന്ദ്ര വിഹിതം കുറഞ്ഞതിലുള്ള ബാധ്യതയും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇപ്പോൾ പദ്ധതികളുടെ 40 ശതമാനം വഹിക്കുന്നത് സംസ്ഥാനങ്ങളാണ്, ഇത് വലിയ സാമ്പത്തിക ഞെരുക്കത്തിന് വഴി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര പദ്ധതികൾക്ക് നൽകുന്ന കേന്ദ്ര വിഹിതം 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങൾക്ക് രക്ഷാപദ്ധതികൾ, അംഗനവാടി ജീവനക്കാർ, ആശാ വർക്കർ തുടങ്ങിയവരുടെ ഓണറേറിയം, സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങിയവയുടെ ഫണ്ടുകൾ വർധിപ്പിക്കുക, കേരളത്തിലെ പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഫണ്ടുകളും പ്രവാസി പുനരധിവാസത്തിനായുള്ള പാക്കേജും കേരളത്തിന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
ശബരി റെയിൽപാത പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുകയും, കൊല്ലം - ചെങ്കോട്ട റെയിൽവേ വരെ നീട്ടുകയും, ഈ പാത വിഴിഞ്ഞം തുറമുഖമായി ബന്ധിപ്പിക്കണമെന്നും കേരളം കേന്ദ്രത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി റെയിൽ കണക്ടിവിറ്റി, ഗ്രീൻ ഹൈഡ്രജൻ ഹബ് തുടങ്ങിയ സൗകര്യങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര സഹായം വേണമെന്നും ഭാരത് മാല പദ്ധതിയിൽ വിഴിഞ്ഞം ഉൾപ്പെടുത്താനും കേരളം ആവിശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് വലിയ ഭീക്ഷണി ഉയരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ 1000 കോടിയുടെ പദ്ധതി, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എഫ്സിഐയിൽ കുടിശ്ശികയായ 2000 കോടി ലഭിക്കുക, 1000 കോടിയുടെ റബർ വില സ്ഥിരത ഫണ്ട് സഹായം, റബർ വില ഉയർത്തുക തുടങ്ങി പ്രധാനപ്പെട്ട ഒരുപാട് ആവശ്യങ്ങളും നിർദ്ദേശങ്ങളും കേരളത്തിന്റെ പട്ടികയിലുണ്ട്.
English Summary: MP John Brittas sharply criticized the Union Budget for completely ignoring Kerala, calling it a “budget that bypassed the state.” He accused the government of misleading people by using E. Sreedharan’s name without any concrete announcements for Kerala, such as high-speed rail projects.