ജഡ്ജിയുടെ മകൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് തട്ടുകടയുടമ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. 17 കാരൻ രാത്രി കാറുമായി ഇറങ്ങിയത് റീൽസ് ചിത്രീകരിക്കാനെന്ന് പൊലീസ്. ഇയാൾ 104 കിലോമീറ്റർ വരെ വേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ ഇന്നലെ ഏറെ വൈകിയും നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു.
പിന്നീട് കുട്ടിയെ പിടികൂടി, എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ബോർഡ് രാത്രി 1 മണിയോടെ ജാമ്യം അനുവദിച്ചു. മരിച്ച നോർത്ത് പറവൂർ സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം രാത്രി വൈകിയും പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. ഒടുവിൽ പൊലീസ് നടത്തിയ ചർച്ചയോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. നിസ്സാര വകുപ്പിട്ട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പിന്നീട് കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തി. വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അതിവേഗത്തിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ 17കാരന്റെ മൊബൈൽ ഫോണിൽനിന്ന് കണ്ടെത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതും അമിതവേഗത്തിൽ വാഹനം ഓടിച്ചതുമാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അപകടത്തിന് പിന്നാലെ പിടിയിലായ 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമായി. രാത്രി വൈകിയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സി.പി.എം, ഡി.വൈ.എഫ്.ഐ, ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ നേരത്തേ വിവിധ സമയങ്ങളിലായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു.
17കാരന്റെ പിതാവായ ജഡ്ജിയുടെ സ്വാധീനത്തെ തുടർന്നാണ് മകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ജഡ്ജിക്കെതിരെ കേസെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ജയബാലകൃഷ്ണന്റെ കുടുംബം മുന്നോട്ടുവയ്ക്കുന്നത്. അപകടത്തിന് പിന്നാലെ ജഡ്ജി ധാർഷ്ട്യത്തോടെയാണ് സംസാരിച്ചതെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ നേരത്തേ ആരോപിച്ചിരുന്നു. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ജഡ്ജിക്കെതിരെയും കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇന്നലെ രാവിലെ മൂന്ന് മണിക്കാണ് സംഭവം. തട്ടുകട അടച്ച് ജയബാലകൃഷ്ണൻ വീട്ടിലേക്ക് പോകുമ്പോൾ സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജയബാലകൃഷ്ണൻ തെറിച്ചുവീണു. ബെൻസ് കാർ ആണ് പതിനേഴുകാരൻ ഓടിച്ചത്. അശ്രദ്ധമായി വാഹനം ഓടിക്കൽ, മനഃപൂർവ്വമല്ലാത്ത നരഹത്യ എന്നി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് വിവരം തിരക്കിയപ്പോൾ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിക്കുന്നു. 'നിങ്ങൾ എന്നെ ചോദ്യം ചെയ്യാൻ വരേണ്ട' എന്ന് പറഞ്ഞാണ് തട്ടിക്കയറിയതെന്ന് ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി പറഞ്ഞു. കേസുമായി മുന്നോട്ടുപോകുമെന്നും സഹോദരീപുത്രി വ്യക്തമാക്കി.
Protests intensified over the death of a roadside eatery owner who was killed after a judge’s son allegedly drove a car at 104 kmph and hit a scooter. Following an outcry over the release of the 17-year-old on station bail, the Home Minister intervened, leading to the teenager’s re-arrest. The victim’s family has also demanded that a case be registered against the judge.