Kerala

'കെ റെയിൽ' അടഞ്ഞ അധ്യായം, മഞ്ഞ കുറ്റികൾ ഉടനടി മാറ്റും; ബിനോയ് വിശ്വം

എയിംസ് വരും എന്ന് പറയുന്നത്, 'കോഴിക്ക് മുല വരും' എന്ന് പറയുന്ന പോലെ ആക്കരുതെന്ന് ബിനോയ് വിശ്വം പരിഹസിച്ചു.

Madism Desk

കെ റെയിൽ ഒരു അടഞ്ഞ അധ്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന് അതിവേഗ റെയിൽ പാതയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല, ഇക്കാര്യത്തിൽ കേരളത്തിന് പിടിവാശിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിചേർത്തു.

കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതിയാണ് വരേണ്ടതെന്നും, എയിംസ് വെറും വാക്കായി മാറരുതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. എയിംസ് വരും എന്ന് പറയുന്നത്, 'കോഴിക്ക് മുല വരും' എന്ന് പറയുന്ന പോലെ ആക്കരുതെന്നും ബിനോയ് വിശ്വം പരിഹസിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ സീറ്റ് വിഭജനം ആരംഭിച്ചിട്ടില്ല. ഇത്തവണ സിപിഐ കൂടുതൽ സീറ്റുകൾ ചോദിക്കില്ല, ബിനോയ് വിശ്വം വ്യക്തമാക്കി. മാത്രമല്ല, മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നത് തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, ശശി തരൂരിനെ സിപിഎം ക്ഷണിച്ചതായി താൻ കരുതുന്നില്ലെന്നും, മോദിയെ നിരന്തരം പുകഴ്ത്തുന്ന തരൂർ ഇനിയും കോൺഗ്രസിൽ തുടരുമോ എന്ന കാര്യത്തിൽ കോൺഗ്രസിനെങ്കിലും ഉറപ്പുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി യുഡിഎഫ് ഇട്ട ചൂണ്ട ഒടിയും. എൽഡിഎഫിൽ നിന്ന് ആരും യുഡ‍ിഎഫിലേക്ക് പോകില്ല. ഗതികേട് കൊണ്ടാണ് യുഡിഎഫിന് മറ്റ് പാർട്ടിക്കാരെ ക്ഷണിക്കേണ്ടി വരുന്നതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. കെ മുരളീധരന്‍റെ മത്സരത്തിനില്ലെന്ന പരാമര്‍ശം തോൽവി ഉറപ്പായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: CPI state secretary Binoy Viswam said the K-Rail project is a closed chapter