K. Satchidanandan 
Kerala

'അധികാരമോഹികൾ വന്നുചേരുന്നത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കും'; ഇടതുപക്ഷം ഇത്തവണ പ്രതിപക്ഷത്ത് വേണമെന്ന് ആവർത്തിച്ച് കെ സച്ചിദാനന്ദൻ

ഭരണ നേതൃത്വത്തെയോ പാർട്ടിയെയോ വിമർശിക്കാൻ പൊതുജനങ്ങൾക്ക് ഭയമുണ്ടാകുന്ന സാഹചര്യം നിലനിൽക്കുന്നതായും അദ്ദേഹം വിമർശിച്ചു

Madism Desk

ഇടതുപക്ഷ സർക്കാരിൻ്റെ തുടർഭരണം സംബന്ധിച്ച തന്റെ നിരീക്ഷണങ്ങളിൽ വിശദീകരണവുമായി എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ. ഒരു പാർട്ടിക്ക് തുടർഭരണം ലഭിക്കുന്നത് അത്ര നല്ല ആശയമല്ലെന്നും, ബംഗാളിലെ അനുഭവം മുൻനിർത്തിയാണ് താനിത് പറയുന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കി.

പലപ്പോഴും പാർട്ടി പോലും ആഗ്രഹിക്കാത്ത തരം ആളുകളും അവസരവാദികളും ഭരണസംവിധാനത്തിലേക്ക് കടന്നുവരാനും സ്വാർത്ഥ താൽപര്യങ്ങൾക്കായി പാർട്ടിയെ ഉപയോഗിക്കാനും സാഹചര്യമുണ്ടാകുന്നുണ്ട്. അത്തരം തകർച്ച ഇടതുപക്ഷത്തിന് ഉണ്ടാകാതിരിക്കണമെങ്കിൽ പ്രതിപക്ഷത്തിരുന്നുള്ള സജീവമായ പ്രവർത്തനവും ആവശ്യമാണ്. ജനാധിപത്യത്തെ അർത്ഥവത്താക്കുന്നത് കരുത്തുറ്റ പ്രതിപക്ഷമാണെന്നും, പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിയുടെ ശക്തി വർധിപ്പിക്കാനുള്ള വഴിയാണെന്നും സച്ചിദാനന്ദന്‍ വിശദീകരിച്ചു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബംഗാളിലേതിന് സമാനമായ അവസ്ഥ ഇതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഇനിയും തുടർഭരണമുണ്ടായാൽ ബംഗാളിലേതിന് സമാനമായ പതന സാധ്യത വളരെ കൂടുതലാണെന്നും, അധികാരമോഹികൾ വന്നുചേരുന്നത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ ഇല്ലാതാക്കാനും ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റാനും കാരണമാകും.

വികസനം, പരിസ്ഥിതി സംരക്ഷണം, സാക്ഷരത, മലയാള ഭാഷയ്ക്ക് നൽകുന്ന പ്രാധാന്യം തുടങ്ങി നിരവധി മികച്ച കാര്യങ്ങൾ നിലവിലെ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. സർക്കാർ ഓഫീസുകൾ കൂടുതൽ ജനസൗഹൃദമായിട്ടുണ്ട്. എന്നാൽ, ഭരണ നേതൃത്വത്തെയോ പാർട്ടിയെയോ വിമർശിക്കാൻ പൊതുജനങ്ങൾക്ക് ഭയമുണ്ടാകുന്ന സാഹചര്യം നിലനിൽക്കുന്നന്നു. കൂടാതെ, വോട്ട് ലക്ഷ്യമാക്കി ഭൂരിപക്ഷ സമുദായങ്ങളെ പ്രീണിപ്പിക്കാനുള്ള മതേതര പാർട്ടികളുടെ ശ്രമങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.

സി.പി.ഐ.എം മൂന്നാം ഭരണത്തിനായി പ്രചാരണം നടത്തുന്നതിനിടയിൽ ഇടതു സഹയാത്രികൻ കൂടിയായ സച്ചിദാനന്ദന്‍റെ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

സച്ചിദാനന്ദന്റെ ആദ്യ ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ജാഗ്രതയോടെ പ്രവർത്തിക്കുന്നതിനുള്ള സൂചനയായിട്ടാണ് പാർട്ടി ഇതിനെ സമീപിക്കുന്നതെന്നും, അത്യന്തികമായ വിജയ പരാജയങ്ങൾ ഇടതുപക്ഷത്തിന് ഇല്ല. ഏത് വിമർശനവും ഉൾക്കൊള്ളാൻ പാർട്ടി തയ്യാറാണ് എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ സർക്കാർ തുടരേണ്ടത് അത്യാവശ്യമാണെന്നും ഗോവിന്ദൻ മാസ്റ്റർ മറുപടിയായി വ്യക്തമാക്കി.

English Summary: Writer and Kerala Sahitya Akademi President K. Satchidanandan said continuous rule can damage a party’s core values, warning that power-seekers may weaken the Left if it remains in power too long.