കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ വധശ്രമം നടത്തിയെന്ന കേസിൽ നിർണായക നിരീക്ഷണവുമായി തലശേരി കോടതി. മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകരുടെ കയ്യിൽ കരിങ്കൊടി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കറുത്ത തുണിയല്ലാതെ മറ്റൊരു ആയുധവും ഉണ്ടായിരുന്നില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വിലയിരുത്തൽ.
കേസിൽ മൊഴി നൽകിയിരിക്കുന്നത് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരാണ്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസിൽ ജാമ്യം ലഭിച്ച കെ.എസ്.യു നേതാക്കൾ നാളെ ജയിലിൽ നിന്ന് പുറത്തിറങ്ങും. അടുത്ത ബന്ധുക്കൾ ജാമ്യം നിൽക്കണമെന്ന നിബന്ധനയോടെയാണ് കോടതിയിലൂടെ ജാമ്യം അനുവദിച്ചത്.
സംഭവത്തിൽ പ്രതിഷേധക്കാർ ചെറിയ ആയുധം ഉപയോഗിച്ചിട്ടുണ്ടാകാമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കറുത്ത തുണിയിൽ ആയുധം പൊതിഞ്ഞിരിക്കാമെന്ന സംശയവും മുന്നോട്ടുവച്ചു. ഇത് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സംഭവസമയം റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കായി കനത്ത സുരക്ഷ ഒരുക്കിയിരുന്നുവെന്നും പ്രതിഷേധക്കാരിൽ നിന്ന് ആയുധം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആരോഗ്യനില മോശമായതിനാൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം നടത്തിയ പ്രാഥമിക എക്‌സ്-റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഐസിയുവിൽ ഒരു ദിവസം ചികിത്സ നൽകിയ ശേഷമാണ് മന്ത്രി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
English Summary: Kerala Health Minister Veena George was injured during a black-flag protest by KSU members at Kannur railway station. The court noted the protesters had only black flags, no weapons, and the minister’s statement is yet to be recorded. KSU leaders granted bail will be released under certain conditions.