Kerala

'300 കോടിയുടെ ആസ്തി തട്ടാനുള്ള പരിപാടിയാണ്'; എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടതിൽ കെ.ബി ഗണേഷ് കുമാർ

സൂപ്പർ സ്റ്റാറുകൾക്ക് ബെൻസ് കാർ ഇല്ലാത്ത സമയത്ത് ബെൻസ് കാറിൽ യാത്ര ചെയ്തിരുന്ന സിനിമാ നടനായിരുന്നു ഗണേഷ്കുമാറെന്നും തനിക്ക് കൈക്കൂലി വാങ്ങേണ്ട കാര്യമില്ലെന്ന് എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷ നേതാവിനും അറിയാം എന്നും അദ്ദേഹം പറഞ്ഞു

Madism Desk

പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ജനാധിപത്യ വ്യവസ്ഥയിലൂടെയാണ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതെന്നും, അല്ലാതെ ഓടിളക്കി വന്നയാളല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കത്ത് നൽകിയ വ്യക്തിയെ പുറത്താക്കുന്ന നടപടിക്കു പിന്നിലെ കാരണമെന്തെന്ന് വ്യക്തമാകുന്നില്ലെന്നും ഗണേഷ്‌കുമാർ ചൂണ്ടിക്കാണിച്ചു.

പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കെട്ടിപ്പടുത്തത് തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ളയാണ്. 64 വർഷകളിലൂടെ നേടിയ 300 കോടിയുടെ ആസ്തിയാണ് നിലവിൽ യൂണിയനുള്ളത്. ആ തുക കൈക്കലാക്കലാണ് തന്നെ പുറത്താക്കിയ നടപടിയിലൂടെ ലഷ്യം വയ്ക്കുന്നത്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവർത്തകനായ എനിക്ക് എല്ലാ സമുദായക്കാരും ഒരുപോലെയാണ്. കരയോഗത്തിലെ അംഗമായതിനാലാണ് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് തിരഞ്ഞെടുത്തത്. അല്ലാതെ വളഞ്ഞ വഴിയിൽ കൂടിയല്ല വന്നത്, വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടതാണ്. ​ഗണേഷ് കുമാർ പറഞ്ഞു.

സുകുമാരൻ നായരുടെ കാലത്തോളം അദ്ദേഹത്തോടൊപ്പം ചേർന്ന് നിൽക്കണമെന്നാണ് പിതാവ് ബാലകൃഷ്ണ പിള്ള മരിക്കുന്നതിന് മുമ്പ് തന്നെ ഉപദേശം. എൻഎസ്എസിന്റെ ഔദ്യോഗിക വിഭാഗത്തിലേക്ക് ഏതു വ്യക്തികൾ വന്നാലും അവരെ എതിർക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അച്ഛന് കൊടുത്ത വാക്ക് പാലിക്കും. സുകുമാരൻ നായർ പിതൃതുല്യനാണ്. അദ്ദേഹത്തെ എതിർക്കില്ല. സാറേ എന്നാണ് ഇതുവരെ വിളിച്ചത് ആ വിളി അമ്മാവാ എന്നാക്കില്ല. രണ്ടു ദിവസം മുൻപ് വരെ വളരെ നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിനെന്നോട് ഉണ്ടായിരുന്നത്. വെള്ളാപ്പള്ളി നടേശൻ തന്നെ അതിരൂക്ഷമായി വിമർശിച്ചത് പോലും വ്യക്തി വിരോധം കൊണ്ടായിരുന്നില്ല സുകുമാരൻ നായരുടെ ആളായതുകൊണ്ടാണ്. മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി, വനംവകുപ്പ്, സിനിമ, സ്പോർട്സ് തുടങ്ങി കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്ത വകുപ്പുകളുടെ മന്ത്രിയായ ഗണേഷ് കുമാർ പണം എടുത്തു എന്നൊക്കെ പറയുന്നവന്റെ തലയ്ക്ക് എന്തോ അസുഖമുണ്ട്. പത്മ കഫെ എന്നൊരു അഴിമതിയില്ല. കണക്കുകൾ പരിശോധിച്ചാൽ അത് വ്യക്തമാകും. 50 രൂപയുണ്ടെങ്കിൽ അതുകൊണ്ട് ജീവിക്കാൻ അറിയാവുന്ന തനിക്ക് പണത്തിന്റെ ആവശ്യമുണ്ടോ? കോടിക്കണക്കിന് രൂപ കണ്ടാണ് വളർന്നത്. പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്ത് എസി കാർ ഓടിച്ചവനാണ്. ഇവിടത്തെ സൂപ്പർ സ്റ്റാറുകൾക്ക് ബെൻസ് കാർ ഇല്ലാത്ത സമയത്ത് ബെൻസ് കാറിൽ യാത്ര ചെയ്തിരുന്ന സിനിമാ നടനായിരുന്നു ഗണേഷ്കുമാറെന്നും തനിക്ക് കൈക്കൂലി വാങ്ങേണ്ട കാര്യമില്ലെന്ന് എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷ നേതാവിനും അറിയാം എന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയായിരുന്നു കരയോഗം രജിസ്ട്രാർ ശശിധരൻനായർ പത്തനാപുരം എൻഎസ്എസ് ഭരണസമിതി പിരിച്ചുവിട്ടത്. യൂണിയൻ പ്രസിഡന്റിന് ഏകാധിപത്യ പ്രവണതകളാണെന്നു ചൂണ്ടിക്കാട്ടി ഭരണസമിതിയിലെ 11 അംഗങ്ങൾ കഴിഞ്ഞയാഴ്ച രാജിസമർപ്പിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലായിരുന്നു സമിതി പിരിച്ചുവിട്ട് താത്‌കാലിക സമിതിക്ക് ഭരണച്ചുമതല നൽകിയത്. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് 'പത്മാ കഫെ' തുടങ്ങുന്നത് സംബന്ധിച്ച സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി ഏറെനാളായി എൻഎസ്എസിൽ വിവാദം ഉരുത്തിരിയുന്നുണ്ടായിരുന്നു.

English Summary: Kerala minister K. B. Ganesh Kumar has strongly reacted to the dissolution of the Pathanapuram NSS Taluk Union committee, alleging that the move is aimed at taking control of the union’s ₹300-crore assets.