തിരുവനന്തപുരം: കോൺഗ്രസ് പ്രവേശനത്തെക്കുറിച്ച് ജി സുധാകരനുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐഎമ്മും സുധാകരനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ കോൺഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 63 വർഷം നീണ്ട സിപിഐഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാർട്ടി വിടുകയാണെന്ന സൂചന നൽകിയത്. പാർട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു സുധാകരന്റെ പ്രതിഷേധം.
കെ സി വേണുഗോപാലിന്റെ വാക്കുകൾ:
"ജി സുധാകരൻ സ്വന്തം അനുഭവത്തിൽ നിന്നാണ് കാര്യങ്ങൾ പറഞ്ഞത്. സുധാകരനും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് അവരുടെ ആഭ്യന്തര കാര്യമാണ്. മറ്റു പുരോഗതികൾ നമുക്ക് കാത്തിരുന്ന് കാണാം. ജി.സുധാകരൻ പക്വതയും, അനുഭവ സമ്പത്തുമുള്ള നേതാവാണ്. ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിൽക്കുകയാണദ്ദേഹം. എന്ത് തീരുമാനമെടുക്കണം എന്നും, ഏത് രാഷ്ട്രീയം സ്വീകരിക്കണമെന്നും, അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. സുധാകരൻ തീരുമാനം എടുക്കുമ്പോൾ, ഞങ്ങളും തീരുമാനിക്കും. ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ഒരുപാട് സങ്കടങ്ങളും പ്രയാസങ്ങളും പറയുന്നുണ്ട്. ഇന്നത്തെ കേരളത്തിലെ മുഴുവൻ സിപിഐഎം അണികളുടെയും അനുഭവമായാണ് ഞാനിതിനെ കാണുന്നത്"
സിപിഐഎം മെമ്പർഷിപ്പ് പുതുക്കില്ല എന്ന ജി സുധാകരന്റെ നിലപാടാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയ ശേഷം തന്നെ ഒരു തവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളിൽ തന്നെ അവഗണിച്ചു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാതി പറഞ്ഞു. മാത്രമല്ല, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു എന്നും, ആരും അത് തിരുത്താൻ തയ്യാറായില്ല എന്നും അദ്ദേഹം വിമർശിച്ചു. നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് സിപിഐഎമ്മിനെതിരെയുള്ള ജി സുധാകരന്റെ കടന്നാക്രമണം.
English Summary: Senior Congress leader K. C. Venugopal said the party has not held any discussions with veteran CPM leader G. Sudhakaran regarding his possible entry into the Indian National Congress.