നിങ്ങളുടെ ചിത്രങ്ങള്‍ സുരക്ഷിതമാണോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും പൊതുപരിപാടികള്‍ക്കിടെ പകര്‍ത്തുന്നതുമായ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എറണാകുളം ഭാരത് മാതാ കോളജില്‍ ഓണാഘോഷത്തിനിടെ പകര്‍ത്തിയ വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളാക്കി പ്രചരിപ്പിച്ചെന്ന പരാതി ഉയര്‍ന്നത് ഇക്കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതേമാസം മലപ്പുറത്തും കോട്ടയത്തും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില കേസുകളില്‍ കുറ്റവാളികളും പരാതിക്കാരും ഒരേ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്.
ഇത്തരത്തില്‍ വ്യക്തികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളില്‍ സംസ്ഥാനത്ത് വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഡാറ്റ പ്രകാരം, കേരളത്തിൽ മോര്‍ഫിങ് കേസുകള്‍ നാല് വര്‍ഷത്തിനുള്ളില്‍ നാലിരട്ടിയായി വര്‍ധിച്ചു. 2022 ല്‍ 19 മോര്‍ഫിങ് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2025 ല്‍ അത് 81 ആയി. 2026 ല്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ കേസുകളുടെ എണ്ണം 81 എന്ന നിലയില്‍ എത്തിയിരിക്കുന്നു. ചില കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പോലും കുറ്റക്കാരാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കേസുകളുടെ എണ്ണത്തിലെ ഉയര്‍ച്ചയ്ക്കൊപ്പം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് ഇത്തരം കേസുകളിലെ ഇരകളുടെ പശ്ചാത്തലം. 2022നും 2026നും ഇടയില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അഞ്ചിലൊന്നില്‍ കൂടുതലും ഇരകളാക്കപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ആകെ രജിസ്റ്റര്‍ ചെയ്ത 298 കേസുകളില്‍ 68 എണ്ണത്തിലും ഇരയുടെ സ്ഥാനത്ത് കുട്ടികളായിരുന്നു. 199 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളാണ്. 31 കേസുകളിലാണ് പുരുഷന്മാരെ ലക്ഷ്യം വച്ചിട്ടുള്ളത്. ഇതില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ പ്രചാരണങ്ങളും ഉള്‍പ്പെടുന്നു.
എഐ സാങ്കേതികവിദ്യയുള്‍പ്പെടെ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇത്തരം അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പലപ്പോഴും ഓണ്‍ലൈന്‍ ലൈംഗിക പീഡനം, അപകീര്‍ത്തി പ്രചാരണം, വ്യക്തിപരമായ സംതൃപ്തി, സമപ്രായക്കാരുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുക എന്നിവയ്ക്കായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന സംഭവങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇത്തരം സംഭവങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ കേസുകളില്‍ രണ്ട് പ്രതികള്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. 13 കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയപ്പോള്‍, 37 കേസുകള്‍ വിവിധ കോടതികള്‍ തീര്‍പ്പാക്കുകയും ചെയ്തു.
എഐ ആപ്പുകളുടെയും ഫോട്ടോ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റുകളുടെയും പ്രചാരത്തിലുണ്ടായ വര്‍ധനയാണ് ഇത്തരം കേസുകളുടെ എണ്ണം കൂടിയതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. സ്കൂളുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും ഉണ്ടാകുന്ന വ്യക്തി വൈരാഗ്യം, വിവാഹമോചനത്തിനോ ദാമ്പത്യത്തിലെ പ്രശ്നത്തിനോ പ്രതികാരം എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലും മോര്‍ഫിങ് ആയുധമാക്കപ്പെടുന്നുണ്ട്. എന്നാല്‍ അനന്തരഫലങ്ങള്‍ മനസ്സിലാക്കാതെയാണ് വലിയൊരു വിഭാഗം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്പ്പെടുന്നുതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
The misuse of personal photographs through AI-generated and morphed obscene images is becoming a growing concern in Kerala. Recent incidents reported in Ernakulam, Malappuram and Kottayam have highlighted how photographs of students and teachers are being manipulated and circulated online, sometimes by people from the same educational institutions.According to State Crime Records Bureau data, morphing cases in Kerala have increased sharply, rising from 19 in 2022 to 81 in 2025. In the first nine months of 2026 alone, 81 cases were reportedly registered. Of the 298 cases recorded between 2022 and 2026, 68 involved minor victims, 199 targeted women and 31 targeted men.AI applications and photo-editing websites have made it easier to create and circulate manipulated images. Such content is often used for online sexual harassment, defamation, personal gratification and circulation among peer groups. Despite the rising number of cases, convictions remain extremely low, with only two accused persons reportedly convicted in the cases recorded over five years. Experts point to personal grudges, workplace or educational institution conflicts and revenge as some of the reasons behind these crimes.