Kerala

Kerala Election Live: കേരളം വിധി എഴുതി; പോളിങ് 77% കടന്നു; കുന്നത്തുനാട് ഉള്‍പ്പെടെ 4 മണ്ഡലങ്ങളിൽ 80%ത്തിലധികം വോട്ടിങ് ആവേശം; വിധി ആർക്കൊപ്പം?

സംസ്ഥാനത്ത് ശക്തമായ ത്രികോണപ്പോരാട്ടം നടന്ന മണ്ഡലങ്ങളിൽ റെക്കോർഡ് പോളിങ്;കുന്നത്തുനാട് (81.99%), ചിറ്റൂർ (81%), കുന്നമംഗലം (80.35%), അരൂർ (80%) എന്നിവിടങ്ങളിൽ വോട്ടിങ് ശതമാനം ഇനിയും ഉയർന്നേക്കും

Madism Desk

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് സമയം അവസാനിച്ചു. ക്യൂവിൽ നിൽക്കുന്നവർക്ക് മാത്രമെ ഇനി സമ്മതിദാനവകാശം വിനിയോഗിക്കാൻ കഴിയുകയുള്ളു. ഇവർക്ക് സ്ലിപ് വിതരണം ചെയ്തിട്ടുണ്ട്. . വൈകുന്നേരം 5.00 മണി വരെയുള്ള കണക്കുകൾ പ്രകാരം 75.01% പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. നിലവിൽ കോഴിക്കോട് ജില്ലയാണ് (77.63%) പോളിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

882 സ്ഥാനാർത്ഥികളാണ് ഇത്തവണ വിവിധ മണ്ഡലങ്ങളില്‍നിന്ന് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് ഔദ്യോഗികമായി വോട്ടെടുപ്പ് ആരംഭിച്ചുവെങ്കിലും, ആറര മുതൽ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന വോട്ടർ പട്ടിക പ്രകാരം 2,71,42,952 വോട്ടർമാരാണ് കേരളത്തിലുള്ളത്. ഇതിൽ 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ് ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു.

ജില്ല തിരിച്ചുള്ള പോളിങ് നില (5.00 PM):

കോഴിക്കോട്: 77.63%

എറണാകുളം: 77.25%

പാലക്കാട്: 77.09%

മലപ്പുറം: 75.70%

കണ്ണൂര്‍: 74.83%

വയനാട്: 74.72%

ഇടുക്കി: 74.55%

ആലപ്പുഴ: 74.47%

തൃശൂര്‍: 74.34%

തിരുവനന്തപുരം: 74.11%

കൊല്ലം: 73.48%

കോട്ടയം: 72.18%

പത്തനംതിട്ട: 68.90%

കാസര്‍കോട്: 61.32%

വടക്കാഞ്ചേരിയിൽ സംഘർഷം: വടക്കാഞ്ചേരി മണ്ഡലത്തിൽ പോളിങ് ബൂത്തിന് മുന്നിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബുവും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായതോടെ സ്ഥിതി സംഘർഷഭരിതമായി. എൻഡിഎ അനുഭാവിയായ സജീവ് വോട്ട് ചെയ്യാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ പേരിൽ നേരത്തെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയതാണ് വിവാദത്തിന് കാരണം. പൗരന്റെ വോട്ടവകാശം നിഷേധിച്ച് 'സമാശ്വാസ വോട്ട്' ചെയ്യിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ബിജെപി നിലപാടെടുത്തു. റിട്ടേണിങ് ഓഫീസറെത്തി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വോട്ട് രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍

ഉദുമയിൽ ക്യാമറക്കണ്ണടയുമായി യുഡിഎഫ് ഏജന്റ് ബൂത്തിൽ; സംഘർഷം, കണ്ണട പിടിച്ചെടുത്തു

ഉദുമ മണ്ഡലത്തിലെ ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജന്റ് ബി.എം. ജമാലാണ് വിവാദമായ കണ്ണടയുമായി ബൂത്തിലെത്തിയത്.

കണ്ണടയിൽ ഒളിപ്പിച്ച നിലയിൽ ക്യാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി. എന്നാൽ താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണിതെന്നും ഇതിൽ ക്യാമറയുള്ള കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ജമാലിന്റെ വിശദീകരണം.

സംഭവത്തിൽ പ്രിസൈഡിംഗ് ഓഫീസറും പോലീസും ഇടപെട്ട് കണ്ണട പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ വിഷയത്തിൽ ഗൗരവമായ പരിശോധനകൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. പോലീസ് ഇടപെട്ടതിനെത്തുടർന്ന് നിലവിൽ ബൂത്തിലെ സ്ഥിതിഗതികൾ ശാന്തമാണ്.

ആലുവയിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ബോർഡ് നീക്കി

ആലുവ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിന് സമീപം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ കൂറ്റൻ പ്രചരണ ബോർഡ് യുഡിഎഫ് പ്രവർത്തകരുടെ പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ഇന്നലെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ തന്നെ ബോർഡ് നീക്കാൻ മുതിർന്നതോടെയാണ് ഉദ്യോഗസ്ഥർ ഇടപെട്ടത്.

മഞ്ചേശ്വരത്ത് ഗൾഫിലുള്ളയാളുടെ പേരിൽ കള്ളവോട്ട് ചെയ്തതായി ബിജെപി പരാതിപ്പെട്ടു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മണലൂർ മണ്ഡലത്തിലെ കണ്ടശ്ശാംകടവ് സ്കൂളിലെ ബൂത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

ഹരിപ്പാട് നിയോജകമണ്ഡലത്തിലെ വെട്ടുവേനി മണ്ണൂർ ഡി.കെ.എൻ.എം. എൽ.പി.എസ്, പള്ളിപ്പാട് മാധവ എജുക്കേഷൻ ബൂത്ത്, കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്‌കൂൾ എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രം തകരാറിലായി. പുതിയ യന്ത്രങ്ങളെത്തിച്ച് ഏകദേശം 45 മിനിറ്റുകൾക്ക് ശേഷമാണ് ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചത്.

നേമം മണ്ഡലത്തിൽ ബിജെപി കോടിക്കണക്കിന് രൂപ ഒഴുക്കുകയാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. ഇത് കണ്ടാൽ അന്തംവിട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പത്തനംതിട്ടയിൽ പരാതിയുമായി കോൺഗ്രസ് രംഗത്തെത്തി. മല്ലപ്പുഴശ്ശേരിയിലെ ബൂത്തിൽ വോട്ടിങ് മെഷീനിൽ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ് വ്യക്തമായി കാണുന്നതെന്നും മറ്റ് സ്ഥാനാർഥികളുടെ ചിത്രങ്ങൾ അവ്യക്തമാണെന്നുമാണ് ഉയർന്നിരിക്കുന്ന ആക്ഷേപം. സംഭവത്തിൽ യു.ഡി.എഫ് നേതൃത്വം ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണനെ വിളിച്ച് ഔദ്യോഗികമായി പരാതി അറിയിച്ചു. പരാതി ഗൗരവമായി പരിശോധിക്കുമെന്ന് കളക്ടർ വ്യക്തമാക്കി

വയനാട് ജില്ലയിലെ തരുവണ 191-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ടു. രാവിലെ ആറര മുതൽ വോട്ട് ചെയ്യാൻ എത്തിയവർ എട്ടേകാൽ ആയിട്ടും നീണ്ട ക്യൂവിൽ തുടരുകയാണ്. തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നതും കാത്ത് വോട്ടർമാരുടെ വലിയ നിരതന്നെ ബൂത്തിന് മുന്നിലുണ്ട്. അതേസമയം, തരുവണയിലെ മറ്റ് നാല് ബൂത്തുകളിലും വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റ് ചിലയിടങ്ങളിലും മോക്ഡ്രിൽ സമയത്ത് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായെങ്കിലും യന്ത്രങ്ങൾ ഉടൻ തന്നെ മാറ്റിസ്ഥാപിച്ചു.

ഉടുമ്പൻചോല മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ മോക്ക് പോളിങ്ങിനിടെയാണ് യന്ത്രങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്.

നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂൾ (ബൂത്ത് നമ്പർ: 104),ശാന്തിഗ്രാം സെൻട്രൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ (ബൂത്ത് നമ്പർ: 117),ഇരട്ടയാർ സെയിന്റ് തോമസ് ഹൈസ്കൂൾ (ബൂത്ത് നമ്പർ: 115) എന്നിവിടങ്ങളിലാണ് മെഷിൻ തകരാറിലായത്.

തകരാറിലായ മെഷീനുകൾ അടിയന്തരമായി മാറ്റിസ്ഥാപിക്കുമെന്നും പ്രശ്നം വേഗത്തിൽ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കുമെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. യന്ത്രങ്ങൾ പണിമുടക്കിയതോടെ ഈ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.

ബൂത്തുകളിൽ താരത്തിളക്കം; പ്രതികരണങ്ങൾ

രാവിലെ തന്നെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ (മുടവൻമുഗൾ ഗവ.എൽ.പി സ്കൂളിൽ), പൃഥ്വിരാജ്, സുപ്രിയ മേനോൻ എന്നിവർ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.

രാഷ്ട്രീയ നേതാക്കളും വോട്ട് രേഖപ്പെടുത്തിയ ശേഷം ആത്മവിശ്വാസം പ്രകടിപ്പിച്ചു:

  • വി.ഡി. സതീശൻ (പ്രതിപക്ഷ നേതാവ്): "നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരും."

  • പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

  • സുരേഷ് ഗോപി (കേന്ദ്രമന്ത്രി): "കേരളത്തിൽ ഇത്തവണ സർപ്രൈസ് ഉണ്ടാകും."

  • പി.കെ. കുഞ്ഞാലിക്കുട്ടി: "എല്ലായിടത്തും നല്ല മത്സരമാണ്. ബഹുഭൂരിപക്ഷം സീറ്റുകളും മുസ്ലിം ലീഗ് നേടും."

English Summary: Voting for the 17th Kerala Legislative Assembly began at 7:00 AM today across all 140 constituencies. A total of 882 candidates are in the fray. .

വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും പങ്കാളി സുല്‍ഫത്തും

പേരാമ്പ്ര മണ്ഡലത്തിൽ വെസ്റ്റ് എൽപി സ്കൂളിൽ മെഷീൻ തുടർച്ചയായി കേടായി. ആദ്യമെത്തിച്ച മെഷീൻ കേടായതിന് പിന്നാലെ പകരമെത്തിച്ച മെഷീനും പ്രവർത്തിച്ചില്ല. മൂന്നാമത്തെ മെഷീൻ എത്തിച്ച് വോട്ടിങ് പുനരാരംഭിച്ചു

സന്ദീപ് വാര്യരെ തട‍ഞ്ഞ് എൽഡിഎഫ് ബൂത്ത് ഏജന്റുമാർ, ത‌‍ർക്കം

തൃക്കരിപ്പൂരിൽ പുത്തിലോട്ട് ബൂത്ത് 137ൽ കള്ളവോട്ട് ആരോപണം ഉയർത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരും ബൂത്ത് ഏജന്റുമാരും തമ്മിൽ വാക്കുതർക്കം. കള്ളവോട്ട് ചെയ്യുന്നത് തടഞ്ഞ യുഡിഎഫ് പ്രവർത്തകരെ എൽഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സന്ദീപ് വാര്യർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. സന്ദീപ് വാര്യർ സ്ഥലത്ത് തുടരുകയാണ്.

വോട്ട് ചെയ്തതിന് പിന്നാലെ വോട്ടർ മരിച്ചു

വാണിയമ്പാറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. രാമൻചിറ സ്വദേശി വിനോദൻ (62) ആണ് മരിച്ചത്. വാണിയമ്പാറ ഇ.കെ.എം യുപി സ്കൂളിൽ ഒരു മണിക്കൂറോളം വരിനിന്ന് വോട്ട് ചെയ്ത ശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു അന്ത്യം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃക്കരിപ്പൂരിൽ കള്ളവോട്ട് പരാതി; ഏജന്റിന് മർദ്ദനം

തൃക്കരിപ്പൂർ മണ്ഡലത്തിലെ പിലിക്കോട് - പുത്തിലോട് 137-ാം നമ്പർ ബൂത്തിൽ എൽഡിഎഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. ഇത് തടയാൻ ശ്രമിച്ച ബൂത്ത് ഏജന്റിനെ മർദ്ദിച്ചതായും പരാതിയുണ്ട്. മണ്ഡലത്തിൽ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

കണ്ണൂർ രാമതെരു വോയ്സ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 156-ാം ബൂത്തിൽ വോട്ട് ചെയ്തശേഷം കഥാകൃത്ത് ടി പത്മനാഭൻ

കോഴിക്കോട് നോർത്ത് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രനും യുഡിഎഫ് സ്ഥാനാർഥി കെ ജയന്തും കാരപ്പറമ്പ് സ്കൂളിലെ പോളിങ് ബൂത്ത് സന്ദർശനത്തിനിടെ കണ്ടുമുട്ടിയപ്പോൾ

വിവാഹച്ചടങ്ങിനു മുൻപൊരു വോട്ട്... വയനാട് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നവവധു അഖില ആൻ്റണി മൈക്കിൾ

മുഴപ്പിലങ്ങാട് മുല്ലപ്ര എൽപി സ്കൂളിൽ ബൂത്ത് സന്ദർശനത്തിനെത്തിയ ധർമടം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദിനെ ശവംതീനി എന്നു വിളിച്ച് ആക്ഷേപിച്ചതായി പരാതി.

വോട്ട് രേഖപ്പെടുത്തിയ ശേഷം നടന്‍ കുഞ്ചാക്കോ ബോബന്‍

കേരളത്തിൽ നല്ല ഭരണം ഉണ്ടാകണമെന്നത് എല്ലാ ജനങ്ങളെയും പോലെ ഞാനും ആഗ്രഹിക്കുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാധ്യതയില്ലെന്നും ചലച്ചിത്ര മേഖലയിൽ നിന്നും മത്സരിക്കുന്ന സുഹൃത്ത് രമേശ് പിഷാരടിക്ക് എല്ലാവിധ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനത്ത് വോട്ടെടുപ്പ് ആവേശകരമായ ഘട്ടത്തിലേക്ക്. ഉച്ചയ്ക്ക് 1.00 മണിയോടെ കേരളത്തിലെ ആകെ പോളിങ് 49.70% ആയി ഉയർന്നു. എറണാകുളം ജില്ലയിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിങ് (52.54%) രേഖപ്പെടുത്തിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ 1.30വരെ 48.35 ശതമാനം പോളിങ്

  • തിരുവല്ലയിൽ 46.77%

  • റാന്നിയിൽ 48.13%

  • ആറന്മുളയിൽ 50.00%

  • കോന്നിയിൽ 48 43%

  • അടൂരിൽ 48.24%

തൃശ്ശൂർ ജില്ലയിൽ 1.30വരെ 50.48 ശതമാനം പോളിങ്

  • ചേലക്കര 50.34%

  • കുന്നംകുളം 48.06%

  • ഗുരുവായൂർ 46.27%

  • മണലൂർ 49.21%

  • വടക്കാഞ്ചേരി 53.24%

  • ഒല്ലൂർ 52.82%

  • തൃശ്ശൂർ 52.23%

  • നാട്ടിക 50.74%

  • കയ്പമംഗലം 47.72%

  • ഇരിങ്ങാലക്കുട 51.42%

  • പുതുക്കാട് 53.41%

  • ചാലക്കുടി 51.03%

  • കൊടുങ്ങല്ലൂർ 49.89%

മലപ്പുറം ജില്ലയിൽ 1.30വരെ 48.19 ശതമാനം പോളിങ്

  • കൊണ്ടോട്ടി 50.19%

  • ഏറനാട് 50.32%

  • നിലമ്പൂർ 49.42%

  • വണ്ടൂർ 48.32%

  • മഞ്ചേരി 49.94%

  • പെരിന്തൽമണ്ണ 50.6%

  • മങ്കട 48.03%

  • മലപ്പുറം 49.68%

  • വേങ്ങര 44.86%

  • വള്ളിക്കുന്ന് 47.95%

  • തിരൂരങ്ങാടി 45.66%

  • താനൂർ 47.16%

  • തിരൂർ 44.77%

  • കോട്ടക്കൽ 45.77%

  • തവനൂർ 47.26%

  • പൊന്നാനി 43.9%

നടന്‍ ഫഹദ് ഫാസില്‍ വോട്ട് രേഖപ്പെടുത്തി

തൃക്കാക്കരയില്‍ തനിക്ക് അനുകൂല തരംഗമുണ്ടെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി അഖില്‍ മാരാർ. കഴിഞ്ഞ തവണ ബിജെപിയുടെ വോട്ടുകള്‍ കുത്തനെ ഇടിഞ്ഞ മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. ഇത്തവണ ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയാണ് മണ്ഡലത്തില്‍ ബിജെപി പിന്തുണയോടെ മത്സരിക്കുന്നത്.

തിരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുത്തിയിരിപ്പ് സമരം

തിരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കുറക്കോളി മൊയ്തീൻ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തുന്നു. യുഡിഎഫ് പ്രവർത്തകരെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്നാരോപിച്ചാണ് പ്രതിഷേധം. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സ്ഥാനാർത്ഥി.

മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി; ബിജെപിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി

വയനാട്: മാനന്തവാടി ചെറുകാട്ടൂരിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിങ് ഓഫീസറെ അടിയന്തരമായി ചുമതലയിൽ നിന്ന് നീക്കി. ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലാണ് സംഭവം.

തണ്ണീർമുക്കത്ത് മക്കളുടെ വോട്ട് അച്ഛന്മാർ രേഖപ്പെടുത്തിയെന്ന് പരാതി

തണ്ണീർമുക്കം കണ്ണങ്കര സെന്റ് മാർട്ടിൻ ഹൈസ്കൂളിലെ 164-ാം നമ്പർ ബൂത്തിൽ പ്രവാസികളായ രണ്ട് മക്കളുടെ വോട്ട് അച്ഛന്മാർ രേഖപ്പെടുത്തിയതായി ആരോപണം. യുഡിഎഫ് ഏജന്റുമാർ ഇതിനെ ചോദ്യം ചെയ്തെങ്കിലും പ്രവാസികൾക്ക് 'ക്രോസിങ് വോട്ട്' ചെയ്യാമെന്ന വാദം ഉയർത്തി പ്രിസൈഡിങ് ഓഫീസർ ഇതിന് അനുവാദം നൽകിയതായാണ് പരാതി. സംഭവത്തിൽ യുഡിഎഫ് ചീഫ് ഏജന്റ് ആർ. ശശിധരൻ വരണാധികാരിക്ക് രേഖാമൂലം പരാതി നൽകി.

പയ്യന്നൂരിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്

പയ്യന്നൂർ മണ്ഡലത്തിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചു. കരിവെള്ളൂർ, വെള്ളൂർ, കാറമ്മേൽ, ഏറ്റുകുടുക്ക എന്നിവിടങ്ങളിൽ വ്യാപകമായ കള്ളവോട്ട് നടക്കുന്നുണ്ടെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന പ്രധാന പരാതി

അഴിക്കോട് പ്രിസൈഡിങ് ഓഫീസറെ മാറ്റി

അഴിക്കോട് സെൻട്രൽ എൽപി സ്‌കൂളിലെ 32-ാം നമ്പർ ബൂത്തിൽ വോട്ടറുടെ അനുമതിയില്ലാതെ എൽഡിഎഫ് പ്രതിനിധി 'ഓപ്പൺ വോട്ട്' ചെയ്തെന്ന പരാതിയിൽ പ്രിസൈഡിങ് ഓഫീസറെ മാറ്റി. യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ കരീം ചേലേരിയുടെ പരാതിയെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര നടപടി.

കണ്ണൂരിൽ യുഡിഎഫ് പ്രവർത്തകന് മർദ്ദനം

വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകൻ ചൊക്ലി ഒളവിലത്തെ സി.വി. സബിദിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതിയുയർന്നു.

4 മണ്ഡലങ്ങളിൽ പോളിങ് 80 ശതമാനം കടന്നു

വൈകിട്ട് 5.30 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ നാല് നിയമസഭാ മണ്ഡലങ്ങളിൽ പോളിങ് 80 ശതമാനം പിന്നിട്ടു. എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്—81.99%. പാലക്കാട് ജില്ലയിലെ ചിറ്റൂർ (81%), കോഴിക്കോട് ജില്ലയിലെ കുന്നമംഗലം (80.35%), ആലപ്പുഴയിലെ അരൂർ (80%) എന്നിവിടങ്ങളിലും വോട്ടെടുപ്പ് 80 ശതമാനം കടന്നു. വോട്ടെടുപ്പ് സമയം ഔദ്യോഗികമായി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ഇപ്പോഴും തുടരുകയാണ്. ഇവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. അതിനാൽ അന്തിമ പോളിങ് ശതമാനം ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ലീഗ് മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് ആരോപണം.   കോഴിക്കോട് പയ്യാനക്കലില്‍ സിപിഐഎം-ലീഗ് സംഘര്‍ഷം പൊലീസ് ലാത്തിവീശി

പലയിടത്തും പോളിങ് സമയം കഴിഞ്ഞിട്ടും വൻ ക്യൂ പോളിങ് സമയത്തെ തർക്കത്തെ പല ജില്ലകളിലും സംഘർഷം. കുറ്റ്യാടി, നാദാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ തർക്കം നേരിയ സംഘർഷത്തിന് കാരണമായി. പൊലീസ് ഇടപെട്ടാണ് രം​ഗം ശാന്തമാക്കിയത്.

'പ്രബുദ്ധ കേരളത്തിന് നന്ദി'

വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'പ്രബുദ്ധ കേരളത്തിന് നന്ദി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി രാപ്പകൽ പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ. കേരളം ജയിക്കും, യുഡിഎഫ് നയിക്കും' സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി; മുഖ്യമന്ത്രിയുടെ സന്ദേശം

സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.

വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനൽച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങൾ, കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേർക്കാഴ്ചയാണ് നൽകിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാൻ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.

ഗുഡ് ബൈ ആവർത്തിച്ച് ചെന്നിത്തല

നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിന്റെ മുക്കിലും മൂലയിലും യാത്രചെയ്യുകയും അനേകായിരം മനുഷ്യരുമായി ആശയവിനിമയം നടത്തുകയും സംവദിക്കുകയും ചെയ്തയാളാണ് ഞാന്‍. കേരളം ഒരു മാറ്റം ആഗ്രഹിക്കുന്നു എന്ന് അപ്പോള്‍ തന്നെ വ്യക്തമായിരുന്നു. യുഡിഎഫ് നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാര്‍ വരണമെന്ന് ആബാലവൃദ്ധം ജനങ്ങളും ആഗ്രഹിക്കുന്നു. അതിശക്തമായ ഭരണവിരുദ്ധവികാരം ഓരോയിടങ്ങളും ദൃശ്യമായിരുന്നു. ഇടതു ഭരണം ഇനി വേണ്ടാഎന്ന് തന്നെയാണ് ജനങ്ങള്‍ ചിന്തിച്ചുറപ്പിച്ചിരിക്കുന്നതെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.

വര്‍ധിച്ച ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുന്ന അനേക ലക്ഷം ജനങ്ങളെ കണ്ടപ്പോള്‍ കരുതിയത് വളരെ ശരിയാണെന്ന് ബോധ്യമായി. പിണറായി സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും നീക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തിയത്. ഒരു പുതിയ യുഗത്തിന്റെ നാന്ദികുറിക്കലാണ് ഇന്ന് നമ്മള്‍ കണ്ടത്. സമ്മതിദാനവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും ആശംസകള്‍. യുഡിഎഫിന്റെ നേതൃത്വത്തില്‍ ഒരു ജനപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറുന്ന സുദിനത്തിനായി നമുക്ക് കാത്തിരിക്കാം. ഗുഡ് ബൈ പിണറായി.

നമ്മളൊരുമിച്ച് ജയിക്കും; എംവി ഗോവിന്ദന്‍

ജനാധിപത്യ പ്രക്രിയയിൽ ആവേശപൂർവ്വം പങ്കെടുത്ത കേരളത്തിലെ മുഴുവൻ വോട്ടർമാർക്കും നന്ദി. നവ കേരളത്തിൻ്റെ വികസനക്കുതിപ്പ് തുടരാൻ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന മുഴുവൻ മനുഷ്യരെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ഈ പോരാട്ടം നമ്മൾ ഒരുമിച്ച് ജയിക്കും.