Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സഭയിൽ: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം, പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്

കഴിഞ്ഞ പത്ത് വർഷമായി പവർകട്ട് എന്താണെന്ന് അറിയാത്ത കേരളത്തിലെ ജനങ്ങളെ യുഡിഎഫ് സർക്കാർ അത് പഠിപ്പിച്ചുവെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ജി ആർ അനിൽ പരിഹസിച്ചു.

Madism Desk

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാ​ഗ്വാദം. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേലാണ് സഭയിൽ ചൂടേറിയ ചർച്ച നടന്നത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ യുഡിഎഫ് സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്നാൽ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വിജയിച്ചുവെന്നും, ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സഭയെ അറിയിച്ചു.

''വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം യുഡിഎഫ് സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയുമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ തലയിൽ കുറ്റം മുഴുവൻ ചാരി തടിയൂരാനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നത്''- പിണറായി വിജയൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി എന്നത് ശുദ്ധ നുണയാണ്. യുഡിഎഫ് സർക്കാർ നിയമിച്ച ടി എൻ മനോഹരൻ അധ്യക്ഷനായ വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് അന്ന് കരാറിന് അനുമതി നിഷേധിച്ചത്. 2016-ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ആ കരാർ റദ്ദാക്കുകയല്ല, മറിച്ച് കരാർ പ്രകാരം വൈദ്യുതി വാങ്ങുകയാണ് ചെയ്തതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

രാജ്യത്തെ വൈദ്യുതി മേഖലയുടെ 60 ശതമാനവും കോർപ്പറേറ്റ് ഭീമന്മാരുടെ കൈകളിലാണെന്നും, കേന്ദ്രത്തിന്റെ നവ ഉദാരവൽക്കരണ നയം തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ലോഡ് ഷെഡിങ്ങിന്റെ പ്രയാസം അനുഭവിക്കാത്ത ആരെങ്കിലും ഇപ്പോൾ കേരളത്തിലുണ്ടോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, കേരളം വീണ്ടും ഇരുണ്ട കാലത്തേക്ക് തിരിച്ചുപോകുകയാണോ എന്നും ആശങ്ക പ്രകടിപ്പിച്ചു.

എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ശക്തമായി പ്രതികരിച്ചു. റെ​ഗുലേറ്ററി കമ്മീഷനിൽ മുൻ സ‍ർക്കാർ നിയോ​ഗിച്ച പാർട്ടിക്കാരാണ് ​ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതെന്നും ആ നടപടിയാണ് ഇപ്പോഴത്തെ ​ഗുരുതരമായ പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

കഴിഞ്ഞ പത്ത് വർഷമായി പവർകട്ട് എന്താണെന്ന് അറിയാത്ത കേരളത്തിലെ ജനങ്ങളെ യുഡിഎഫ് സർക്കാർ അത് പഠിപ്പിച്ചുവെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ജി ആർ അനിൽ പരിഹസിച്ചു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, സർക്കാർ നടത്തിയ ചിട്ടയായ ഇടപെടലുകളിലൂടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സാധിച്ചുവെന്ന് ആവർത്തിച്ചു. മന്ത്രിയുടെ വിശദീകരണം സർക്കാരിന്റെ കുറ്റസമ്മതം മാത്രമാണെന്നായിരുന്നു ഇതിനോടുള്ള പിണറായി വിജയന്റെ പ്രതികരണം. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾക്ക് ഇത് വഴിവെച്ചു.

The Kerala Legislative Assembly witnessed a heated debate over the state's ongoing electricity crisis. Opposition Leader Pinarayi Vijayan blamed the UDF government's mismanagement and incompetence for the power cuts, denying allegations that the previous LDF government canceled long-term power contracts. Chief Minister V.D. Satheesan countered by stating that political appointees of the LDF in the Regulatory Commission were responsible for canceling the agreements. Meanwhile, Power Minister Sunny Joseph assured the Assembly that the government has successfully resolved the crisis and that no power restrictions were imposed in October.