Kerala

ആരാകും മുഖ്യമന്ത്രി? തലപൊക്കി ഗ്രൂപ്പുകള്‍; തിരുവനന്തപുരത്ത് തിരക്കിട്ട ചര്‍ച്ചകള്‍

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. വി എം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുമായി കേന്ദ്ര നിരീക്ഷകര്‍ ചര്‍ച്ചകള്‍ നടത്തി

Madism Desk

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നീ പേരുകളില്‍ സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായങ്ങള്‍ തേടുകയാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍. തിരുവനന്തപുരത്ത് ക്യാംപ് ചെയ്താണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗമാണ് ഇന്നത്തെ നടപടികളില്‍ പ്രധാനം. യോഗത്തില്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പങ്കെടുക്കും. നിരീക്ഷകരുമായി നേതാക്കള്‍ ചര്‍ച്ചയും തുടരുകയാണ്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും നിരീക്ഷകരെ കണ്ടു. നിരീക്ഷകര്‍ വൈകിട്ട് ഘടകകക്ഷി നേതാക്കളെ കാണും.

മുഖ്യമന്ത്രി പദവിക്കായി എല്ലാ ഘടകങ്ങളും പരിഗണിക്കണം എന്നാണ് വി ഡി സതീശന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം. സീനിയോറിയിറ്റിലും പ്രവൃ്‍ത്തി പരിചയത്തിലും പ്രതീക്ഷയര്‍പ്പിച്ചാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ചര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്നത്. നേതൃത്വത്തിലെ സ്വാധീനവും എംഎല്‍എമാരുടെ പിന്തുണയുമാണ് കെ സി വേണുഗോപാലിന്റെ സമ്മര്‍ദത്തിന് പിന്നില്‍.

മന്ത്രി സ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് എഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ഗ്രൂപ്പുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വി എം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുമായും കേന്ദ്ര നിരീക്ഷകര്‍ ചര്‍ച്ചകള്‍ നടത്തി.

നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ, സംസ്ഥാനത്ത് ഫ്ളക്‌സ് യുദ്ധവും സജീവമാകുകയാണ്. കെസി വേണുഗോപാലിനായി 'വീ വാണ്ട് കെ സി' എന്ന മുദ്രാവാക്യമുള്ള ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാന വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ് ദിവസം വി ഡി സതീശനായും സമാനമായ ബോര്‍ഡുകള്‍ സംസ്ഥാന വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം പരസ്യപ്പോരില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചകളില്‍ എംഎല്‍എമാരില്‍നിന്നും ഘടകകക്ഷികളില്‍നിന്നും അഭിപ്രായം സ്വരൂപിച്ച കേന്ദ്ര നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.

English Summary: The Congress party has intensified discussions to finalize the Chief Minister for the 16th Kerala Legislative Assembly. High command observers are currently in Thiruvananthapuram gathering opinions from state leaders on key contenders, including V.D. Satheesan, Ramesh Chennithala, and K.C. Venugopal. The leadership consultation process is being closely coordinated from the state capital.