ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ 11ാം ദിവസവും കോൺഗ്രസ് ഹൈക്കമാൻഡിന് കൃത്യമായ തീരുമാനം എടുക്കാൻ സാധിച്ചിട്ടില്ല. അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ട എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ രാഹുൽ ഗാന്ധിയോ നേതാക്കൾക്ക് പോലും ഇക്കാര്യത്തിൽ സൂചന നൽകിയിട്ടില്ലെന്നാണ് പുതിയ വിവരങ്ങൾ. ഘടകകക്ഷികളുടെ നിർദേശങ്ങളും ഈ ഘട്ടത്തിൽ ഹൈക്കമാൻഡ് പരിഗണിക്കുമെന്ന സൂചനയുമുണ്ട്.
മറുവശത്ത് ചർച്ചകൾ നടക്കുമ്പോഴും കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ പക്ഷങ്ങൾ ആത്മവിശ്വാസത്തിലാണ്. ജനവികാരം തങ്ങൾക്കൊപ്പമുണ്ടെന്നാണ് വി.ഡി സതീശൻ പക്ഷത്തിന്റെ പ്രതീക്ഷകൾക്ക് ശക്തിപകരുന്നത്. എംഎൽഎമാരുടെ പൂർണപിന്തുണ ഉറപ്പുവരുത്തിയാണ് കെ.സി വേണുഗോപാലിന്റെ മേൽകൈ സ്ഥാപിച്ചിരിക്കുന്നത്. സമവായ നീക്കങ്ങളുണ്ടായാൽ തനിക്ക് അനുകൂല നടപടിയാണ് ഹൈക്കമാൻഡ് സ്വീകരിക്കുകയെന്ന് രമേശ് ചെന്നിത്തല പക്ഷവും വിശ്വസിക്കുന്നുണ്ട്.
നിലവിൽ ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നടത്തുന്നത്. കേരളത്തിന്റെ എഐസിസി ചുമതലയുള്ള ദീപാ ദാസ് മുൻഷി അൽപ്പസമയത്തിനുള്ളിൽ തിരുവനന്തപുരത്ത് എത്തിച്ചേരും. എംഎൽഎമാരുമായി അവസാനഘട്ട ചർച്ച നടത്താനാണ് ദീപാ ദാസ് മുൻഷി എത്തുന്നതെന്നാണ് സൂചന. വി.ഡി സതീശന് നറുക്ക് വീണാൽ എംഎൽഎമാർ അപ്രതീക്ഷിത നീക്കങ്ങൾ നടത്തുന്നത് തടയിടുന്നതും പുതിയ ചർച്ചകളുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ഘടകകക്ഷി നിലപാടും ജനപിന്തുണയും ഉറപ്പിക്കാൻ സാധിച്ചതോടെ മുഖ്യമന്ത്രി പോരിൽ വി.ഡി സതീശന് അവസാന ലാപ്പിൽ ചെറിയ മുൻതൂക്കം ലഭിച്ചിട്ടുണ്ട്. എന്നാൽ എഐസിസി മുതിർന്ന നേതാക്കളായ എ.കെ ആന്റണിയെപ്പോലുള്ളവരുടെ നിലപാട് മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പരിഗണിക്കുന്നത് കെ.സി വേണുഗോപാലിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സാധ്യത. അവസാനഘട്ടത്തിൽ കേരളത്തിൽനിന്ന് ഡൽഹിയിലെത്തിയ നേതാക്കളിൽ എട്ട് പേർ കെ.സി വേണുഗോപിലിനെ തിരഞ്ഞെടുത്തതും വി.ഡി പക്ഷത്തിന് തിരിച്ചടിയാണ്.
English Summary: The Congress high command continues to delay the Kerala Chief Minister decision even on the 11th day, with no clear signal from top leaders. Meanwhile, camps of V. D. Satheesan, K. C. Venugopal, and Ramesh Chennithala remain confident, as final-stage discussions and MLA consultations continue.