Kerala

കോൺഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നു; ഉണ്ണിത്താൻ-ഷാഫി തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടൽ, അമർഷവുമായി എ ഗ്രൂപ്പ്, അവസാനിപ്പിക്കണെമന്ന് ദീപാദാസ് മുന്‍ഷി

ഉണ്ണിത്താൻ ഉന്നയിച്ച പരാതികളിൽ ചർച്ചയാകാമെന്ന മറുപടിയാണ് ദീപ ദാസ് മുന്‍ഷി നൽകിയിട്ടുള്ളത്.

Madism Desk

കേരളത്തിലെ കോൺഗ്രസിൽ ആളിപ്പടരുന്ന ഗ്രൂപ്പ് പോരും രാജ്‌മോഹൻ ഉണ്ണിത്താൻ - ഷാഫി പറമ്പിൽ വാക്പോരും രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടു. അനുനയ നീക്കങ്ങളുടെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷി രാജ്‌മോഹൻ ഉണ്ണിത്താനുമായും ഷാഫി പറമ്പിലുമായും ആശയവിനിമയം നടത്തുകയും ഇരുവരോടും തർക്കം ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഉണ്ണിത്താനുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. വിഷയത്തിലും മന്ത്രിസഭയിലെ ആഭ്യന്തര തർക്കങ്ങളിലും തുടർ പ്രതികരണങ്ങൾ പാടില്ലെന്ന് ഉണ്ണിത്താനും, ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്ന് ഷാഫി പറമ്പിലിനും ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും കർശന നിർദേശം നൽകിയിരിക്കുകയാണ്.

ഹൈക്കമാൻഡ് സമവായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും തൻ്റെ നിലപാടിൽ നിന്ന് അയയാൻ രാജ്‌മോഹൻ ഉണ്ണിത്താൻ ഇതുവരെ തയ്യാറായിട്ടില്ല. കാസർകോട് ഡിസിസി അധ്യക്ഷനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നതാണ് ഉണ്ണിത്താൻ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം. പാർട്ടി യോഗത്തിൽ നടന്ന ചർച്ചകൾ ഉൾപ്പെടെ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഡിസിസി അധ്യക്ഷനാണെന്നും, അതാണ് സാമൂഹ്യമാധ്യമങ്ങളിൽ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് വഴിയൊരുക്കിയതെന്നുമാണ് അദ്ദേഹത്തിന്റെ പരാതി. ഇതിനുപുറമെ, തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർ കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ പ്രവർത്തകരാണെങ്കിൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

ഈ കാര്യങ്ങളിൽ നടപടിയുണ്ടായാൽ മാത്രമേ പരസ്യ പ്രസ്താവനകൾ നിർത്തൂ എന്ന കടുത്ത നിലപാടാണ് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. ഉണ്ണിത്താൻ ഉന്നയിച്ച പരാതികളിൽ ചർച്ചയാകാമെന്ന മറുപടിയാണ് ദീപ ദാസ് മുന്‍ഷി നൽകിയിട്ടുള്ളത്. സൈബർ ആക്രമണം തുടർന്നാൽ വീണ്ടും പരസ്യമായി രംഗത്തിറങ്ങുമെന്നും, തന്റെ ഡയറിയിൽ കുറിച്ചുവെച്ചിരിക്കുന്ന കാര്യങ്ങളും ഷാഫി പറമ്പിലിനെതിരായ തെളിവുകളും വെളിപ്പെടുത്തുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉണ്ണിത്താൻ പരസ്യ വിമർശനങ്ങൾ തുടരുന്നത് കെപിസിസിക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. അതേസമയം, ഉണ്ണിത്താന്റെ കടന്നാക്രമണത്തിന് പിന്നാലെ ഷാഫി പറമ്പിലിന് പിന്തുണയുമായി കൂടുതൽ യുവനേതാക്കൾ രംഗത്തെത്തുകയും ആരോപണങ്ങൾക്ക് ഷാഫി കൃത്യമായ മറുപടി നൽകണമെന്ന് അനുകൂലികൾ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

മറുവശത്ത്, ഷാഫി പറമ്പിലിനെതിരായ ഉണ്ണിത്താന്റെ വിമർശനങ്ങളിൽ എ ഗ്രൂപ്പ് കടുത്ത അമർഷത്തിലാണ്. അനാവശ്യമായി ഉമ്മൻ ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്ന അതൃപ്തി പ്രകടിപ്പിച്ച എ ഗ്രൂപ്പ് ഏറെ കരുതലോടെയാണ് ഓരോ നീക്കവും നടത്തുന്നത്. വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം പ്രതികരിച്ചതും എ ഗ്രൂപ്പ് ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താൻ ഇപ്പോൾ ഷാഫിക്കെതിരെ വാളെടുത്ത് രംഗത്തിറങ്ങിയത് മുഖ്യമന്ത്രി വി ഡി സതീശന് വേണ്ടിയാണെന്നാണ് എ ഗ്രൂപ്പും കെ സി വേണുഗോപാൽ പക്ഷവും ഒരുപോലെ വിലയിരുത്തുന്നത്.

എന്നാൽ, പാർട്ടിയിലുണ്ടായ ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികൾക്കും മൂലകാരണം എ ഗ്രൂപ്പിന്റെ 'ദില്ലി മിഷൻ' ആണെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ നിഗമനം. ഈ ഗ്രൂപ്പ് നീക്കമാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്നും, എ ഗ്രൂപ്പിന്റെ ദില്ലി ദൗത്യത്തിന് പിന്നിൽ ചരടുവലിക്കുന്നത് കെ സി പക്ഷമാണെന്നും വി ഡി പക്ഷം സംശയിക്കുന്നു. ഇല്ലാത്ത പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ.

കോൺഗ്രസിനുള്ളിലെ ഈ രൂക്ഷമായ ഗ്രൂപ്പ് പോരിനും യുഡിഎഫിലെ മറ്റ് ഘടകകക്ഷികൾക്കിടയിലുള്ള അതൃപ്തിക്കുമിടെ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരുകയാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ വിവിധ ഗ്രൂപ്പുകളും മുന്നണിയിലെ പാർട്ടികളും മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗം ഏറെ നിർണായകമാണ്. പാർട്ടിയിലെയും മുന്നണിയിലെയും പുകയുന്ന അസ്വാരസ്യങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശൻ എന്ത് നിലപാട് സ്വീകരിക്കും എന്നതും യോഗത്തിൽ എന്ത് പ്രതികരിക്കുമെന്നതും രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

The Congress high command has intervened to defuse the escalating public clash between Rajmohan Unnithan and Shafi Parambil, with AICC General Secretary Deepa Das Munshi and KPCC President Sunny Joseph instructing both leaders to halt public statements. Unnithan remains firm, demanding disciplinary action against the Kasaragod DCC president and party cyber attackers before backing down, while youth leaders have rallied behind Shafi. Meanwhile, the A-group is displeased with Unnithan dragging Oommen Chandy into the controversy and, along with the K.C. Venugopal camp, suspects he is acting on behalf of Chief Minister V.D. Satheesan. Conversely, the Satheesan camp blames the A-group's "Delhi Mission"—allegedly backed by the K.C. faction—for aggravating the crisis. Amidst these deepening party and UDF rifts, all eyes are on the Chief Minister's stance at today's crucial cabinet meeting.