Kerala

സാംസ്കാരിക അക്കാദമികളിൽ പുതിയ നേതൃത്വം; കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ, പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ

സംഗീത നാടക അക്കാദമി തലപ്പത്ത് ജി വേണുഗോപാൽ

Madism Desk

സംസ്ഥാനത്തെ വിവിധ സാംസ്കാരിക അക്കാദമികളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്ത് പുതിയ ഭാരവാഹികളെ നിയമിച്ച് യുഡിഎഫ് സർക്കാർ. പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമിയുടെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. എം പി സുരേന്ദ്രനാണ് സാഹിത്യ അക്കാദമിയുടെ പുതിയ സെക്രട്ടറി. പ്രശസ്ത ​ഗായകൻ ജി വേണു​ഗോപാലാണ് കേരള സം​ഗീത നാടക അക്കാദമിയുടെ പുതിയ ചെയർമാൻ. ഹേമന്ത് കുമാറിനെ സം​ഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാനായും എൻ വി പ്രദീപ് കുമാറിനെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ പ്രേംകുമാറിനെയാണ് സർക്കാർ നിയമിച്ചത്. മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ചലച്ചിത്ര അക്കാദമിയിൽ നിന്നും മാറ്റിനിർത്തപ്പെട്ട പ്രേംകുമാറിന് യുഡിഎഫ് സർക്കാർ വീണ്ടും സുപ്രധാന ചുമതല നൽകിയത് ശ്രദ്ധേയമായി. പ്രമുഖ സംവിധായകൻ ആലപ്പി അഷറഫ് ആയിരിക്കും കെഎസ്എഫ്ഡിസിയുടെ പുതിയ വൈസ് ചെയർമാൻ. ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാനായി എം രഞ്ജിത്തിനെയും നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മറ്റ് അക്കാദമികളിലും പുതിയ നിയമനങ്ങൾ നടന്നിട്ടുണ്ട്. പ്രൊഫ. പ്രകാശ് മൂർത്തി കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി എത്തുമ്പോൾ ടി ആർ ഉദയകുമാർ വൈസ് ചെയർമാനായും വൈക്കം എം കെ ഷിബു സെക്രട്ടറിയായും ചുമതലയേൽക്കും. കേരള ഫോക്‌ലോർ അക്കാദമി ചെയർമാനായി സുരേഷ് ബാബു എളയാവൂരിനെയും വൈസ് ചെയർമാനായി ശ്രീരാമൻ കൊയ്യോനെയും മെമ്പർ സെക്രട്ടറിയായി പയ്യന്നൂർ സ്വദേശി എം പ്രദീപ് കുമാറിനെയും നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. സാംസ്കാരിക മേഖലയ്ക്ക് പുതിയ ഉണർവ് നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

The Kerala government has announced new heads for various cultural institutions in the state. Renowned writer Kalpetta Narayanan has been appointed as the Chairman of the Kerala Sahitya Akademi. Playback singer G. Venugopal is the new Chairman of the Kerala Sangeetha Nataka Akademi, while actor Premkumar will take over as the Chairman of the Kerala State Film Development Corporation (KSFDC).