കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനങ്ങൾ തുടരണമെങ്കിൽ എൽഡിഎഫ് വരണമെന്നും, സംശയമില്ലാതെ ജനം എൽഡിഎഫിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ആർസി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രേവന്ത് റെഡ്ഡിക്കെതിരായ 'ഡാഷ് മോൻ' പ്രയോഗത്തിലെ വിടവ് അവരവർക്ക് പൂരിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം പരിഹസിച്ചു.
"നമ്മുടെ രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത് ഇദ്ദേഹമാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അദ്ദേഹത്തെപ്പറ്റി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താം."
പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകുമോ എന്ന ചോദ്യത്തിന് വോട്ടെണ്ണലിന് ശേഷം മറുപടി നൽകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
'ഗുഡ് ബൈ പിണറായി'; യുഡിഎഫ് തരംഗമെന്ന് രമേശ് ചെന്നിത്തലയും ടി. സിദ്ദിഖും
കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്നും ജനങ്ങൾ 'ഗുഡ് ബൈ പിണറായി' എന്ന് പറയുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖും അവകാശപ്പെട്ടു. ഹരിപ്പാട് ലോക്സഭയിൽ സിപിഎം വോട്ട് ബിജെപിക്ക് പോയെന്നും സംസ്ഥാനത്ത് സിപിഎം-ബിജെപി ധാരണയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല സ്വർണം കൊള്ളയടിച്ചവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഗ്രഹങ്ങൾ ജനാധിപത്യത്തിന് നല്ലതല്ല: മാനന്തവാടി ബിഷപ്പ്
ജനാധിപത്യത്തിൽ വിഗ്രഹങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന അംബേദ്കറുടെ വാക്കുകൾ ഓർമ്മിപ്പിച്ചാണ് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം പ്രതികരിച്ചത്. വിഗ്രഹങ്ങൾ ഉണ്ടായാൽ ജനാധിപത്യം തകരുമെന്നും ജനപ്രതിനിധികൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിന്റെ ഈ പരാമർശം എൽഡിഎഫിന്റെ ഫ്ലക്സുകളിൽ ഒരാൾ മാത്രം നിറഞ്ഞുനിൽക്കുന്നതിനെതിരെയുള്ള കൃത്യമായ സൂചനയാണെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു.
ജനാധിപത്യം ഹൃദയത്തിലുണ്ടാകണമെന്ന് ഗവർണർ
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ജനാധിപത്യം മണ്ണിൽ മാത്രമല്ല ഹൃദയത്തിലുമുണ്ടാകണമെന്ന് ഓർമ്മിപ്പിച്ചു. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും നല്ല ജനപ്രതിനിധികളെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് കേരളത്തിന് നിർണായകമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ബി.ജെ.പി സംസ്ഥാനത്ത് നിർണായക ശക്തിയായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മാറ്റം അനിവാര്യം: ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് വിശ്വാസം.
ലക്ഷ്യം വികസനം: "ഞങ്ങൾ വോട്ട് ചോദിക്കുന്നത് നിയമസഭയിൽ പോയി ബഹളം വെക്കാനോ കമ്പ്യൂട്ടറുകൾ തകർക്കാനോ അല്ല, മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ്."
പ്രവചനം: കേരളത്തിൽ ഇത്തവണ തൂക്കുസഭ വരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിക്ക് കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സ്ത്രീകളുടെ സജീവമായ പങ്കാളിത്തം തിരഞ്ഞെടുപ്പിൽ പ്രകടമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വികസന രാഷ്ട്രീയം: എൽ.ഡി.എഫ് സർക്കാരിന്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിലുണ്ട്.
ആത്മവിശ്വാസം: സർക്കാരിന്റെ പ്രവർത്തന മികവ് മുൻനിർത്തി ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തിന് അധികാരം നൽകുമെന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം വ്യക്തമാക്കി.
100 സീറ്റ് ഉറപ്പ്; വി.ഡി. സതീശൻ
നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. പുറത്തുവന്ന ദേശീയ സർവേകളിലും യുഡിഎഫിന് അനുകൂലമായ വിലയിരുത്തലുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി വോട്ടവകാശം വിനിയോഗിക്കണം. ഇഷ്ടമുള്ള സ്ഥാനാർത്ഥിക്കു വോട്ട് ചെയ്യാം, എന്നാൽ ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
കേരളം സേഫ് ആണ്; .എ. മുഹമ്മദ് റിയാസ്
പ്രചാരണ വേളയിലെ അനുഭവങ്ങൾ പ്രകാരം സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വ്യത്യസ്തമായി ചിന്തിക്കുന്ന ജനങ്ങളുള്ള കേരളത്തിൽ ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾ എന്നിവയിൽ ജനവിധി സാഹചര്യങ്ങൾ അനുസരിച്ച് മാറാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ
പവർ കട്ടില്ലാത്ത വൈദ്യുതി വിതരണം
കാര്യക്ഷമമായ ആശുപത്രി സേവനങ്ങൾ
തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ
മുടങ്ങാത്ത പെൻഷൻ വിതരണം
സർക്കാർ സ്കൂളുകളുടെ നവീകരണം
പാലങ്ങളും റോഡുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം
സ്ത്രീ സുരക്ഷ ഉറപ്പാക്കൽ
സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ശക്തീകരണം
കഴിഞ്ഞ 10 വർഷമായി അധികാരത്തിൽ ഉണ്ടായിട്ടും സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും, ബേപ്പൂരിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു
"ഐ ആം വെരി ഹാപ്പി" എന്ന് ശശി
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി വോട്ട് രേഖപ്പെടുത്തി. കുടുംബസമേതം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്.വി.എ. യുപി സ്കൂളിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് ചെയ്ത ശേഷം "ഐ ആം വെരി ഹാപ്പി" എന്നായിരുന്നു ശശിയുടെ ആദ്യ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിന് പകരം മറ്റൊരു ചിഹ്നത്തിൽ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും എൽഡിഎഫിന് പരാജയഭീതിയാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിനം; ചാണ്ടി ഉമ്മൻ
തന്റെ പിതാവിനെ ഒമ്പത് വർഷത്തോളം വേട്ടയാടുകയും അതിന് പിന്നിൽ നിന്നവരെ സംരക്ഷിക്കുകയും ചെയ്ത സർക്കാരാണിതെന്ന് ചാണ്ടി ഉമ്മൻ. ആ സമീപനം മണ്ഡലത്തോടും സർക്കാർ തുടരുകയാണെന്നും, വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ ആരംഭിച്ച പല പദ്ധതികളും ഇന്നും പുരോഗതിയില്ലാതെ തുടരുകയാണെന്നും, ഇതിനെല്ലാമെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് വിജയം ഉറപ്പാണ്, ഭരണവിരുദ്ധ വികാരം ശക്തം; എ കെ ആന്റണി
ഇതുവരെ ലഭിക്കുന്ന സൂചനകൾ യുഡിഎഫ് വിജയത്തിലേക്കാണെന്ന് എ.കെ. ആന്റണി പറഞ്ഞു. പ്രചാരണം ആരംഭിച്ച ഘട്ടം മുതൽ തന്നെ സംസ്ഥാനത്തുടനീളം ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നുവെന്നും, അവസാന ദിവസങ്ങളിൽ അത് കൂടുതൽ ശക്തിപ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷങ്ങളിലെ ജനവിരുദ്ധ നടപടികൾക്ക് ജനങ്ങൾ കടുത്ത വിധി പറയുമെന്നും, ഇത്തവണ കേരളത്തിൽ യുഡിഎഫ് തൂത്തുവാരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
വിജയിക്കേണ്ടത് ഇടതുപക്ഷം; ബിനോയ് വിശ്വം
വോട്ടർമാർ ഒരേ മനസ്സോടെയാണ് തീരുമാനമെടുക്കുന്നതെന്നും, വിജയിക്കേണ്ടത് ഇടതുപക്ഷമാണെന്ന് അവരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് വെല്ലുവിളിയാകുന്ന ബിജെപിയുമായി സഹകരിക്കുന്ന കോൺഗ്രസിന്റെ നിലപാട് ജനങ്ങൾക്കറിയാമെന്ന് അദ്ദേഹം ആരോപിച്ചു. മനുഷ്യപക്ഷവും വികസനപക്ഷവും കരുതൽപക്ഷവുമായ ഇടതുപക്ഷത്തിന് ജനങ്ങൾ പിന്തുണ നൽകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
English Summary: Kerala Election 2026 becomes crucial as the Chief Minister stresses that development activities must continue without interruption short