സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെയും വൈകിട്ട് 6:45 മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ വിവിധയിടങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടായി. മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നാണ് വിശദീകരണം. മാറ്റക്കരാർ പ്രകാരമുള്ള വൈദ്യുതി ഇന്നും ലഭ്യമായില്ലെങ്കിൽ സംസ്ഥാനത്ത് പവർ കട്ട് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
കഴിഞ്ഞ ദിവസം പീക്ക് അവറിൽ 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് പലയിടത്തും രാത്രി ഒൻത് മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായിരുന്നില്ല. ചില പ്രദേശങ്ങളിൽ രാത്രിയിൽ ഒന്നിലേറെ തവണയാണ് പവർ കട്ട് ഏർപ്പെടുത്തിയത്. 300 മെഗാവാട്ട് വൈദ്യുതി കടം കൊടുക്കുന്ന കാലാവധി അവസാനിച്ചതോടെ പ്രതിസന്ധിക്ക് ശമനമുണ്ടാകുമെന്ന് നേരത്തെ വിലയിരുത്തിയിരുന്നെങ്കിലും, നിലവിലെ അവസ്ഥ പ്രതിസന്ധി തുടരുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
കടുത്ത ചൂടും മഴ ലഭിക്കാത്തതും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. ഇതിന് പുറമെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി ചർച്ചകൾ നടത്തിയിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ല.
Kerala is facing a severe power crisis after a shortfall of 200 MW from Madhya Pradesh led to an 800 MW deficit during peak hours. Unscheduled power cuts occurred across the state last night and are likely to continue today if swap agreement power is not received. High temperatures, a lack of rainfall, and a significant drop in domestic power generation have worsened the situation. Despite top officials negotiating with North Indian states, the crisis remains unresolved, prompting the opposition to criticize the state government for inaction.