Kerala

ഇരുട്ടത്തും കറണ്ടടി; വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടും, പുതുക്കിയ താരിഫ് നയം പുറത്തിറക്കി റെഗുലേറ്ററി കമ്മീഷന്‍

മുൻകാല നഷ്ടമായ 5,000 കോടി രൂപ അടുത്ത നാലുവർഷത്തിനുള്ളിൽ സർച്ചാർജിലൂടെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനാണ് നടപടി

Madism Desk

സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടും. ഇതുസംബന്ധച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ താരിഫ് നയം വിജ്ഞാപനം ചെയ്തു. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ അടുത്ത നാലുവർഷത്തിനുള്ളിൽ സർച്ചാർജിലൂടെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനുള്ള ഭാഗമാണ് നടപടി. പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പീക്ക് സമയത്തിലെ മാറ്റവും ഇന്ധന സർച്ചാർജ് കണക്കാക്കുന്നതിലെ പുതിയ വ്യവസ്ഥകളും ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിനെ ബാധിച്ചേക്കും.

പുതിയ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതി നിരക്ക് കമ്മിഷൻ നിശ്ചയിക്കുക. ഇതിൽ നാലുവർഷം സർച്ചാർജ് ഈടാക്കും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സർച്ചാർജ് കണക്കാക്കുക. മറ്റ് ഉപഭോക്തൃ വിഭാഗങ്ങളിൽ ഫിക്സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതി നിരക്കിന്റെയും നിശ്ചിത ശതമാനം അടിസ്ഥാനമാക്കിയാകും സർച്ചാർജ് ചുമത്തുക.

ഇന്ധന സർച്ചാർജിലും മാറ്റം

വൈദ്യുതി ഉത്പാദനച്ചെലവിൽ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കുന്നതിനായി നിലവിൽ പ്രതിമാസ ഇന്ധന സർച്ചാർജ് ചുമത്തുന്നുണ്ട്. ഇതുവരെ ദീർഘകാല വൈദ്യുതി കരാറുകളിലെ അധിക ചെലവാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. പുതിയ വ്യവസ്ഥ പ്രകാരം ഹ്രസ്വകാല കരാറുകളിലൂടെയും അടിയന്തരമായ വൈദ്യുതി വാങ്ങലുകളിലൂടെയും ഉണ്ടാകുന്ന അധിക ചെലവും സർച്ചാർജ് കണക്കാക്കുമ്പോൾ പരിഗണിക്കും.

കമ്മിഷന്റെ പ്രത്യേക അംഗീകാരമില്ലാതെ തന്നെ ഈ അധികബാധ്യത ഉപഭോക്താക്കളിൽനിന്ന് നേരിട്ട് ഈടാക്കാൻ വൈദ്യുതി കമ്പനികൾക്ക് അനുമതിയുണ്ടാകും. എന്നാൽ, ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ തുക ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും.

പീക്ക് സമയം രാത്രി 11.30 വരെ; നിരക്ക് കൂടിയേക്കും

വൈദ്യുതി ഉപഭോഗം കൂടുതലുള്ള പീക്ക് സമയത്തിന്റെ നിർവചനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ വൈകീട്ട് ആറുമുതൽ രാത്രി 10 വരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ നീളും. ഇതോടെ ഉയർന്ന നിരക്ക് ബാധകമാകുന്ന സമയദൈർഘ്യം വർധിക്കും.

പീക്ക് സമയത്ത് ഉയർന്ന നിരക്ക് ഈടാക്കുന്നതിനായി കൂടുതൽ ഉപഭോക്തൃ വിഭാഗങ്ങളിൽ ടൈം ഓഫ് ഡേ (TOD) മീറ്ററുകൾ സ്ഥാപിക്കണമെന്നും നയം നിർദേശിക്കുന്നു. അതേസമയം, രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയും രാത്രി 11.30 മുതൽ അടുത്ത ദിവസം രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്താനും വ്യവസ്ഥയുണ്ട്.

മറ്റ് പ്രധാന നിർദേശങ്ങൾ

വൈദ്യുതി വിതരണത്തിനുള്ള യഥാർഥ ചെലവിന് അനുസൃതമായി നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നയത്തിൽ നിർദേശിക്കുന്നു. ഗാർഹിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം.

വീടുകളിൽ വൈദ്യുതി സംഭരണ സംവിധാനം സ്ഥാപിച്ച് രാത്രികാലത്ത് അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ നിരക്ക് നൽകണമെന്നും നയം വ്യക്തമാക്കുന്നു. പുതിയ വ്യവസ്ഥകൾ നടപ്പിലാകുന്നതോടെ വൈദ്യുതി ഉപയോഗിക്കുന്ന സമയവും ഉപഭോഗത്തിന്റെ രീതിയും അനുസരിച്ച് ഉപഭോക്താക്കളുടെ ബില്ലിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.

Under the revised electricity tariff policy, power rates, including surcharges, will increase from 2027. With peak hours extended until 11:30 PM, consumers can expect changes in their electricity bills. The policy also introduces new provisions for fuel surcharges, allowing power companies to directly recover additional costs from consumers.