കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ സർവ്വേ ഫലങ്ങള്‍. ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 18, പി മാർക്ക്, പീപ്പിള്‍സ് പള്‍സ്. ടൈംസ് നൌ തുടങ്ങി എട്ട് പ്രധാനപ്പെട്ട എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം യുഡിഎഫിന് അനുകൂലമാണ്. അതേസമയം ഭരണവിരുദ്ധ വികാരമുണ്ടാവുമെന്നും യുഡിഎഫ് സ്വീപ്പ് വിജയം സമ്മാനിക്കുമെന്നും ആരും പ്രവചിക്കുന്നില്ല. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നാണ് സർവ്വേകള്‍ ചൂണ്ടിക്കാണിക്കുന്നത്. ബിജെപി പ്രതീക്ഷിച്ച നേട്ടം കൈവരിക്കില്ലെന്നും എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നുണ്ട്. പരമാവധി മൂന്ന് സീറ്റുകളില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാന്‍ ബിജെപിക്ക് സാധിക്കുകയുള്ളുവെന്നാണ് പ്രവചനം.
ഇടതുമുന്നണി അധികാരത്തിലേറിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തണമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കെകെ ശൈലജയാണ്. മറുവശത്ത് കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാവണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. മുന്നണിയില്‍ രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയും മൂന്നാം സ്ഥാനത്ത് കെസി വേണുഗോപാലുമാണ്. മുഖ്യമന്ത്രി ചർച്ചയില്‍ കെസി വേണുഗോപാലിന്‍റെ പേര് സജീവമായി ഉയർന്നുകേട്ടിരുന്നെങ്കിലും ജനങ്ങളുടെ പിന്തുണ വി.ഡി സതീശനാണെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടൈംസ് നൗ പ്രവചിച്ചിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും വി.ഡി സതീശനും സംഘവും അധികാരം പിടിക്കുമെന്നും സർവ്വേഫലം വ്യക്തമാക്കുന്നു. ആക്സിസ് മൈ ഇന്ത്യയും, പി മാർക്കും ഇഞ്ചോടിഞ്ച് പ്രവചിക്കുന്നുണ്ട്. 76- 90 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍, അതേസമയം 37 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത് പിണറായി വിജയനെയാണ്. പട്ടികയില്‍ ഏറെ പിന്നിലാണ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍.
70 മുതല്‍ 80 സീറ്റുകള്‍ വരെ യുഡിഎഫ് പിടിക്കുമെന്നാണ് ന്യൂസ് 18 പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 സീറ്റുകള്‍ വരെ നേടുമെന്നും ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ട്. ബിജെപിക്ക് പൂജ്യം മുതല്‍ നാല് സീറ്റുകളില്‍ സാധ്യതയുണ്ടെന്നും ന്യൂസ് 18 സര്‍വ്വേ. 75 മുതല്‍ 85 സീറ്റുകളില്‍ യുഡിഎഫ് ആധിപത്യ വിജയമുറപ്പാക്കുമെന്ന് പീപ്പിള്‍സ് പള്‍സ് പറയുന്നു. 55 മുതല്‍ 65 സീറ്റുകളിലേക്ക് ഇടതുമുന്നണി ചുരുങ്ങുമെന്നും പരമാവധി 3 സീറ്റുകളില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് നേടാനാവുകയെന്നും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നുണ്ട്.
കേരളത്തിൽ ഒറ്റഘട്ടമായി ഏപ്രിൽ ഒമ്പതിനായിരുന്നു വോട്ടെടുപ്പ് പൂർത്തിയായത്. വോട്ടെടുപ്പിന് ശേഷം പൊതുട്രെൻഡുകൾ പുറത്തുവന്നിരുന്നെങ്കിലും ആർക്കും മുൻതൂക്കം പ്രവചിക്കാൻ സാധിച്ചിരുന്നില്ല. സാമ്പിളിംങ് മാർഗ്ഗം ഉപയോഗപ്പെടുത്തി പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോളുകള്‍ ട്രെന്‍ഡിനെക്കുറിച്ച് നല്‍കിയിരിക്കുന്ന സൂചന 60 ശതമാനത്തോളം ശരിയാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍.
English Summary: Kerala Exit Poll results provide an early indication of voter mood, expected seat share, and party performance across the state. The single-phase voting was conducted across Kerala on April 9., Final election results are scheduled to be officially declared on May 4. closely watch trends involving United Democratic Front, Left Democratic Front, and Bharatiya Janata Party ahead of official counting day.