Kerala

ടെൻഡർ പ്രതിസന്ധി; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു

ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം കുറയുന്നത്, മരുന്നുകളുടെ ലഭ്യത കുറയുന്നതിനും വില ഉയരുന്നതിനും കാരണമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Madism Desk

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകളുടെ വിതരണത്തിൽ ഈ വർഷവും പ്രതിസന്ധി നേരിടുമെന്ന് സൂചന. മരുന്ന് വിതരണത്തിനുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കേണ്ട പല സ്ഥാപനങ്ങൾക്കും നിർബന്ധമായ ബാങ്ക് രേഖകൾ സമയബന്ധിതമായി സമർപ്പിക്കാനാകാത്ത സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്ന് ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ മിക്ക കമ്പനികളും ടെൻഡർ വ്യവസ്ഥകൾക്ക് പുറത്താകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ടെൻഡർ സമർപ്പിക്കാൻ‍ ഒരു മാസത്തെ സമയപരിധി അനുവദിച്ചിരുന്നെങ്കിലും, കഴിഞ്ഞ വർഷത്തെ പൊതുഅവധികൾ നടപടികൾ വൈകാൻ കാരണമായെന്നാണ് കമ്പനികളുടെ വിശദീകരണം. ഓൺലൈനായി നടത്തുന്ന ടെൻഡർ നടപടികൾക്കാവശ്യമായ രേഖകൾ സമ്പൂർണ്ണമായി അപ്‌ലോഡ് ചെയ്യാനും പലർക്കും സാധിച്ചിട്ടില്ല. മാത്രമല്ല, ബാങ്കുകളിൽ നിന്ന് ലഭിക്കേണ്ട ഇ-ബാങ്ക് ഗ്യാരന്റി ഉൾപ്പെടെയുള്ള രേഖകൾ പല സ്ഥാപനങ്ങൾക്കും ഇതുവരെ ലഭിച്ചിട്ടില്ല.

ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടി നാൽപ്പതിലേറെ കമ്പനികളാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ പത്ത് ദിവസങ്ങൾ നീട്ടി നൽകണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. ഇതോടെ ആന്റിബയോട്ടിക്കുകൾ, ഐവി ഫ്ലൂയിഡുകൾ, കോട്ടൺ, ഗ്ലൗസുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന നിരവധി കമ്പനികൾ ടെൻഡറിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണുണ്ടാകുന്നത്.

ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം കുറയുന്നത്, മരുന്നുകളുടെ ലഭ്യത കുറയുന്നതിനും വില ഉയരുന്നതിനും കാരണമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സർക്കാർ ആശുപത്രികളിൽ ഐവി ഫ്ലൂയിഡുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ക്ഷാമം നേരിട്ട അനുഭവം വീണ്ടും ആവർത്തിക്കാനുള്ള സാധ്യതയാണെന്നാണ് വിലയിരുത്തൽ. ടെൻഡർ നടപടികൾ പൂർണ്ണമായും ഓൺലൈനായതിനാൽ അടിയന്തരമായി മറ്റ് മാർഗങ്ങൾ സ്വീകരിക്കാനും പരിമിതിയുണ്ട്.

ഇ-ബാങ്ക് ഗ്യാരന്റി അടക്കമുള്ള രേഖകൾ വൈകാൻ കാരണം ബാങ്കുകളുടെ നടപടിക്രമങ്ങളാണെന്നും കമ്പനികൾ ആരോപിക്കുന്നു. സമയപരിധി നീട്ടി നൽകിയാൽ കൂടുതൽ സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കെടുക്കുമെന്നും, അതുവഴി വില കുറയാനും മരുന്ന് ക്ഷാമം ഒഴിവാക്കാനും സാധിക്കുമെന്നും കമ്പനികൾ വ്യക്തമാക്കുന്നു. എന്നാൽ ആവശ്യമായ സമയപരിധി ഇതിനകം അനുവദിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

English Summary: Kerala's government hospitals face a potential medicine shortage due to a tender crisis, as several companies struggle to submit required documents on time, threatening the supply of essential medicines and equipment.