Kerala

അം​ഗങ്ങളിൽ പലർക്കും യോ​ഗ്യതയില്ല; വഖഫ് ബോർഡ് പിരിച്ചുവിടാനൊരുങ്ങി സംസ്ഥാന സർക്കാർ

നാലര വർഷം കാലാവധി ശേഷിക്കെയാണ് യുഡിഎഫ് സര്‍ക്കാര്‍ അം​ഗങ്ങളെ പിരിച്ചുവിടാനൊരുങ്ങുന്നത്

Madism Desk

കേരള വഖഫ് ബോർഡ് പിരിച്ചു വിടാനൊരുങ്ങി സംസ്ഥാന സർക്കാർ. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്ന് വിലയിരുത്തിയാണ് അം​ഗങ്ങളെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലുണ്ട്. അം​ഗങ്ങളെ പിരിച്ചുവിട്ട് ഉടൻ വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സർക്കാർ നീക്കം.

ഇക്കഴിഞ്ഞ മാർച്ചിലാണ് കെ.എസ്‌. ഹംസയെ ചെയർമാൻ ആയി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്. നാലര വർഷം കാലാവധി ശേഷിക്കെയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ അം​ഗങ്ങളെ പിരിച്ചുവിടാനൊരുങ്ങുന്നത്. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിലും സർക്കാരിന് അമർഷമുണ്ട്. അതേസമയം രണ്ട് അമുസ്‌ലിം അംഗങ്ങളുടെ ഒഴിവ് ഉടൻ നികത്താമെന്ന് ഉത്തരവിൽതന്നെ വ്യക്തമാക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എൽഡിഎഫ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് രേഖകൾ പറയുന്നു.

വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ 11 അംഗങ്ങൾ വേണം. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് ഒമ്പത് അംഗങ്ങളെ ഉൾപ്പെടുത്തി എൽഡിഎഫ് സർക്കാർ പുതിയ ബോർഡ് രൂപീകരിച്ചത്. രണ്ട് പേരുടെ ഒഴിവ് ഉടൻ നികത്തുമെന്ന് ഉത്തരവിൽതന്നെ വ്യക്തമാക്കുകയും ചെയ്തു. വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അമുസ്‌ലിം അംഗങ്ങൾ ബോർഡിൽ നിർബന്ധമാണ്. വഖഫ് ബോർഡിന്റെ കാലാവധി അവസാനിച്ചതിനാൽ പുനഃസംഘടിപ്പിക്കണമെന്നു ഹൈക്കോടതി നിർദേശമുണ്ടായിരുന്നു.

ഇതുകൂടി കണക്കിലെടുത്താണു വഖഫ് ഭേദഗതി നിയമത്തിലെ സെക്‌ഷൻ 14 പ്രകാരം സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്. നേരത്തേ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുപ്പിലൂടെയാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ പുതിയ നിയമപ്രകാരം സർക്കാർ നാമനിർദേശമാണ്. സെക്‌ഷൻ 14ൽ തന്നെയാണ് രണ്ട് അംഗങ്ങൾ അമുസ്‌ലിംകളാകണമെന്ന വ്യവസ്ഥയുള്ളത്. തെരഞ്ഞെടുപ്പ് അടിസ്ഥാനത്തിൽ വഖഫ് ബോർഡ് നിലവിൽ വരുമ്പോൾ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും മുസ്‌ലിം ലീഗിന് നിർണായക പ്രാതിനിധ്യം ലഭിക്കാറുണ്ട്. പൂർണമായും നാമനിർദേശത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച നിലവിലെ ബോർഡിൽ ലീഗിന് ഒരു പ്രതിനിധി പോലുമില്ല.

നിലവിലെ ബോർഡിൽ മുതവല്ലി, മതപണ്ഡിതൻ തുടങ്ങിയ ചില വിഭാഗങ്ങളിൽ എൽഡിഎഫ് സർക്കാർ നാമനിർദേശം ചെയ്തവർ അതിനു യോഗ്യരല്ലെന്നാണ് യുഡിഎഫിന്റെ നിലപാട്. എന്നാൽ, വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ലീഗ് ഉൾപ്പെടെ നൽകിയ ഹർജികളിൽ തീർപ്പുണ്ടാകുന്നതുവരെ പുനഃസംഘടന വേണ്ടെന്നായിരുന്നു ധാരണ. ഇതിനിടെയാണ് ഇപ്പോൾ വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

The Kerala government is preparing to dissolve the Kerala Waqf Board. The move is reportedly driven by an assessment that several members do not meet the legal eligibility criteria, as well as the High Court's restriction on the board from taking policy decisions. The board, reconstituted by the LDF government in 2021, has also been embroiled in controversy over the absence of a Muslim League representative and disputes surrounding the appointment of non-Muslim members.