Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത നാശനഷ്ടം; നാല് മരണം

ഇടുക്കിയിലും കോട്ടയത്തുമായി വ്യാപകമായ ഉരുൾപൊട്ടലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Madism Desk

സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടർന്ന് പ്രളയസമാനമായ സാഹചര്യം. മഴക്കെടുതി രൂക്ഷമായതോടെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ ഏറ്റവും വലിയ നാശനഷ്ടങ്ങൾ വിതച്ചിരിക്കുന്നത്. പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഉരുൾപൊട്ടലിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഒറ്റപ്പെട്ട നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്.

ഇടുക്കിയിലും കോട്ടയത്തുമായി വ്യാപകമായ ഉരുൾപൊട്ടലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് പൂർണ്ണമായും മണ്ണിനടിയിലായി. ഇവിടെ സുമതി എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭർത്താവിനെയും മകനെയും രക്ഷപ്പെടുത്തി. വാഗമണ്ണിൽ വെച്ച് വൈക്കം സ്വദേശി പ്രഭാകരൻ നായരും പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ജോസഫിൻ മാണിയും അപകടങ്ങളിൽപ്പെട്ട് മരിച്ചു. കോട്ടയത്ത് മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്.

കൂട്ടിക്കൽ, കൊക്കയാർ, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് കുടുംബം കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മുണ്ടക്കയം, ഈരാറ്റുപേട്ട, തീക്കോയി എന്നിവിടങ്ങളിലെ പാലങ്ങൾ വെള്ളത്തിനടിയിലായതോടെ കോട്ടയത്തിന്റെയും ഇടുക്കിയുടെയും പല ഭാഗങ്ങളിലും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പത്തനംതിട്ടയിൽ പമ്പാ നദിയിൽ അതിവേഗം ജലനിരപ്പ് ഉയർന്നതോടെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. റാന്നി - വടശ്ശേരിക്കര റോഡും പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ്‌വേയും പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. ടൗണിലെ കടകളിലും നിരവധി വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വീടുകളുടെ മുകൾ നിലകളിൽ അഭയം പ്രാപിച്ചവരെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും ചേർന്ന് ഡിങ്കി ബോട്ടുകളിലാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. കൂടുതൽ ബോട്ടുകൾ പ്രദേശത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ കർശന നിർദേശം നൽകിയിട്ടുണ്ട്.

Heavy rainfall has wreaked havoc across Kerala, triggering landslides and floods that have claimed three lives in Idukki and Kottayam. A red alert has been issued for eight districts as major rivers, including Pamba, Meenachil, and Manimala, are overflowing. Ranni town in Pathanamthitta is completely cut off, with shops and roads submerged. Rescue operations are underway using dinghy boats to evacuate people stranded in their homes. Landslides have caused significant damage in Kodayathoor, Vagamon, Poonjar, and Koottickal, leading to road blockages and the opening of several relief camps.