Kerala

സംസ്ഥാനത്ത് അതിശക്തമായ മഴ: ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍, മൂന്ന് മരണം; ജാഗ്രതാ നിർദേശം

വാഗമൺ കോലാഹലമേട്ടിലും ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു വീണ് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Madism Desk

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വ്യാപക നാശനഷ്ടം. മഴക്കെടുതി രൂക്ഷമായതോടെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം സ്ഥിരീകരിച്ചു.

ഇടുക്കി കുടയത്തൂർ അടൂർമലയിൽ മഷിക്കല്ലേൽ രവിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ രവിയുടെ ഭാര്യ സുമതിയാണ് മരിച്ചത്. വീട് പൂർണ്ണമായും മണ്ണിനടിയിലായി. അപകടത്തിൽപ്പെട്ട രവിയെയും മകനെയും രക്ഷപ്പെടുത്തി. വാഗമൺ കോലാഹലമേട്ടിലും ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞു വീണ് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കോട്ടയം ജില്ലയിൽ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ മണപ്പാട്ട് ജോണിയുടെ വീടിനുമുകളിൽ മണ്ണിടിഞ്ഞ് ജോണിയും കുടുംബവും കുടുങ്ങി കിടക്കുന്നുണ്ട്. തീക്കോയി, മംഗളഗിരി, കൈപ്പള്ളി, പെരിങ്ങളം, കൂട്ടിക്കൽ, കൊക്കയാർ എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി.

മണിമലയാർ, മീനച്ചിലാർ, പുല്ലകയാർ, പമ്പ, കക്കാട്, കല്ലാർ തുടങ്ങിയ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കൂട്ടിക്കൽ ചപ്പാത്ത്, മുണ്ടക്കയം കോസ്‌വേ, ഈരാറ്റുപേട്ടയിലെ കോസ്‌വേകൾ എന്നിവ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട-വാഗമൺ റോഡിലുൾപ്പെടെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി മേഖലകളിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. അപകട ഭീഷണി നേരിടുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിക്കുകയാണ്.

പത്തനംതിട്ട ജില്ലയിലും മഴ അതിശക്തമായി തുടരുകയാണ്. പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം വെള്ളത്തിൽ മുങ്ങി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് അടിയന്തര സഹായങ്ങൾ ലഭ്യമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സഹായങ്ങൾക്കായി 9497960963, 9497908045, 0468 2222600 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

മഴക്കെടുതി അതിരൂക്ഷമായ സാഹചര്യത്തിൽ എട്ട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിലാണ് അവധി. ഇതിനുപുറമെ, സംസ്ഥാന സഹകരണ യൂണിയൻ ഇന്ന് നടത്താനിരുന്ന എച്ച്ഡിസി ആൻഡ് ബിഎം (HDC & BM) പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജലനിരപ്പ് ഉയർന്നതിനാൽ പത്തനംതിട്ട അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും ഇന്ന് പ്രവർത്തിക്കില്ല. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ കർശന നിർദേശം നൽകിയിട്ടുണ്ട്.

Kerala is experiencing severe rainfall, triggering landslides and flood-like situations in Idukki, Kottayam, and Pathanamthitta districts. One casualty was reported in Adoormala, Idukki, due to a landslide. With red alerts issued in six districts and rivers overflowing, authorities have declared a holiday for educational institutions in eight districts. A 24-hour emergency control room is now operational in Pathanamthitta to coordinate rescue efforts.