ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുമുമ്പ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ ട്രാന്‍സ് പുരുഷന് അനുമതി നല്‍കി കേരള ഹൈക്കോടതി. 2021 ലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി റെഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ഉള്‍പ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ കിംസ് ആശുപത്രി അണ്ഡം മരവിപ്പിച്ചു സൂക്ഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്.
വ്യക്തിയുടെ ലിംഗപദവി എന്തായാലും പ്രത്യുല്‍പ്പാദനത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (എആര്‍ടി) ബാങ്കിനെ സമീപിക്കാമെന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ഉത്തരവിട്ടു. അണ്ഡം സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട എആര്‍ടി ബാങ്ക് സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വിധി പറയുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ കൗണ്‍സിലിന്റെ വാദങ്ങളും കോടതി കേട്ടിരുന്നു.
സ്ത്രീയായി ജനിക്കുകയും പിന്നീട് പുരുഷനായി സ്വയം അടയാളപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍. താന്‍ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സ്തനങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ മാത്രമാണ് ഇതുവരെ ചെയ്തതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്-പുരുഷന്മാര്‍ക്കും ഗര്‍ഭധാരണം സാധ്യമാണെന്നും അതിനാല്‍ പൂര്‍ണമായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുന്‍പ് തന്റെ അണ്ഡം മരവിപ്പിച്ചു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറാണ് ഹാജരായത്.
അണ്ഡം മരവിപ്പിച്ച് സൂക്ഷിക്കാനുള്ള അനുമതി നിഷേധിക്കുന്നത് പ്രത്യുല്‍പാദനപരമായ തിരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇല്ലാതാക്കലാണെന്നും ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം പ്രത്യുല്‍പാദനത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2019 ലെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ നിയമം ഉറപ്പുനല്‍കുന്ന ആരോഗ്യ പരിരക്ഷ ലഭിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും 2020-ലെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ചട്ടങ്ങള്‍ ഇത്തരം വിവേചനങ്ങള്‍ നിരോധിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.
എ.ആര്‍.ടി നിയമപ്രകാരം ഇത്തരം ചികിത്സാ സഹായങ്ങള്‍ 'കമ്മീഷനിംഗ് കപ്പിളിന്' (നിയമപരമായി വിവാഹിതരാകുന്ന പുരുഷനും സ്ത്രീയും) അല്ലെങ്കില്‍ അവിവാഹിതയായ സ്ത്രീയ്ക്ക് മാത്രമേ അനുവദനീയമായിട്ടുള്ളൂ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. അവിവാഹിതരായ പുരുഷന്മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ എന്നിവരെ ഇതില്‍ നിന്നും വ്യക്തമായി ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. അതിനാല്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നത് ഒരു ട്രാന്‍സ് പുരുഷന് ലഭ്യമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഹര്‍ജിക്കാരന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, അണ്ഡാശയം നീക്കം ചെയ്യല്‍ എന്നീ ശസ്ത്രക്രിയകള്‍ക്ക് വിധേയനായാല്‍ ശീതീകരിച്ച അണ്ഡം സ്വന്തമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും പിന്നീട് വാടകഗര്‍ഭധാരണം മാത്രമായിരിക്കും ഏക പോംവഴിയെന്നും കേന്ദ്രം സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. വാടക ഗര്‍ഭധാരണ നിയന്ത്രണ നിയമം, 2021 ലും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒഴിവാക്കിയിട്ടുള്ളതിനാല്‍ ഹര്‍ജിക്കാരന് ഈ നിയമത്തിന്റെ ആനുകൂല്യവും തേടാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിചരണവും) ആക്ട്, 2015, ഹിന്ദു ദത്തെടുക്കല്‍, പരിപാലന നിയമം, 1956 എന്നിവ പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവാദമില്ലെന്നും കേന്ദ്രം ബോധിപ്പിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എ.ആര്‍.ടി സേവനങ്ങള്‍ അനുവദിക്കുന്നത് ഒരു നയപരമായ തീരുമാനമാണ്. കുട്ടികളുടെ ക്ഷേമത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഈ രംഗത്തെ വിദഗ്ദ്ധരാണെന്നും അതിനാല്‍ കോടതി ഇതില്‍ ഇടപെടുന്നത് ഉചിതമല്ലെന്നും കേന്ദ്രം വാദിച്ചു.
അതേസമയം, പ്രത്യുല്‍പ്പാദന അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഗര്‍ഭപാത്രവും അണ്ഡാശയവും നിലനില്‍ക്കുന്നിടത്തോളം കാലം അണ്ഡം ശേഖരിക്കുന്നതില്‍ തെറ്റില്ലെന്നും ഇതിനായി സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് അണ്ഡമോ ശുക്ലമോ സംരക്ഷിക്കുന്നതിനെക്കുറിച്ച് കൗണ്‍സലിങ് നല്‍കണമെന്നും കോടതി പറഞ്ഞു.
English Summary: The Kerala High Court has delivered a historic ruling by allowing a 28-year-old transgender man to cryopreserve (freeze) his eggs at an Assisted Reproductive Technology (ART) bank of his choice. The ruling directly addresses the legal gaps in India’s reproductive laws regarding the LGBTQIA+ community, emphasizing that the right to reproduction is a fundamental right under Article 21 of the Constitution.