മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിർമ്മല സീതാരാമന്‍ 
Kerala

കേരളം, കേരളം; ബജറ്റ് അവതരണത്തിനിടെ പ്രതിഷേധ സ്വരമുയര്‍ത്തി സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍

കേരളത്തിന് ആമയും തേങ്ങയും മാത്രം

Madism Desk

ഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിനിടെ പാര്‍ലമെന്റില്‍ പ്രതിഷേധ സ്വരമുയര്‍ത്തി പ്രതിപക്ഷ നിരയിലുള്ള സംസ്ഥാനത്തെ എംപിമാര്‍. കേരളം, കേരളം എന്ന് ഉറക്കെ വിളിച്ചായിരുന്നു എംപിമാരുടെ പ്രതിഷേധം. അതിവേഗ റെയില്‍ പാതയും എയിംസും, പുതിയ ജലപാതയും ഉള്‍പ്പെടെ കേരളം പ്രതീക്ഷിച്ച യാതൊരുവിധ പദ്ധതികളും ബജറ്റില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ധാതു ഇടനാഴി പദ്ധതിയില്‍ മാത്രമാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. നാളീകേര, കശുവണ്ടി, ആയൂര്‍വേദം തുടങ്ങിയ മേഖലകളില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പദ്ധതികളുടെ ആനുകൂല്യം സംസ്ഥാന ലഭിക്കുമെങ്കിലും കേരളത്തിന് മാത്രമായി പദ്ധതികളില്ല.

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം എന്നൊരു സംസ്ഥാനം ഉണ്ടെന്ന് മറക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും ആമയുടെ വികസനം സംസ്ഥാനത്തിന് മതിയെന്നാണോ കേന്ദ്ര നിലപാടെന്നും ഷാഫി പറമ്പില്‍ എംപി ചോദിച്ചു. കണ്ണില്‍ പൊടിയിടാനെങ്കിലും കേരളത്തിന് വേണ്ടി ഒരു പദ്ധതി പ്രഖ്യാപിക്കാമായിരുന്നുവെന്ന് ഇടത് എംപി ജോണ്‍ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വരും ദിവസങ്ങളില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയേക്കും.

കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ നേരത്തെ മന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നു.

ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തിന്റെ നിർണായകമായ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ കേരളം ബോധിപ്പിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കെ എൻ ബാലഗോപാൽ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചത്. പ്രവാസി പാക്കേജുകളും കേരളത്തിന്റെ എയിംസെന്ന സ്വപ്നവും ശബരി റെയിലും ഉൾപ്പടെയുള്ള കാര്യങ്ങളാണ് കേരളത്തിന്റെ പട്ടികയിലുള്ളത്.

കൂടാതെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം കേരളത്തിന് നൽകാനുള്ള 21000 കോടി രൂപ പ്രത്യേക സാമ്പത്തിക പാക്കേജായി അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിബി ജി റാം ജിയിൽ കേന്ദ്ര വിഹിതം കുറഞ്ഞതിലുള്ള ബാധ്യതയും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇപ്പോൾ പദ്ധതികളുടെ 40 ശതമാനം വഹിക്കുന്നത് സംസ്ഥാനങ്ങളാണ്, ഇത് വലിയ സാമ്പത്തിക ഞെരുക്കത്തിന് വഴി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര പദ്ധതികൾക്ക് നൽകുന്ന കേന്ദ്ര വിഹിതം 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങൾക്ക് രക്ഷാപദ്ധതികൾ, അംഗനവാടി ജീവനക്കാർ, ആശാ വർക്കർ തുടങ്ങിയവരുടെ ഓണറേറിയം, സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങിയവയുടെ ഫണ്ടുകൾ വർധിപ്പിക്കുക, കേരളത്തിലെ പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഫണ്ടുകളും പ്രവാസി പുനരധിവാസത്തിനായുള്ള പാക്കേജും കേരളത്തിന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ശബരി റെയിൽപാത പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുകയും, കൊല്ലം - ചെങ്കോട്ട റെയിൽവേ വരെ നീട്ടുകയും, ഈ പാത വിഴിഞ്ഞം തുറമുഖമായി ബന്ധിപ്പിക്കണമെന്നും കേരളം കേന്ദ്രത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവുമായി റെയിൽ കണക്ടിവിറ്റി, ഗ്രീൻ ഹൈഡ്രജൻ ഹബ് തുടങ്ങിയ സൗകര്യങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര സഹായം വേണമെന്നും ഭാരത് മാല പദ്ധതിയിൽ വിഴിഞ്ഞം ഉൾപ്പെടുത്താനും കേരളം ആവിശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് വലിയ ഭീക്ഷണി ഉയരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ 1000 കോടിയുടെ പദ്ധതി, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എഫ്സിഐയിൽ കുടിശ്ശികയായ 2000 കോടി ലഭിക്കുക, 1000 കോടിയുടെ റബർ വില സ്ഥിരത ഫണ്ട് സഹായം, റബർ വില ഉയർത്തുക തുടങ്ങി പ്രധാനപ്പെട്ട ഒരുപാട് ആവശ്യങ്ങളും നിർദ്ദേശങ്ങളും കേരളത്തിന്റെ പട്ടികയിലുണ്ട്.

English Summary: Kerala MPs from the opposition raised loud protests in Parliament during the Union Budget presentation, repeatedly chanting “Kerala, Kerala” to highlight the state’s complete neglect. No major projects like high-speed rail, AIIMS, or new waterways were announced for Kerala, with only the mineral corridor mentioned.