Kerala

'വണ്ടിയുടെ ചാവിക്ക് കീ-ചെയിന്‍ ഇടാം കേട്ടോ...'; മോഡിഫിക്കേഷൻ അനുമതിക്ക് ട്രോൾ പൂരം

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാഹന മോഡിഫിക്കേഷന് അനുമതി നല്‍കുമെന്ന പ്രഖ്യാപന പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഗതാഗത കമീഷന്‍.

Madism Desk

വാഹന പ്രേമികളെ ആവേശത്തിലാക്കി 'വാഹന മോഡിഫിക്കേഷന്' അനുമതി നല്‍കുമെന്ന വി ഡി സതീശന്റെ വാഗ്ദാനത്തിന് പച്ചക്കൊടി കാണിച്ച ഗതാഗത കമ്മിഷണറുടെ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് കാണിച്ചാണ് എം.വി.ഡി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാറിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അധികാരത്തിലെത്തിയാല്‍ വാഹന മോഡിഫിക്കേഷന് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയായതിനു പിന്നാലെ വാര്‍ത്താ സമ്മേളനത്തിലും ഈ വിഷയത്തില്‍ വി ഡി സതീശന്‍ അനുകൂല നിലപാട് ആവര്‍ത്തിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം വി ഡി സതീശന് ജെന്‍ സീ ടാഗും നല്‍കിയിരുന്നു. എന്നാല്‍, ഗതാഗത കമ്മിഷണർ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്ന മോഡിഫിക്കേഷനുകളെ പരിഹസിച്ച് നിലവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

'സീറ്റ് കവര്‍, സ്റ്റീയറിങ് വീല്‍ കവര്‍, ഫ്‌ളോർ മാറ്റ് എന്നിവയ്‌ക്കൊക്കെ അനുമതി തന്നതിനു മുഖ്യന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു' എന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഇനി മുതല്‍ 'വണ്ടിയുടെ ചാവിക്ക് കീ-ചെയിന്‍ ഇടാം കേട്ടോ...' എന്ന് പറയുന്ന അവസ്ഥയാണ്. 'അപ്പോ നമ്മള്‍ ഉദ്ദേശിച്ച മോഡിഫിക്കേഷന്‍ അല്ലല്ലേ... മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്ന ഞെട്ടലും പലരും പങ്കുവയ്ക്കുന്നു. പഞ്ചറായ ടയര്‍ മാറ്റാനും, സൈക്കിള്‍ ടയറില്‍ മുത്തിടാനും അനുമതി തരണം എന്ന രീതിയില്‍ പരിഹാസ രൂപേണയും കമന്റുകളും നിറയുന്നുണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പണ്ട് 'പൂക്കി മിനിസ്റ്റര്‍' എന്ന് വിളിച്ച് പുകഴ്ത്തിയവരൊക്കെ ഇപ്പൊ കളി മാറി കമന്റ് ബോക്‌സുകളില്‍ വിമര്‍ശനം കൊണ്ട് നിറയ്ക്കുകയാണ്.'

അനുമതിയില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍, അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍ എന്നിങ്ങനെയാണ് ഗതാഗത കമ്മിഷണർ നല്‍കിയിരിക്കുന്ന ശിപാര്‍ശ. ഫീസടച്ച് പ്രത്യേക അനുമതിയോടെ വാഹനങ്ങളുടെ നിറം മാറ്റാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ആര്‍സിയില്‍ രേഖപ്പെടുത്തണം. കൂടാതെ എല്‍പിജി/സിഎന്‍ജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്, ഇലക്ട്രിക് ആക്കി മാറ്റുന്നത്, എന്‍ജിന്‍ മാറ്റുന്നത്, ഷാസി ഫ്രെയിം മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആര്‍സിയില്‍ രേഖപ്പെടുത്തണം.

അനുമതി വേണ്ടാത്ത മോഡിഫിക്കേഷനുകള്‍

അധിക സ്പീക്കറുകള്‍, ആന്‍ഡ്രോയിഡ് ഇന്റഫോടെയിന്‍മെന്റ് സിസ്റ്റം, ബോഡി സ്റ്റിക്കറുകള്‍, ക്രോം ഗാര്‍ണിഷ്, ഡാഷ് കാം, ഡോര്‍ വൈസറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, ജിപിഎസ് ട്രാക്കര്‍, ഇന്റീരിയര്‍ ആംബിയന്റ് ലൈറ്റിങ്, മഡ് ഫ്ളാപ്പുകള്‍, പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, റൂഫ് കാരിയറുകള്‍, സീറ്റ് കവര്‍, 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം, സ്റ്റിയറിങ് വീല്‍ കവര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ടോ ഹുക്കുകള്‍.

English Summary: The Kerala Motor Vehicles Department (MVD) has proposed allowing 18 categories of vehicle modifications, sparking widespread discussion and trolling on social media. The move comes after opposition leader V.D. Satheesan's promise to permit certain vehicle modifications received support through recommendations from the Transport Commissioner. The proposed changes reportedly include the installation of stickers, additional lights, and other customization options that are currently restricted. The MVD has submitted its report to the state government, and a final decision will be made after the government's review and approval.