കർണാടകയിലെ പെട്രോൾ പമ്പുകളിൽ അുനവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടെന്ന കണ്ടെത്തിലിന് പിന്നാലെ കേരളത്തിലും കർശന പരിശോധനയ്ക്ക് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ പമ്പുകളിൽ നിന്നാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുക. എഥനോളിന്റെ അളവ് നിശ്ചിത പരിധിയിൽ കൂടുതലാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനാണ് സർക്കാരിന്റെ തീരുമാനം.
പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ കലർത്താനാണ് നിലവിൽ കേന്ദ്ര സർക്കാരിന്റെ അനുമതിയുള്ളത്. എന്നാൽ കർണാടക സർക്കാർ അടുത്തിടെ നടത്തിയ പരിശോധനയിൽ ഇത് 31.2 ശതമാനം വരെയാണെന്ന് കണ്ടെത്തിയിരുന്നു. 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ഉപയോഗിക്കാൻ പാകത്തിലല്ല രാജ്യത്തെ 99 ശതമാനം വാഹനങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇത് വാഹനങ്ങളുടെ മൈലേജ് വലിയ തോതിൽ കുറയ്ക്കുമെന്നും എഞ്ചിൻ വേഗത്തിൽ തകരാറിലാക്കുമെന്നും ആശങ്കയുണ്ട്.
ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 7 ജില്ലകളിൽനിന്ന് ശേഖരിച്ച 63 പെട്രോൾ സാമ്പിളുകളാണ് പരിശോധിച്ചത്. അഞ്ചിൽ നാലു സാമ്പിളിലും അളവ് 20 ശതമാനത്തിന് മുകളിലായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഷെൽ, നയാര എനർജി തുടങ്ങിയ പ്രമുഖ എണ്ണ വിപണന കമ്പനികളുടെ ഇന്ധന ഔട്ട്ലെറ്റുകളിൽ നിന്നാണ് ഈ സാമ്പിളുകൾ ശേഖരിച്ചത്. അതേസമയം, കർണാടക സർക്കാരിന്റെ ഈ കണ്ടെത്തലുകൾ എണ്ണക്കമ്പനികൾ തള്ളിക്കളഞ്ഞു. ബിഐഎസ് അംഗീകരിച്ച ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയുമാണ് കർണാടകയിൽ പരിശോധന നടത്തിയതെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വാദം.
ഐഒസിഎൽ പമ്പിൽ നിന്നുള്ള ഒരു സാമ്പിളിലാണ് ഏറ്റവും ഉയർന്ന നിരക്ക് കണ്ടെത്തിയത്, 31.2 ശതമാനം. എച്ച്പിസിഎൽ പമ്പുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇത് 30.5 ശതമാനവും 27 ശതമാനവുമാണ്. ബിപിസിഎൽ 26.5%, നയാര എനർജി 26.1%, ഷെൽ 25.5% എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പെട്രോളിലെ എത്തനോൾ സാന്നിധ്യം.
വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. കൂടിയ വില നൽകി പെട്രോൾ അടിക്കുന്ന ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണിതെന്നും, അമിതമായ എഥനോൾ ഉപയോഗം സാധാരണക്കാരുടെ വാഹനങ്ങളെ നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു
The Kerala government has ordered strict inspections at petrol pumps across the state following reports from Karnataka of excessive ethanol blending in petrol. Minister Anoop Jacob directed officials to collect samples initially from Thiruvananthapuram, Ernakulam, Kozhikode, and Kannur to verify if ethanol levels exceed the permissible 20% limit. The move aims to prevent severe engine damage and mileage drops in vehicles. While oil companies deny the allegations of unscientific blending, the issue has drawn political criticism, including from Rahul Gandhi.