രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിൽ വായിച്ച നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. നയപ്രഖ്യാപന പ്രസംഗത്തിൽ വായിക്കാതെ വിട്ട ഭാഗങ്ങളിൽ അവാസ്തവമായ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും, അവ തിരുത്തണമെന്ന് നേരത്തെ തന്നെ സർക്കാരിനോട് നിർദേശം നൽകിയിരുന്നുവെന്നും ലോക്ഭവൻ അറിയിച്ചു.
വിവരങ്ങൾ തിരുത്താമെന്ന് സർക്കാർ സമ്മതിച്ചിരുന്നുവെങ്കിലും, നിർദേശങ്ങൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കാതിരുന്നതെന്നാണ് ലോക്ഭവന്റെ വിശദീകരണം. ബില്ലുകൾ തടഞ്ഞതിനെതിരായ ഹർജി ഭരണഘടന ബെഞ്ചിന് അയച്ചുവെന്ന പരാമർശം തെറ്റാണെന്നും ലോക്ഭവൻ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗം അർദ്ധരാത്രിയോടെയാണ് ലോക് ഭവനിൽ എത്തിച്ചതെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.
അതേസമയം, നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരായ ചില വിമർശനങ്ങൾ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒഴിവാക്കുകയും ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തതായി ആരോപണമുണ്ട്. ഗവർണർ വായിക്കാതെ ഒഴിവാക്കിയ ഭാഗങ്ങൾ സഭയിൽ മുഖ്യമന്ത്രി തന്നെ വായിച്ച അസാധാരണ നീക്കത്തിലൂടെ ഗവർണറെ വിമർശിക്കുകയും ചെയ്തു.
ഗവർണറുടെ നടപടിക്കെതിരെ പ്രതിപക്ഷവും സ്പീക്കറും ശക്തമായ വിമർശനം ഉന്നയിച്ചു. ഒരു മണിക്കൂർ 52 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നികുതി വെട്ടിക്കുറച്ചതും തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങളും സംബന്ധിച്ച കേന്ദ്രവിമർശനങ്ങൾ വായിച്ചിരുന്നുവെങ്കിലും, മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ മുഴുവൻ ഭാഗങ്ങളും ഗവർണർ വായിച്ചിരുന്നില്ല.
English Summary: Kerala Raj Bhavan clarified the policy speech controversy, stating that incorrect information in certain sections led the Governor to skip those portions despite prior requests for corrections.