കേരളത്തിലെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ ഖേല്‍ക്കർ. ഇവിഎം, തപാൽ വോട്ടുകൾ ഉൾപ്പെട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 79.63 ശതമാനമാണ് പോൾ ചെയ്യപ്പെട്ട വോട്ടുകൾ. 78.27% ആണ് പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തിയ കണക്ക്. അതേസമയം അന്തിമ കണക്കുകളിൽ ഇനിയും മാറ്റങ്ങളുണ്ടായേക്കും. സര്‍വീസ് വോട്ടുകള്‍ കൂടെ ചേർത്തായിരിക്കും അന്തിമ കണക്ക് ലഭ്യമാക്കുക. നടപടിക്രമങ്ങളില്‍ അസ്വഭാവികതയില്ലെന്നും, പോളിങ് കണക്കുകള്‍ ക്രോഡീകരിക്കുകയാണെന്നും കമ്മീഷന്‍റെ പ്രവർത്തനങ്ങള്‍ സുതാര്യമാണെന്നും രത്തന്‍ ഖേല്‍ക്കർ വിശദീകരിച്ചു.
നേരത്തേ കമ്മീഷനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോളിങ് ശതമാന കണക്കുകള്‍ പുറത്തുവിടാത്തതില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷേ നേതാവ് വി.ഡി.സതീശനും, മന്ത്രി വി.ശിവന്‍കുട്ടിയും രംഗത്തുവന്നിരുന്നു. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ്ങും പോസ്റ്റല്‍ വോട്ടിങ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ പോളിങ് വിവരങ്ങള്‍ പുറത്തുവിടണമെന്നും, പോളിങ് വിവരങ്ങളും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും, കാലതാമസം വരുന്നത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു. കണക്കുകള്‍ വൈകുന്നത് ദുരൂഹത വര്‍ധിക്കുമെന്ന സമാനമായ അഭിപ്രായമാണ് മന്ത്രി വി.ശിവന്‍കുട്ടിയും രേഖപ്പെടുത്തിയത്.
English Summary: Kerala recorded 79.63% polling, with final figures pending as service votes are yet to be counted.