യുഡിഎഫ് സര്‍ക്കാരിനെ നിരന്തരം ഇരുട്ടില്‍ നിര്‍ത്തി വൈദ്യുതി വാങ്ങല്‍ ഇടപാടുകള്‍. വി.ഇ.എച്ച് ഗ്ലോബല്‍ കമ്പനിയില്‍നിന്ന് കഴിഞ്ഞ മാസം യൂനിറ്റിന് 11 രൂപക്ക് വൈദ്യുതി വാങ്ങിയതിലാണ് പുതിയ ആക്ഷേപങ്ങള്‍ ഉയരുന്നത്.
ജിഎന്‍എ കരാര്‍ സംബന്ധിച്ച ബഹളം കെട്ടടങ്ങിയന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. കാറ്റില്‍നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 4.50 രൂപ വരെ പരമാവധി വിലയുള്ളപ്പോള്‍, മൂന്നിരട്ടി നല്കി വാങ്ങിയതില്‍ മറുപടി നല്‍കണമെന്ന റെഗുലേറ്ററി കമീഷന്റെ നിര്‍ദേശം പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വി ഇ എച്ച്, ഹിമാചല്‍ കരാറുകളില്‍ അഴിമതി ആരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. രണ്ട് കരാറുകളിലും വന്‍ അഴിമതിയാണ് നടന്നതെന്നും, ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ അതിവേഗം മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നല്‍കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
ഒരുപടി കൂടി കടന്ന് ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വിഇഎച്ച് ഗ്ലോബല്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ പകല്‍ക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 4 രൂപയില്‍ താഴെ ലഭിക്കേണ്ട കാറ്റാടി വൈദ്യുതി, എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന് അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ വാങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
496 കോടി രൂപയുടെ ഈ ഇടപാടില്‍ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം പെരുപ്പിച്ചു കാണിച്ച വിലയില്‍ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുകയാണ്. ഹിമാചല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വൈദ്യുതി എനര്‍ജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കില്‍ യൂണിറ്റിന് 14.5 രൂപയ്ക്കാണ് കെ.എസ്.ഇ.ബി വാങ്ങിയത്. ഒക്ടോബറില്‍ 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാര്‍ പ്രകാരം ഹിമാചലില്‍ നിന്നും വാങ്ങിയത്. നിയമ-ധന വകുപ്പുകളുടെ പരിശോധനയില്ലാതെ ഇല്ലാതെ ഫയലിന്മേല് ശരവേഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നല്കിയ ഈ രണ്ട് ഇടപാടുകളും ദുരൂഹമാണ്.
കെഎസ്ഇബി ചെയര്‍മാനും പവര്‍ സെക്രട്ടറിയും ഒരാള്‍ തന്നെ ആയിരുന്നത് ചൂണ്ടിക്കാട്ടി വി.ഇ.എച്ച് ഗ്ലോബലുമായുള്ള ഇടപാട് കേവലം ഐ.എ.എസ് തലത്തില്‍ നടന്നതുമാത്രമാണെന്ന വിധത്തില്‍ ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങള്‍ ഇതിനകം പുറത്തു വന്നിരിക്കുകയാണ്. മുഖ്യമന്ത്രി കണ്ടംഗീകരിച്ചാണ് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത് എന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കുന്നതാണ് പുറത്തു വന്ന രേഖകള്‍.
അത്തരം ഒരു കരാറിലേര്‍പ്പെടാന്‍ യാതൊരു അടിയന്തിര സാഹചര്യവും കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത്തരം അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ വൈദ്യുതി ഉറപ്പുള്ള കരാറിലാണല്ലോ ഏര്പ്പെടേണ്ടിയിരുന്നത്. ഈ കരാറില്‍ നിന്നും 17 ദിവസം മാത്രമേ വൈദ്യുതി കിട്ടിയുള്ളൂ എന്നതും വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ പത്തു ശതമാനം വൈദ്യുതി പോലും ആകെ കിട്ടിയിട്ടില്ല എന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. അപ്പോള്‍ ഇത്തരത്തില്‍ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കരാറില്‍ അതും കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറികടന്നുപോലും ഏര്‍പ്പെടാന്‍ എന്താണ് കാരണം?
നവംബര്‍ പത്താം തിയ്യതി നല്കിയ പത്രകുറിപ്പില്‍ ജി.എന്‍.എ കരാര്‍ റദ്ദാക്കിയതു കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല എന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം യൂണിറ്റിന് 11 രൂപ നിരക്കില്‍ കരാര്‍ വെച്ചു വൈദ്യുതി വാങ്ങിക്കഴിഞ്ഞ വി.ഇ.എച്ച് ഗ്ലോബല്‍ കമ്പനിയുമായുണ്ടാക്കിയ ഇടപാടിലെ ദുരൂഹതയും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം പരാമര്‍ശിക്കുക പോലും ചെയ്തില്ല.
ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ മുഖ്യമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്. അപ്രധാന വിഷയങ്ങളില്‍ തൂങ്ങി പ്രധാനവിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്ന അദ്ദേഹത്തിന്റെ സ്ഥിരംശൈലി അംഗീകരിക്കാന്‍ കഴിയില്ല.
വിഇഎച്ച് ഗ്ലോബലുമായുള്ള കരാറിനെ സംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന് ഉന്നയിച്ച 15 ചോദ്യങ്ങളും യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളെയാണ് വെളിവാക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികളാകെ സംശയം സൃഷ്ടിക്കുന്നതും ജനങ്ങള്‍ക്ക് അമിതഭാരവും ദുരിതവും സമ്മാനിക്കുന്നതുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തു വിടാനും നേരത്തെ ആവശ്യപ്പെട്ട നിലയില്‍ സമഗ്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറാകണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Controversy has erupted over electricity procurement deals by the UDF government, with fresh allegations surrounding the purchase of power from VEH Global at Rs 11 per unit last month. The issue gained attention after the Electricity Regulatory Commission reportedly sought an explanation for purchasing wind-generated electricity at nearly three times the rate of Rs 4.50 per unit. The controversy follows earlier disputes over the GNA agreement. The CPM State Secretariat has accused the government of corruption in the VEH Global and Himachal Pradesh power deals, alleging that the Chief Minister issued orders directly without competitive tenders or regulatory approval.