ജിഎന്‍എ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായുള്ള വൈദ്യുതി കരാര്‍ നീക്കം വന്‍ വിവാദത്തിലേക്ക്. കെഎസ്ഇബി മുന്‍ ചെയര്മാന് ഡോ. എംജി രാജമാണിക്യത്തിന്റെ രേഖാമൂലമുള്ള വിയോജനക്കുറിപ്പും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നിലപാടുകളും തള്ളിയാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ ശക്തമായ താല്പര്യത്തില് ഈ കരാറുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനെത്തുടര്‍ന്ന് മന്ത്രിസഭയ്ക്കുള്ളില്‍ രൂക്ഷമായ ഭിന്നതയാണ് നിലനില്‍ക്കുന്നത്.
രാജമാണിക്യത്തിന്റെ വിയോജിപ്പും മന്ത്രിയുടെ മാറ്റവും
ടെന്‍ഡറില്ലാതെ 1,566 കോടി രൂപയുടെ കരാര്‍ ഒരു സ്വകാര്യ പ്ലാറ്റ്ഫോമിന് നല്‍കുന്നതിനെ ഡോ. എം.ജി. രാജമാണിക്യം ശക്തമായി ചോദ്യം ചെയ്തിരുന്നു. ഇതിനുപുറമേ, വിതരണ ഏജന്‍സികള്‍ക്ക് വൈദ്യുതി നല്കാന് ജിഎന്‍എ പോലുള്ള ഓവര്‍ ദ കൗണ്ടര്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലെന്ന് കെഎസ്ഇബി കമ്മീഷനെ നേരത്തെ അറിയിച്ചിട്ടുമുള്ളതാണ്. കരാര്‍ വ്യവസ്ഥകള്‍ അജ്ഞാതമാണെന്നും ഹിമാചല്‍ പ്രദേശില്‍നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ബോര്‍ഡിനും സംസ്ഥാനത്തിനും ലാഭകരമെന്നും ഒക്ടോബര്‍ 19-ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ മന്ത്രി സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു.
ജിഎന്‍എ കരാറിലെ സാമ്പത്തിക നഷ്ടവും ഹിമാചല്‍ പ്രദേശ് ബദലും
കരാറിനെ ന്യായീകരിക്കാന്‍ ഹിമാചലില്‍ നിന്നുള്ള വൈദ്യുതിക്ക് 2232 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി വാദിക്കുന്നത്. എന്നാല്‍ ഇത് റെഗുലേറ്ററി കമ്മീഷനോ കെസ്ഇബിയോ നല്കിയ കണക്കല്ല. ഉപഭോഗം ഏറ്റവും കൂടുതലുള്ള രാത്രി (പീക്ക്) സമയങ്ങളില്‍ ഹിമാചലില്‍ നിന്ന് 864 മുതല്‍ 1280 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാകും. ഏപ്രില്‍, മേയ് മാസങ്ങളിലെ ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും. എന്നാല്‍ ജിഎന്‍എ കരാറിലൂടെ മാര്‍ച്ച് വരെ മാത്രമേ വൈദ്യുതി ലഭിക്കൂ. ജിഎന്‍എ യൂണിറ്റിന് 8.48 രൂപ നിരക്കില്‍ തരുമെങ്കിലും പകല്‍ സമയത്താണ് കൂടുതല്‍ വൈദ്യുതി നല്‍കുന്നത്. നിലവില്‍ പകല്‍ സമയത്ത് മിച്ചമുള്ള വൈദ്യുതി കുറഞ്ഞ വിലയ്ക്ക് സറണ്ടര്‍ ചെയ്യേണ്ടി വരുന്ന കെഎസ്ഇബിക്ക് ഇത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും.
സെബി അന്വേഷണവും കമ്മീഷന് അനുമതിയും
ഓഹരി വിപണിയില്‍ 173 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ സെബിയുടെയും കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെയും അന്വേഷണം നേരിടുന്ന കമ്പനിയാണ് ജിഎന്‍എ എനര്‍ജി. കമ്പനി എം.ഡി ഉള്‍പ്പെടെ എട്ടുപേര്‍ കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇത്തരം തടസ്സങ്ങള്‍ ഉള്ളതിനാല്‍ സ്വകാര്യ പ്ലാറ്റ്ഫോമായ ജിഎന്എയില് നിന്നും വൈദ്യുതി വാങ്ങാനുള്ള കരാറിന് സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ടെന്‍ഡറില്ലാതെ മുന്‍കൂറനുമതിയില്ലാതെ ഒക്ടോബറില്‍ ഹിമാചലില്‍ നിന്ന് 300 കോടിയുടെ വൈദ്യുതി വാങ്ങിയതിലും കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കില്‍ പൊതുതാത്പര്യ പ്രകാരം സര്‍ക്കാരിന് കമ്മീഷന് നിര്‍ദേശം നല്കാനാകുന്ന വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് ഉപയോഗിച്ച് കരാര്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
The proposed electricity procurement agreement between the Kerala government and GNA Energy Private Limited has triggered a controversy, with differences emerging within the Cabinet. The government is reportedly moving ahead with the ₹1,566-crore deal despite written objections from former KSEB Chairman Dr MG Rajamanickam and concerns raised by Electricity Minister Sunny Joseph. The former KSEB chairman questioned awarding such a large contract to a private platform without a tender, while the electricity minister argued that procuring power from Himachal Pradesh would be more beneficial to the state.