Kerala

കെഎന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകും; പിണറായിയെ കാത്തിരിക്കുന്നത് രാഷ്ട്രീയ വനവാസമോ?

നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിർണായത തീരുമാനങ്ങളുണ്ടാവും

Political Desk

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎന്‍ ബാലഗോപാലിനെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍പ്പിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിണറായി വിജയന്‍ മാറിനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളുണ്ടാകും.

ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പ്രകടനങ്ങളിലൊന്നാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത്. പാര്‍ട്ടി സെക്രട്ടറിയേക്കാളും പിണറായി വിജയനാണ് തോല്‍വിയുടെ ഉത്തരവാദിത്തമെന്ന തലത്തില്‍ ചര്‍ച്ചകളും കനക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളെ ഓരോന്നായി പാര്‍ട്ടിയില്‍നിന്ന് അകറ്റിയതിലും വിമതനീക്കങ്ങള്‍ക്ക് തടയിടാനും സാധിക്കാതിരുന്നത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരാജയമാണന്ന വിലയിരുത്തലും സജീവമാണ്. ധര്‍മടത്ത് പിണറായി വിജയന്‍ അഞ്ച് റൗണ്ടുകളില്‍ പിന്നിലായത് ചെറിയ തലവേദനയല്ല കണ്ണൂരിലെ പാര്‍ട്ടിക്ക് സമ്മാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറയിലുണ്ടായ ചോര്‍ച്ചയായിട്ടാണ് നേതാക്കളും അണികളും ഇതിനെ കാണുന്നത്. ശക്തമായ തിരിച്ചുവരവ് പാര്‍ട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന മറ്റൊന്നാണ്.

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന കെട്ടുറപ്പ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നഷ്ടമായെന്നും കണ്ണൂരിലെ ചില കോണുകളില്‍നിന്ന് വിമര്‍ശനങ്ങളുണ്ട്. വരും ദിവസങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ മറനീക്കി പുറത്തുവരും. പി ജയരാജന്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ നേതാക്കള്‍ വരും ദിവസങ്ങളിലെ പാര്‍ട്ടി നേതൃയോഗങ്ങളില്‍ എന്ത് തലത്തിലാവും തോല്‍വിയെ വിലയിരുത്തുകയെന്നും ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്. 13 മന്ത്രിമാരാണ് ഇത്തവണ എല്‍ഡിഎഫില്‍ പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഒ ആര്‍ കേളു, കെ ബി ഗണേഷ്‌കുമാര്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ വിജയിച്ചത്.

അഞ്ച് ജില്ലകള്‍ ഒരു കനല്‍ത്തരി പോലുമില്ലാതെ ഇടതുപക്ഷം സമ്പൂര്‍ണമായും തോറ്റു. മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളാണ് യുഡിഎഫിന് സ്വീപ്പിങ് വിജയം സമ്മാനിച്ചത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫിന് 35 സീറ്റില്‍ ഒതുങ്ങേണ്ടിവന്നു. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ഇത്തവണ ലഭിച്ചു. കോണ്‍ഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ ബിജെപിയും വിജയിച്ചു.

English Summary: The reported move to position K. N. Balagopal as Opposition Leader signals a potential generational and strategic shift within the LDF following its electoral setback in Kerala. Indications that Pinarayi Vijayan may step back from active leadership—citing health and political accountability—reflect internal pressure to recalibrate after a historically poor performance. The scale of the defeat, including multiple ministerial losses and erosion in traditional strongholds, points to deeper structural challenges within the Left’s organizational base. How the party navigates leadership transition, factional balance, and voter reconnect will be crucial in determining whether it can rebuild as an effective opposition and stage a credible comeback.