കേരളം കടുത്ത വേനലിലൂടെ കടന്നുപോകുമ്പോൾ റെക്കോർഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. എന്നാൽ ഈ ചൂടിൽ നിന്നും രക്ഷനേടാൻ നാം ഉപയോഗിക്കുന്ന എസിയും കൂളറുകളും അടുത്ത മാസത്തെ ബില്ലിൽ വലിയൊരു തുക 'ഷോക്ക്' ആയി നൽകിയേക്കാം. വെറുമൊരു വർധനവല്ല, നിങ്ങളുടെ ബില്ലിങ് രീതി തന്നെ എന്നെന്നേക്കുമായി മാറിപ്പോയേക്കാവുന്ന മാറ്റങ്ങളാണ് വരാനിരിക്കുന്നത്.
കത്തുന്ന വേനലിനൊപ്പം സാധാരണക്കാരന്റെ കുടുംബ ബജറ്റിന് തീപിടിപ്പിക്കുന്ന തരത്തിൽ വൈദ്യുതി ബില്ലും ഉയരാൻ പോകുകയാണ്. കേരളത്തിൽ റെക്കോർഡ് വേഗത്തിലാണ് ഊർജ്ജ ഉപഭോഗം വർധിക്കുന്നത്. ഈ സാഹചര്യത്തിൽ, ബോധപൂർവമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ നമ്മുടെ പോക്കറ്റ് ചോരുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലെ സാഹചര്യവും ഉപഭോക്താക്കൾ നേരിടാൻ പോകുന്ന വെല്ലുവിളികളും പരിശോധിക്കാം.
സമയക്രമം പാലിച്ചില്ലെങ്കിൽ പണികിട്ടും
വൈകിട്ട് ആറ് മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് വൈദ്യുതിക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്. ഈ 'പീക്ക് അവറിൽ' ഉപയോഗിക്കുന്ന യൂണിറ്റുകൾക്ക് സാധാരണ നിരക്കിന്റെ 25 ശതമാനം അധികം തുക നൽകേണ്ടി വരും. അതായത്, അലക്ഷ്യമായി ഈ സമയത്ത് എസിയോ ഇസ്തിരിപ്പെട്ടിയോ ഉപയോഗിച്ചാൽ ബില്ലിൽ വലിയൊരു തുക അധികമായി വരും. നേരെമറിച്ച്, പകൽ സമയങ്ങളിൽ (രാവിലെ 6 മുതൽ വൈകിട്ട് 6 വരെ) നിരക്കിൽ 10 ശതമാനം ഇളവുണ്ട്. ഈ വ്യത്യാസം തിരിച്ചറിഞ്ഞ് വീട്ടിലെ കാര്യങ്ങൾ ക്രമീകരിക്കുകയാണ് പോക്കറ്റ് കാക്കാനുള്ള ഏക വഴി.
ടിഒഡി എന്ന കുടുക്ക്
നമ്മുടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് 'ടൈം ഓഫ് ഡേ' (TOD) എന്ന പുതിയ ബില്ലിങ് രീതിയാണ്. നിലവിൽ സാധാരണ സ്ലാബ് അടിസ്ഥാനത്തിൽ പണം നൽകുന്നവർ, ചൂട് കൂടുമ്പോൾ എസിയും ഫാനും അമിതമായി ഉപയോഗിക്കുന്നത് മൂലം പ്രതിമാസം ശരാശരി 250 യൂണിറ്റിന് മുകളിൽ എത്തിയേക്കാം. ഇങ്ങനെ തുടർച്ചയായി ആറ് മാസം (മൂന്ന് ബില്ലുകൾ) ഉയർന്ന ഉപയോഗം വന്നാൽ, നിങ്ങളുടെ കണക്ഷൻ തനിയെ ടിഒഡി ബില്ലിംഗിലേക്ക് മാറ്റപ്പെടും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, ഒരിക്കൽ ടിഒഡി രീതിയിലേക്ക് മാറിയാൽ പിന്നീട് ഉപഭോഗം കുറച്ചാലും പഴയ സ്ലാബ് രീതിയിലേക്ക് തിരിച്ചുപോകാൻ നിയമപരമായി കഴിയില്ല എന്നതാണ്. ഇത് ഭാവിയിൽ എപ്പോഴും ഉയർന്ന നിരക്ക് നൽകേണ്ടി വരുന്ന സാഹചര്യമുണ്ടാക്കും.
സോളാർ ഉപഭോക്താക്കൾ അറിയാൻ
വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചവർക്കും വരും മാസങ്ങളിൽ തിരിച്ചടി ഉണ്ടായേക്കാം. മാർച്ച് 31-ഓടെ മുൻ വർഷത്തെ അധിക വൈദ്യുതിയുടെ കണക്കുകൾ അവസാനിപ്പിച്ചതിനാൽ , ഏപ്രിൽ മുതൽ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതി മാത്രമേ ഇത്തവണ പരിഗണിക്കൂ. കടുത്ത ചൂടിൽ ഉത്പാദനം കൂടുന്നുണ്ടെങ്കിലും വീട്ടിലെ എസി ഉപയോഗം അതിനേക്കാൾ ഉയർന്നാൽ ഇവർക്കും കെഎസ്ഇബിക്ക് പണം നൽകേണ്ടി വരും.
പ്രായോഗികമായ ചില മാറ്റങ്ങൾ
രാത്രി 11 മണിക്ക് ശേഷം മാത്രം എസി ഓൺ ചെയ്യുന്നതും, മുറി തണുക്കുമ്പോൾ ഫാനിന്റെ സഹായം തേടുന്നതും വലിയ മാറ്റമുണ്ടാക്കും. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് അർദ്ധരാത്രിക്ക് ശേഷമോ അല്ലെങ്കിൽ അതിരാവിലെയോ ആകുന്നത് ടിഒഡി നിരക്കിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. കഠിനമായ ഈ വേനൽക്കാലത്ത് വെറുതെ വൈദ്യുതി പാഴാക്കാതെ, സമയക്രമം പാലിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് വഴി വരാനിരിക്കുന്ന 'ബിൽ ഷോക്ക്' ഒഴിവാക്കാൻ നമുക്ക് സാധിക്കും.
English Summary: Surging electricity consumption during the intense summer heat risks pushing households into the Time of Day (ToD) billing category, a permanent transition triggered if monthly usage exceeds 250 units over three consecutive billing cycles. This shift eliminates the benefits of telescopic slab rates and imposes a 25% surcharge during peak hours (6 PM to 10 PM), significantly increasing the financial burden on common citizens. To avoid a massive "bill shock," consumers are advised to shift heavy usage to daytime hours and operate appliances like ACs and EV chargers late at night to take advantage of lower off-peak tariffs.