കൊച്ചി: നിയമസഭാ തെരെഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‍യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവച്ചെന്ന തരത്തിലെത്തിയ വാര്‍ത്തകളെ നിഷേധിച്ച് അലോഷ്യസ് സേവ്യര്‍. വാര്‍ത്തകള്‍ വ്യാജമാണെന്നും ഇന്നുവരെ പ്രവർത്തിച്ചത് വ്യക്തികേന്ദ്രീകൃതമായല്ല സംഘടനയ്ക്ക് വേണ്ടിയാണെന്നും അലോഷ്യസ് സേവ്യര്‍ സമൂഹ മാധ്യമ പോസ്റ്റില്‍ പ്രതികരിച്ചു.
KSU സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയിട്ടില്ല. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, സ്വന്തം കാര്യങ്ങൾക്കോ പേരിനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല. പ്രവർത്തിച്ചത് മുഴുവൻ സംഘടനക്ക് വേണ്ടിയായിരുന്നുവെന്നും ഇടുക്കിയുടെ മലയോര മേഖലയിൽ നിന്നും വരുന്ന വ്യക്തിയെന്ന നിലയ്ക്ക് ഓരോ നിമിഷവും പോരാട്ടങ്ങളുടേതായിരുന്നുവെന്നും അലോഷ്യസ് സേവ്യർ കുറിച്ചു.
കൂടാതെ ഓരോ വാക്കിലും നോക്കിലും പ്രവർത്തിയിലും ഉണ്ടായിരുന്നത് കെഎസ്‍യു വിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരുകയെന്നതുമായിരുന്നുവെന്നും ഇതൊക്കെയായിരുന്നു ജീവിതത്തിന്റെ ആഹാരം. വാർത്തകൾ അല്ല വസ്തുത. കെഎസ്‍യു തന്റെ ഹൃദയ തുടിപ്പും പാർട്ടി ജീവ ശ്വാസമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി പൂഞ്ഞാര്‍ സീറ്റുകളില്‍ അലോഷ്യസ് സേവ്യറിനെ കോൺഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പരിഗണനാ സീറ്റുകളിൽ നിന്നും ഒഴുവാക്കിയതില്‍ പ്രതിഷേധിച്ച് അലോഷ്യസ് സേവ്യര്‍ രാജി വെച്ചതായി വാർത്തകൾ വന്നിരുന്നു.
English Summary: KSU state president Aloshious Xavier denied reports claiming he resigned over not getting an election seat. He clarified that the news is false and reaffirmed his commitment to the organization and party’s growth.