Kerala

'നവകേരള പൂർത്തീകരണം പ്രഖ്യാപിച്ച് എൽഡിഎഫ്, ക്ഷേമപെൻഷനും സൗജന്യ യാത്രയ്ക്കും മുൻതൂക്കം നൽകി യുഡിഎഫ്'; പ്രകടനപത്രിക പുറത്തിറക്കി മുന്നണികൾ

നവകേരള പൂർത്തീകരണം ഉറപ്പാക്കുമെന്ന് എൽഡിഎഫ്, കേരളം ജയിക്കും യുഡിഎഫ് നയിക്കുമെന്ന് ഐക്യജനാധിപത്യ മുന്നണി

Madism Desk

കൊച്ചി: പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫും യുഡിഎഫും. നവകേരള പൂർത്തീകരണം ലക്ഷ്യമാക്കിയാണ് എൽഡിഎഫ് ഇത്തവണ ജനവിധി തേടാനിറങ്ങുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിക്ക് തുടർച്ചയുണ്ടാക്കാനുള്ള സമ​ഗ്ര പദ്ധതികൾ പ്രകടന പത്രികയിലുണ്ട്. 60 ഇന കർമ്മ പരിപാടിയും 950 നിർദേശങ്ങളും ഇതിലുൾപ്പെടും. കോഴിക്കോട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ.' എന്നാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം

മറുവശത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും തുടങ്ങിയ വാ​ഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്നാണ് തിരഞ്ഞെടുപ്പ് മുദ്രാവാക്യം

എല്‍ഡിഎഫ് പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കുന്നു

60 ഇന കർമ്മ പരിപാടികളും വാ​ഗ്ദാനങ്ങളും മുൻനിർത്തിയാണ് എൽഡിഎഫ് പ്രകടന പത്രിക. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും, ആശമാരുടെ ഓണറേറിയം വർ‌ധിപ്പിക്കും, കേരളത്തിൽ‌ പഠിച്ചാൽ ജോലി ഉറപ്പ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങൾ പ്രതിരോധിക്കും, 5 ലക്ഷം കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റും, 60,000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലേസ്മെന്റ്, കിടപ്പുരോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ, വ്യവസായ ടൗൺഷിപ്പ് പുതിയ അതോറിറ്റി, കേവല ദാരിദ്ര്യം നിർമാർ‌ജനം, നൈപുണ്യ സർവകലാശാല, അതിവേഗ തെക്കുവടക്ക് റെയിൽപാതയ്ക്ക് വേണ്ടി പരിശ്രമങ്ങൾ തുടരും, കെഎസ്ആർടിസി പ്രവർത്തനം ലാഭത്തിലാക്കും, മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കാൻ നടപടി തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.

അതിദാരിദ്ര്യ നിർമാർജനം, സാമൂഹ്യ സുരക്ഷ, ദുരന്ത നിവാരണവും പുനരധിവാസവും പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഹരിത കേരളം, സദ്‌ഭരണം, വികേന്ദ്രീകരണം, സ്‌ത്രീ തുല്യത, പശ്ചാത്തല മേഖലയിലെ വളർച്ച, ഉന്നത വിദ്യാഭ്യാസ പുന:സംഘടനം, വ്യവസായ സ‍ൗഹൃദം, ഐടി, ടൂറിസം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷക്കാലത്തെ പിണറായി വിജയൻ സർക്കാർ കൈവരിച്ച നേട്ടങ്ങളും പ്രകടന പത്രികയിൽ വിവരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് കേരളം നേരിട്ട അവ​ഗണകളും, പ്രതിരോധവും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LDF manifesto Part 1.pdf
Preview
LDF manifesto Part 2.pdf
Preview
യുഡിഎഫ് പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിക്കുന്നു

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5 ലക്ഷം, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, സംസ്ഥാനത്തു ഉടനീളം ഇന്ദിര കാന്റീന്‍, റബര്‍ താങ്ങുവില 300 രൂപയാക്കും, ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയര്‍ത്തും, സ്ത്രീകള്‍ക്ക് തുല്യവേതനം, പബ്ലിക് ഹെൽത്ത് കേഡർ സമ്പൂർണമായി നടപ്പാക്കും, പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയിൽ നോ ബിൽ (ബിൽ രഹിത) ആശുപത്രികൾ, കേരളത്തിൽ മൊബൈൽ കീമോതെറപ്പി യൂണിറ്റുകൾ, നിർധനരായ കുടുംബത്തിലെ സ്ത്രീകൾക്ക് മാമ്മോഗ്രാം സൗജന്യമാക്കും തുടങ്ങിയ വാ​ഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ പ്രധാനപ്പെട്ടത്. വാ​ഗ്ദാനങ്ങൾ പാലിക്കപ്പെട്ടോയെന്ന് പരിശോധിക്കാനായി പ്രത്യേക എംപവറിങ് കമ്മറ്റി രൂപീകരിക്കുമെന്നും പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: In Kerala, both Left Democratic Front and United Democratic Front released their manifestos. Pinarayi Vijayan highlighted development continuity, while UDF promised welfare schemes like free travel and pension hikes.