Kerala

ലീഗ് സതീശന് നല്‍കിയ പിന്തുണയില്‍ കെ.സി, ആർ.സി വിഭാഗത്തിന് കടുത്ത അതൃപ്തി; ഡല്‍ഹിയില്‍ സിനിമയെ വെല്ലുന്ന നാടകം

കെ.സി വേണുഗോപാല്‍ നേരിട്ട് മുഖ്യമന്ത്രി കസേരയ്ക്കായി ശ്രമിക്കില്ലെങ്കിലും വി.ഡി പക്ഷത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും

Political Desk

എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് മുറുകുന്നു. ആര്‍.സി, കെ.സി, വി.ഡി പക്ഷങ്ങളാണ് പോരില്‍ മുന്‍പന്തിയിലുള്ളത്. മുസ്ലിം ലീഗ് വി.ഡി സതീശന് പച്ചക്കൊടി കാണിച്ചതില്‍ ആര്‍.സി, കെ.സി പക്ഷത്തിന് കടുത്ത വിയോജിപ്പുണ്ട്. കെ.സി പക്ഷം നേരിട്ട് കളത്തിലിറങ്ങാതെ വി.ഡി സതീശനെ വെട്ടാനുള്ള കരുക്കള്‍ നീക്കുമെന്ന പ്രതീക്ഷയാണ് ആര്‍.സി പക്ഷത്തിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കെ.സി പക്ഷം ഇതുവരെ പരസ്യ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എഐസിസിയുടെ നിർണായക ചുമതല വഹിക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള കെ.സി വേണുഗോപാലിന്റെ വരവിന് പച്ചക്കൊടി വീശേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അതുണ്ടാവില്ലെന്ന പ്രതീക്ഷയാണ് ആര്‍.സി പക്ഷത്തിന് ആശ്വാസം നല്‍കുന്നത്. എന്നാല്‍ ഔദ്യോഗികമായി മുഖ്യമന്ത്രി കസേരയ്ക് ശ്രമിക്കില്ലെന്ന പ്രഖ്യാപിക്കാത്ത കെ.സിയുടെ നിലപാടില്‍ മറ്റു ഗ്രൂപ്പുകള്‍ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.

കെ.സി വേണുഗോപാല്‍ നേരിട്ട് മുഖ്യമന്ത്രി കസേരയ്ക്കായി ശ്രമിച്ചില്ലെങ്കിലും വി.ഡി പക്ഷത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് നിലവിലെ സൂചനകള്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.സിക്കും ആര്‍.സിക്കും ലഭിച്ച മുന്‍ഗണനയില്‍ നേരത്തെ തന്നെ അതൃപ്തിയുള്ള വി.ഡി പക്ഷം സൈബറിടം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ ശക്തമാക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സൈബര്‍ യുദ്ധത്തില്‍ സതീശന് മേല്‍കൈ ലഭിച്ചുവെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ മേല്‍കൈ തകര്‍ക്കുക ആര്‍.സി, കെസി വിഭാഗത്തിന് എളുപ്പമായിരിക്കില്ല.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

ആക്സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നത്. പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍, സിഎന്‍എന്‍ വോട്ട് വൈബ് 70-80, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് സുപ്രധാന പ്രവചനങ്ങള്‍

ലീഗിന്റെ പച്ചക്കൊടി സതീശന്

യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. വി.ഡി. സതീശന് ലഭിക്കുന്ന പിന്തുണ ജനവികാരമാണെന്നായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ജനവികാരം പരിഗണിച്ചാകും യുഡിഎഫ് അന്തിമ തീരുമാനമെടുക്കുകയെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ജനങ്ങളുടെ ആഗ്രഹം മാനിക്കുമെന്നും തങ്ങള്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡിനെ മുന്‍കൂട്ടി പാണക്കാട്ടെ നിലപാട് അറിയിക്കാനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് പുതിയ പ്രസ്താവനയെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ലീഗിന്റെ പരസ്യ പ്രസ്താവനയില്‍ കെ.സി, ആര്‍.സി വിഭാഗങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

English Summary: Indian Union Muslim League backing V. D. Satheesan has intensified the chief ministerial battle within the Indian National Congress. Rival factions led by K. C. Venugopal and Ramesh Chennithala are reportedly unhappy, turning the internal power struggle into a high-stakes political drama following exit poll trends.