അനിൽ അയിരൂരിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബിഗ് ടിവി എന്ന പുത്തൻ ന്യൂസ് ചാനലിന്റെ ലോഞ്ച് കൊച്ചിയിൽ വെച്ച് നടന്നു. മാധ്യമ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട്, മലയാളത്തിലെ ആദ്യ വനിത ചീഫ് എഡിറ്ററായി സുജയ പാർവതി അധികാരമേറ്റു. സുജയയുടെ ഈ നേട്ടം എല്ലാ വനിതകൾക്കും പ്രചോദനമാകട്ടെ എന്ന് ചാനലിന്റെ മാനേജിങ് ഡയറക്ടർ അനിൽ അയിരൂർ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനാണ് ബിഗ് ടിവിയുടെ ന്യൂസ് ഡയറക്ടറായി ചുമതലയേറ്റത്. മാധ്യമപ്രവർത്തനത്തിലെ ഏക മേലധികാരി വാർത്തയാണെന്ന് വേണു ബാലകൃഷ്ണൻ സദസ്സിനോട് പറഞ്ഞു.
തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു സുജയ പാർവതിയുടെ മറുപടി. ഏഷ്യാനെറ്റ് ന്യൂസിൽ വാർത്താവായനക്കാരിയായി കരിയർ ആരംഭിച്ച തന്നെ ഒരു സമ്പൂർണ മാധ്യമപ്രവർത്തകയാക്കി വളർത്തിയതിൽ അനിൽ അയിരൂരിന്റെ പങ്ക് നിർണായകമാണെന്നും, അദ്ദേഹമാണ് തന്റെ ഗുരുവും വഴികാട്ടിയെന്നും സുജയ പറഞ്ഞു. “ബിഗ് ടിവിക്ക് മുൻപും ശേഷവും എന്ന രീതിയിൽ മലയാളം വാർത്താ ചാനലുകൾ അടയാളപ്പെടുത്തണം എന്നാണ് എന്റെ ആഗ്രഹം. അതുതന്നെയാണ് ബിഗ് ടിവിയുടെ ബിഗ് വിഷൻ,” എന്ന് സുജയ പറഞ്ഞവസാനിപ്പിച്ചു.
എന്തിനാണ് മറ്റൊരു വാർത്താ ചാനൽ എന്ന ചോദ്യം പതിവാണെങ്കിലും, നിലവിലുള്ള ദൃശ്യമാധ്യമങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസക്കുറവും തൃപ്തിക്കുറവുമാണ് അതിന്റെ ഉത്തരമെന്നും, ഉള്ളടക്കത്തിന്റെ ആഴവും അവതരണത്തിന്റെ ഊർജവും ഒരുപോലെ ലഭിക്കുന്ന സ്ക്രീനായിരിക്കും ബിഗ് ടിവിയുടേതെന്ന് വേണു ബാലകൃഷ്ണനും ഉറപ്പ് നൽകി. മാധ്യമ രംഗത്തെ ഏറ്റവും മുതിർന്ന വ്യക്തികളിലൊരാൾ എന്ന നിലയിൽ, വേണു ബാലകൃഷ്ണന്റെ കാഴ്ചപ്പാടുകളും, ആശയങ്ങളും, സുജയയെയും മറ്റ് മാധ്യമപ്രവർത്തകരെയും ശക്തമായി മുന്നോട്ട് നയിക്കാൻ സഹായിക്കുമെന്ന് അനിൽ അയിരൂരും കൂട്ടിച്ചേർത്തു.
എക്സിക്യൂടീവ് എഡിറ്റർമാരായി ജോഷി കുര്യനും, എസ്. വിജയകുമാറുമാണ് ചുമതലയേറ്റത്. സാധാരണയായി ന്യൂസ് ഡെസ്ക്കിൽ പ്രവർത്തിക്കുന്നവരാണ് എഡിറ്റോറിയൽ പദവികളിലെത്താറുള്ളതെങ്കിലും, ഇരുപത് വർഷത്തോളം ഫീൽഡിൽ പ്രവർത്തിച്ച ഒരു റിപ്പോർട്ടർ എക്സിക്യൂടീവ് എഡിറ്റർ സ്ഥാനത്തെത്തുന്നത് അപൂർവമാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ജോഷി കുര്യൻ പറഞ്ഞു. മാത്രമല്ല, ഏതൊരു ടെലിവിഷൻ ചാനലിന്റെയും സൂപ്പർ താരങ്ങൾ അവരുടെ റിപ്പോർട്ടർമാരാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, എഡിറ്റോറിയൽ ടീമിന്റെ കരുത്ത് എന്താണെന്ന് ബിഗ് ടിവി തെളിയിക്കുമെന്നും, ഇത് ആരുടേയും പി.ആർ. ഡിപ്പാർട്ട്മെന്റായിരിക്കില്ലെന്നും എസ്. വിജയകുമാർ വ്യക്തമാക്കി.
സിനിയർ കോർഡിനേറ്റർ സ്ഥാനത്തേക്ക് അപർണ കുറുപ്പും, കോർഡിനേറ്റിങ് എഡിറ്റർ സ്ഥാനത്തേക്ക് ലക്ഷ്മി പദ്മയും ചുമതലയേറ്റതോടെ ബിഗ് ടിവിയുടെ എഡിറ്റോറിയൽ ടീം പൂർത്തിയായി. ‘ടെലിവിഷൻ രംഗത്തെ രാജമൗലിയാണ് അനിൽ അയിരൂർ’ എന്ന ലക്ഷ്മി പദ്മയുടെ പരാമർശത്തിന് സദസ്സിൽ നിന്ന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. സതീഷ്, അശോക്, സുമതി, ഗണേഷ്, സുബി, രോഹിത്ത് എന്നിവർ അടങ്ങുന്ന ബിഗ് ടിവിയുടെ തെലുങ്ക് ടീമിനെയും അനിൽ അയിരൂർ ചടങ്ങിൽ ആദരിച്ചു. ചാനൽ ഉടൻ സംപ്രേഷണം ആരംഭിക്കുമെന്നാണ് സൂചന.
English Summary: Big TV has created a new chapter in Malayalam news history by appointing Sujaya Parvathy as its Chief Editor, marking the first time a woman has held this position in the industry