Kerala

ചെക്ക് കേസ്; മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ, 5.30 കോടി പിഴയും നൽകണം

2015 മുതൽ നടക്കുന്ന നിയമനടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ വിധി

Madism Desk

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ യുഡിഎഫ് എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവ് ശിക്ഷ. മുംബൈയിലെ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. നാല് കേസുകളിലാണ് മാണി സി കാപ്പനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തടവ് ശിക്ഷയ്ക്ക് പുറമെ 5.3 കോടി രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് മുംബൈയിലെ മലയാളി വ്യവസായിയായ ദിനേഷ് മേനോനിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലുൾപ്പെടെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി.

2015 മുതൽ നടക്കുന്ന നിയമനടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ വിധി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലടക്കം ഈ വിഷയത്തിൽ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് കേസ് ഹൈക്കോടതിയിൽ എത്തിയതോടെ തുടർനടപടികൾ വൈകിയിരുന്നു. ഇതോടെയാണ് വ്യവസായി ബോറിവലി കോടതിയെ സമീപിച്ചത്.

അതേസമയം, ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷ ഒരു വർഷമായതിനാൽ മാണി സി കാപ്പന് നിലവിൽ എംഎൽഎ സ്ഥാനത്തിന് അയോ​ഗ്യത വരില്ല. എന്നാൽ യുഡിഎഫിൽ കാബിനറ്റ് പദവിയിലേക്ക് അടക്കം അദ്ദേഹം പരി​ഗണിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ കോടതി വിധി വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

സംഭവത്തിൽ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും ഇതിനെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

A Mumbai magistrate court has sentenced Kerala UDF MLA Mani C Kappan to one year in prison and imposed a fine of Rs 5 crore in a cheque bounce case. The case was filed by a Mumbai-based Malayali businessman alleging financial fraud involving Kannur airport shares. Kappan will not be disqualified as an MLA due to the one-year sentence limit, and he plans to appeal the verdict.